ADVERTISEMENT

തിരുവനന്തപുരം ∙ മൃഗശാലയിലെ സിംഹക്കൂട്ടിൽ ഇപ്പോൾ ഗ്രേസിയും ദമ്പതികളായ ലിയോയും നൈലയും മാത്രം. സിംഹരാജനായി ലിയോ മാത്രം.  ഒരു വയസ്സിനു മൂത്ത ഗ്രേസിയാണ് സീനിയർ. 167 വർഷത്തെ പഴക്കമുള്ള തിരുവനന്തപുരം മൃഗശാലയിൽ ഗുജറാത്തിൽ നിന്നടക്കം സിംഹങ്ങളെ എത്തിച്ച് പല കൂടുകളിലായി താമസിപ്പിച്ചിരുന്നു. പിന്നീട് വനം വച്ചു പിടിപ്പിച്ച തുറന്ന സ്ഥലത്തേക്ക് ഇവയെ മാറ്റി. ആന്ധ്ര തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നുള്ള 2 സിംഹങ്ങളെ കഴിഞ്ഞ ജൂണിൽ ഇവിടെ എത്തിച്ചു. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ഇവയ്ക്ക് ലിയോയെന്നും നൈലയെന്നും പേരിട്ടു. 

ഓരോ ജോഡി ഹിപ്പോകളെ തിരുപ്പതി പാർക്കിനു കൈമാറിയാണ് സിംഹങ്ങളെ ഇവിടെയെത്തിച്ചത്. ലിയോ–നൈല ദമ്പതികൾക്ക് രണ്ടു തവണ കുഞ്ഞുങ്ങൾ പിറന്നെങ്കിലും അവ ചത്തു. ഗ്രേസിക്ക് ഇപ്പോൾ 9 വയസ്സുണ്ട്. ലിയോക്കും, നൈലയ്ക്കും എട്ടു വയസ്സു പ്രായം. ആയുഷ്–ഐശ്വര്യ ദമ്പതികളുടെ മകളാണ് സിംഹക്കൂട്ടിലെ മുതിർന്ന അമ്മയായ ഗ്രേസി. 20 വയസ്സു പ്രായമുള്ള ആയുഷ് പ്രായാധിക്യത്തെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ചത്തു. കാൻസർ ബാധിച്ചായിരുന്നു ഐശ്വര്യയുടെ മരണം. 2018 ൽ സിംഹക്കൂട്ടിൽ കയറിയ മനോദൗർബല്യമുളള വ്യക്തിയെ മൃഗശാല ജീവനക്കാർ അതിസാഹസികമായി രക്ഷപ്പെടുത്തി. ആരോഗ്യം മോശമായിരുന്ന ഗ്രേസിയുടെ മുന്നിലേക്കാണ് ഇയാൾ ചാടിയത്.

ഗർജനങ്ങൾ നിലച്ച് നെയ്യാർ ലയൺ പാർക്ക്  
1984ൽ നാലു സിംഹങ്ങളുമായി നെയ്യാർഡാം മരക്കുന്നത്തെ ദ്വീപിൽ ആരംഭിച്ച നെയ്യാർ ലയൺ സഫാരി പാർക്കിൽ, ഒരിക്കൽ 16 സിംഹങ്ങൾ വരെയുണ്ടായിരുന്നു. 10 ഏക്കർ വിസ്തൃതിയുള്ള പാർക്ക് സന്ദർശിക്കാൻ ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തിയത്. സിംഹങ്ങൾ പെറ്റു പെരുകിയതോടെ വന്ധ്യംകരണ നടപടികൾ ആരംഭിച്ചു. പിന്നീട് സിംഹങ്ങൾ ഒന്നൊന്നായി ചത്തൊടുങ്ങി. പെൺസിംഹം ബിന്ദു മാത്രം അവശേഷിച്ചു.

പാർക്ക് പൂട്ടുമെന്ന സ്ഥിതിയായപ്പോൾ ഗുജറാത്തിലെ സക്കർബാഗ് മൃഗശാലയിൽ നിന്ന് ഏഷ്യൻ ഇനത്തിൽപ്പെട്ട 2 സിംഹങ്ങളെ തലസ്ഥാനത്ത് എത്തിച്ചു.  തിരുവനന്തപുരം മൃഗശാലയിൽ നിരീക്ഷണത്തിനിടെ പെൺസിംഹം രാധ ചത്തു. ആൺ സിംഹം നാഗരാജിനെ സഫാരി പാർക്കിലേക്ക് മാറ്റിയെങ്കിലും അതും ചത്തു. ബിന്ദു മാത്രം അവശഷിച്ചു. 2020ലെ ഓണക്കാലത്ത് പാർക്ക് തുറന്നു, ഇതിനിടെ ലക്ഷങ്ങൾ ചെലവിട്ട് പാർക്കും നവീകരിച്ചു. ലയൺ സഫാരി പാർക്കിൽ മറ്റ് മൃഗങ്ങളെ പാർപ്പിക്കാൻ പാടില്ലെന്ന നിർദേശം നിലനിൽക്കെ രോഗം ബാധിച്ച പുലിയെ ഇവിടെ പാർപ്പിച്ചു. 2021 മേയിൽ ബിന്ദുവും ചത്തതോടെ പാർക്കിൽ സിംഹഗർജനം നിലച്ചു. സഫാരി പാർക്കിൽ ജനിച്ചു വളർന്ന ബിന്ദു ഇരുപതാം വയസ്സിലാണ് ചത്തത്.

സിംഹ ‘ഡയറ്റ്’–7 കിലോ ബീഫും 15 ലീറ്റർ വെള്ളവും
ഏഴു കിലോ ബീഫാണ് ഒരു ദിവസം മൃഗശാലയിലെ ഓരോ സിംഹത്തിനും നൽകുന്നത്. ചില ദിവസങ്ങളിൽ അഞ്ചര–ആറേകാൽ കിലോ ചിക്കൻ വീതവും നൽകും. പ്രതിദിനം 15 ലീറ്റർ വെള്ളവും ഓരോ സിംഹവും കുടിക്കും. 17 വയസ്സു വരെയാണ് സിംഹങ്ങളുടെ സാധാരണ ആയുസ്സ്. ചിലപ്പോൾ ഇവ 20–22 വയസ്സു വരെ ജീവിച്ചിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com