കോട്ടൺഹിൽ സ്കൂളിൽ ‘ബഷീറിന്റെ മൊഞ്ചത്തികൾ’
Mail This Article
തിരുവനന്തപുരം∙ ബേപ്പൂർ സുൽത്താന്റെ പ്രിയ സ്ത്രീ കഥാപാത്രങ്ങൾ സ്രഷ്ടാവിനെ തേടിയെത്തുന്നു. കോട്ടൺഹിൽ സ്കൂൾ മലയാളം ക്ലബ് അവതരിപ്പിക്കുന്ന ‘ബഷീറിന്റെ മൊഞ്ചത്തികൾ’ എന്ന നാടകം ഓഗസ്റ്റ് 7ന് അരങ്ങിലെത്തും. സ്കൂൾ ഓഡിറ്റോറിയമാണ് ആദ്യ വേദി.
പുതിയ കാലത്തിനുവേണ്ട അറിവും ആത്മവിശ്വാസവും സ്വയം പര്യാപ്തതയും ആർജിച്ചവരാണ് കുഞ്ഞിപ്പാത്തുവും സൈനബയും സുഹറയും പാത്തുമ്മയുമെല്ലാം. സ്ത്രീ സ്വാതന്ത്ര്യം സ്വപ്നം കാണുന്ന നാരായണിയും ഭാർഗവിക്കുട്ടിയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്ന ആയിഷയും ലിംഗനീതിയ്ക്കായി ശബ്ദിക്കുന്ന സാറാമ്മയും ബഷീറിനൊപ്പം അരങ്ങിലെത്തുന്നു. അന്ധവിശ്വാസങ്ങളുടെ ഇരുട്ടിൽ നിന്ന് തിരിച്ചറിവിന്റെ പുതുവെളിച്ചത്തിലേക്ക് കുഞ്ഞുത്താച്ചുമ്മയടക്കമുള്ള പഴയ തലമുറയെ ബഷീർ നയിക്കുന്നു. ഇതാണ് നാടകത്തിന്റെ പ്രമേയം.
വിദ്യാർഥികളായ അനുഷ, കല്യാണി, അനശ്വര, മൊഴി, അനുഗ്രഹ, ഭാമ ഭാരതി, നീലാംബരി, ഉമ, അമേയ, ദിയ എന്നിവരാണ് അരങ്ങിൽ. സ്കൂളിലെ അവതരണത്തിനുശേഷം ഓഗസ്റ്റിൽ മാനവീയം വീഥിയിലും മലയാളം പള്ളിക്കൂടത്തിലും അവതരണമുണ്ടാകും. റേഡിയോ നാടകമായും പ്രക്ഷേപണം ചെയ്യും.