ADVERTISEMENT

തിരുവനന്തപുരം∙ ഗുണ്ടാനേതാവ് പന്തലക്കോട് സ്വദേശി ജോയിയെ വാഹനം തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 5 പേർ അറസ്റ്റിൽ. വട്ടപ്പാറ പന്തലക്കോട് കുറ്റിയാണി മുംതാസ് മൻസിലിൽ എ.ഷജീർ(39), വട്ടപ്പാറ കുറ്റിയാണി ലക്ഷംവീട്ടിൽ വി.എം.രാകേഷ്(36), വള്ളക്കടവ് പുതുവൽ പുത്തൻവീട്ടിൽ നന്ദുലാൽ(30), നേമം എസ്റ്റേറ്റ് വാർഡിൽ കെ.വിനോദ്(അട്ടപ്പട്ടു വിനോദ്–38), മണക്കാട് ശ്രീവരാഹം അടിയിക്കതറ പുത്തൻവീട്ടിൽ ഉണ്ണികൃഷ്ണൻ നായർ (42) എന്നിവരെയാണ് സിറ്റി ഷാഡോ സംഘത്തിന്റെ സഹായത്തോടെ ശ്രീകാര്യം പൊലീസ് പിടികൂടിയത്.

ജോയിലെ കൊലപ്പെടുത്താൻ ഷജീറാണ് ക്വട്ടേഷൻ നൽകിയെന്ന് പൊലീസ് പറഞ്ഞു. ഷജീർ, രാകേഷ്, ഉണ്ണി എന്നിവരെ കന്യാകുമാരിയിൽ നിന്നും വിനോദിനെ പൂഴിക്കുന്നിൽ നിന്നും നന്ദുലാലിനെ മുട്ടത്തറയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഷജീറിന്റെ ബന്ധുവും കേസിലെ പ്രതിയുമായ കരിമഠം സ്വദേശി അൻവർ ഒളിവിലാണ്. പ്രതികൾ ആക്രമണത്തിന് എത്തിയ കാർ ബാലരാമപുരം ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കാറിനുള്ളിൽ നിന്ന് കണ്ടെടുത്തു. കാറിലെ രക്തക്കറ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. 

പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ശനിയാഴ്ച പൊലീസ് പിടികൂടിയ കുറ്റിയാണി സ്വദേശികളായ എം.ജി.അരുൺ, യു.എസ്.അരുൺ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവർക്ക് കേസിൽ ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ  റിമാൻഡ് ചെയ്തു. അസി.കമ്മിഷണർ ടി.കെ.മുരളി, ശ്രീകാര്യം എസ്എച്ച്ഒ വി.കെ.ശ്രീജേഷ്, മെഡിക്കൽകോളജ് എസ്എച്ച്ഒ ബി.എം.ഷാഫി, തുമ്പ എസ്എച്ച്ഒ ആർ.ബിനു, കഴക്കൂട്ടം എസ്എച്ച്ഒ വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വെട്ടുകത്തി ജോയി പ്രതിയായ പ്രധാന കേസുകൾ : 
∙2006 ൽ വട്ടപ്പാറ സ്വദേശി അശോകനെ സംഘം ചേർന്ന് കൊലപ്പെടുത്തി കേസിൽ പിടിയിലായി. (പിന്നീട് സാക്ഷികൾ കൂറുമാറിയതിനെ തുടർന്നു കോടതി വെറുതെവിട്ടു) 
∙2022ൽ വട്ടപ്പാറ മേലെഒഴുകുപാറ സ്വദേശി സന്തോഷിനെ ഓട്ടോറിക്ഷ തടഞ്ഞു നിർത്തി വെട്ടിക്കൊല്ലാൻ ശ്രമിച്ചു  
∙2021നവംബറിൽ ചുള്ളിമാനൂർ സ്വദേശി മഹേഷിനെ ജോലിസ്ഥലത്തു വച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു.
∙2008ൽ കഴുനാട് സ്വദേശി അനിൽകുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. 
∙2023 ജനുവരി 23ന് പോത്തൻകോട് പ്ലാമൂടിനു സമീപം കുറ്റിയാണി സ്വദേശി ഷജീറിനെ വെട്ടിപരുക്കേൽപിച്ചു
∙2023 ജൂലൈ 3ന് ജോയിക്കെതിരെ കാപ്പ ചുമത്തി ജില്ലയിലെ പ്രവേശനം തടഞ്ഞ് നാടുകടത്തി
∙2024 ജൂലൈ 21ന് ഷജീറിനെ വീടുകയറി ആക്രമിച്ചു.

ശരീരത്തിൽ 23 വെട്ടുകൾ
തിരുവനന്തപുരം ∙ കൊല്ലപ്പെട്ട ഗുണ്ട ജോയിയുടെ ശരീരത്തിൽ 23 വെട്ടുകളുണ്ടായിരുന്നുവെന്നും ഇവയെല്ലാം മാരകമായിരുന്നുവെന്നും പൊലീസ്. 
ജോയിയുടെ ആക്രമണത്തിന് ഇരയായവരാണ് കേസിലെ പ്രതികൾ. 

കുടിപ്പകയുടെ നാൾവഴികൾ
∙2021 ഡിസംബർ: ടിപ്പർ ഡ്രൈവർമാരായിരുന്ന പന്തലക്കോട് കുറ്റിയാണി ജോളിഭവനിൽ വെട്ടുകത്തി ജോയി എന്ന ജോയി(38)യും കുറ്റിയാണി മുംതാംസ് മൻസിലിൽ എ. ഷജീറും മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക തർക്കത്തെ തുടർന്നു തെറ്റി. സംഘത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരും ഷജീറിനൊപ്പം ചേർന്നു.  ഒറ്റപ്പെടതോടെ ജോയിക്ക് ഷജീറിനോട് വൈരാഗ്യമായി. 
∙2022.:   ഫർണിച്ചർ കടയിലെ ജീവനക്കാരനെ ഞാണ്ടൂർക്കോണം പെരുമ്പാലത്തിനു സമീപത്തുവച്ച് ജോയിയും മറ്റു രണ്ടു പേരും ചേർന്ന് മർദിച്ചു. ജോയിയാണ് ആക്രമണം നടത്തിയതെന്ന് ഷജീർ പൊലീസിനെ അറിയിച്ചു.  കേസിൽ കുരുക്ക് മുറുക്കാനും ഷജീർ ഇടപെട്ടു. പൊലീസിൽ നിന്നു വിവരം ഈ ജോയിക്കു ചോർന്നു കിട്ടി. ഇതോടെ മണ്ണ് കടത്തിലെ തർക്കം കടുത്ത വ്യക്തി വൈരാഗ്യത്തിലേക്ക് വഴിമാറി.
∙2023 ജനുവരി 22:  രാത്രി 10.45ന് അയിരൂപ്പാറ പ്ലാമൂട് പെട്രോൾ പമ്പിനു സമീപത്തുവച്ചു ജോയിയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം ഷജീറിനെ വഴിയിൽ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു.
∙വട്ടപ്പാറ പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയ ജോയി 2024 മാർച്ചിൽ നാട്ടിൽ തിരിച്ചെത്തി
∙ജൂലൈ 22ന് ഷജീർ, അൻവർ എന്നിവരെ കുറ്റിയാനിയിൽ വീടുകയറി ആക്രമിച്ചു
∙ഓഗസ്റ്റ് 9 രാത്രി 8.25ന് പൗഡിക്കോണത്ത് വച്ച് ജോയിയെ ഷജീറു വേണ്ടി എത്തിയ സംഘം ക്രൂരമായി വെട്ടി പരുക്കേൽപിച്ചു.
∙ഓഗസ്റ്റ് 10 പുലർച്ചെ 2ന് മെഡിക്കൽകോളജ് ആശുപത്രിയിൽ ജോയി മരിച്ചു.

ജോയിയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്ന് ഷജീർ
തിരുവനന്തപുരം∙ ‘പൊലീസിനെ അവനു പേടിയില്ല. എത്ര തവണ കേസ് കൊടുത്തു. എന്നിട്ട് എന്ത് കാര്യം. അവൻ എന്നെ കൊല്ലുമെന്ന് പേടിച്ച് ചെയ്തതാണ്. അവൻ ചാകുമെന്ന് ഞങ്ങളാരും കരുതിയില്ല’ ജോയിയെ വെട്ടികൊലപ്പെടുത്തിയ കേസിൽ പിടിയിലായ കുറ്റിയാണി സ്വദേശി ഷജീർ പൊലീസ് ജീപ്പിൽ ഇരുന്നു ഉദ്യോഗസ്ഥരോട് പറഞ്ഞു.  ഷജീറിന്റെ കുറ്റസമ്മതത്തെ കുറിച്ച് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത് : 

പൊലീസ് കസ്റ്റഡിയിൽ എടുത്ത കാർ
പൊലീസ് കസ്റ്റഡിയിൽ എടുത്ത കാർ

ജൂലൈ 21ന് കുറ്റിയാനിയിലെ ഷജീറിന്റെ വീട്ടിൽ ജോയി അതിക്രമിച്ചു കയറി നടത്തിയ ആക്രമണമാണ് തിരിച്ചടിക്കാൻ  പ്രേരിപ്പിച്ചത്. സഹോദരിയുടെ മുൻപിലിട്ട് ജോയി തല്ലിയത് ഷജീറിന് കടുത്ത അപമാനമായി. ഒരു വെട്ടുകത്തി പണിതുവച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയാണ് ജോയ് അന്നു മടങ്ങിയത്. മുൻപ് പോത്തൻകോട് പ്ലാമൂട്ടിൽവച്ച് ജോയിയും സംഘവും ഷജീറിനെ വെട്ടിപരുക്കേൽപിച്ചിരുന്നു.  ജോയിആക്രമിക്കുമെന്നു ഭയന്നാണ് ഷജീറും സംഘവും തിരികെ ആക്രമിക്കാൻ പദ്ധതിയിട്ടത്. ഒറ്റയ്ക്ക് അതിനു കഴിയില്ലെന്ന് ഉറപ്പുള്ള ഷജീർ ആദ്യം ബന്ധു അൻവറിനെ ആണ് സമീപിച്ചത്.

പിന്നീട് ജോയിയുമായി കടുത്ത വൈരാഗ്യമുള്ള തന്റെ സുഹൃത്ത് രാകേഷിനെയും ഒപ്പം കൂട്ടി. ഇവർ മൂവരും ഒത്തുചേർന്നാണ് വിനോദ്. ഉണ്ണി, നന്ദുലാൽ എന്നിവരെ വിളിച്ചു വരുത്തിയത്. തലയിലും നെഞ്ചിലും വെട്ടരുതെന്നും നേരത്തെ പറഞ്ഞ് ഉറപ്പിച്ചാണ് കാറിൽ കയറിയത്. നിസാര പരുക്കോടെ ജോയി രക്ഷപ്പെട്ടാൽ, പ്രതികാരം ചെയ്യുമെന്ന് ഇവർ ഭയന്നിരുന്നു. ജോയിയെ എഴുന്നേറ്റ് നടക്കാത്തവിധം തളർത്തുകയായിരുന്നു ഉദ്ദേശം. ആക്രമണം കഴിഞ്ഞ് പിറ്റേന്നു പൊലീസിൽ കീഴടങ്ങാനായിരുന്നു പ്ലാൻ. എന്നാൽ ജോയി കൊല്ലപ്പെട്ടെന്ന് അറിഞ്ഞതോടെ ഒളിവിൽ പോകുകയായിരുന്നു.  

രാകേഷിനും ജോയിയോട് കടുത്ത പക
തിരുവനന്തപുരം∙ രാകേഷിനും ജോയിയോട് ഉണ്ടായിരുന്നതു കടുത്ത പക. 
ജോയി  ക്രൂരമായി ആക്രമിച്ചതാണു വൈരാഗ്യത്തിന് കാരണം. 2023 ജനുവരി 23ന് പോത്തൻകോട് വച്ചായിരുന്നു സംഭവം.  ജോയി‌യുടെ   മുട്ടിന്റെ ഭാഗത്തുവച്ച് കാലുകൾ വെട്ടിയെടുക്കുകയായിരുന്നു  ലക്ഷ്യം. 
ആഴത്തിൽ വെട്ടേറ്റ് കാലുകൾ അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഇതിൽ നിന്നും രക്തം വാർന്നാണ് മരണം സംഭവിച്ചത്. 
വാടകയ്ക്കെടുത്ത കാറിൽ എത്തി ജോയിയെ വെട്ടിവീഴ്ത്തിയ ശേഷം പ്രതികൾ  ശ്രീകാര്യം വഴി ബൈപ്പാസിലേയ്ക്കു പോയി. 
പാപ്പനംകോട് എസ്റ്റേറ്റ് ഏരിയയിൽ ഒളിവിൽ കഴിയുമ്പോഴാണ് ജോയ് മരിച്ചതായി വാർത്ത അറിഞ്ഞത്. ഇതോടെ കന്യാകുമാരിയിലേക്കു കടക്കുകയായിരുന്നു. 

കൂസലില്ലാതെ പ്രതിയുടെ മൊഴി; ‘ആദ്യം വെട്ടിയത് ഞാൻ’
തിരുവനന്തപുരം∙ ‘ആദ്യ വെട്ട് ഞാനാണ് വെട്ടിയത്. രണ്ടാമത് നന്ദുലാലും വെട്ടി. കാലുകളിലും പിന്നീട് കയ്യിലും മാറിമാറി വെട്ടി വീഴ്ത്തി.’ കാപ്പ കേസ് പ്രതി ജോയിയെ വെട്ടികൊലപ്പെടുത്തിയ കേസിൽ നേരിട്ട് പങ്കാളിയായ പ്രതി ഉണ്ണിക്കൃഷ്ണൻ നായർ തെളിവെടുപ്പിനിടെ കൂസലില്ലാതെ പൊലീസിനോട് പറഞ്ഞു. രാകേഷ് ആണ് കാർ ഓടിച്ചത്. പിൻ സീറ്റിൽ ഞങ്ങൾ മൂന്നു പേര് ഉണ്ടായിരുന്നു. കാർ കൊണ്ട് കുറുകെ ഇട്ടാണ് ജോയ് വന്ന ഓട്ടോറിക്ഷ തടഞ്ഞിട്ടത്. ഞങ്ങൾ പുറത്തിറങ്ങിയതും ജോയ് സീറ്റിൽ നിന്നും എഴുന്നേറ്റതും ഒരുമിച്ചായിരുന്നു.

ഉണ്ണികൃഷ്ണൻ, ഷജീർ, വിനോദ്, നന്ദുലാൽ, രാകേഷ്.
ഉണ്ണികൃഷ്ണൻ, ഷജീർ, വിനോദ്, നന്ദുലാൽ, രാകേഷ്.

കോളറിൽ കുത്തിപിടിച്ചു പുറത്തിറക്കിയാണ് വെട്ടിയത്. ആക്രമണത്തിനിടെ ജോയ് നിലവിളിച്ചു. കൊല്ലരുതെന്നും വെറുതെവിടണമെന്നും പറഞ്ഞു.’ സംഭവത്തെ കുറിച്ച് ഉണ്ണി വിവരിച്ചു. ജോയിയെ ഉണ്ണിക്കൃഷ്ണൻ നായരും നന്ദുലാലും വെട്ടിപ്പരുക്കേൽപ്പിക്കുമ്പോൾ കേസിലെ മറ്റൊരു പ്രതിയായ രാകേഷ്, ജോയിയുടെ ഓട്ടോ അടിച്ചു തകർത്തു. ഷജീർ മറ്റൊരു വാഹനത്തിൽ പിന്നാലെ ഉണ്ടായിരുന്നു. ഈ വാഹനത്തിൽ ഷജീറിന്റെ ബന്ധു അൻവറും ഉണ്ടായിരുന്നുവെന്നാണ് സൂചന. 

പല ഗുണ്ടകളുമായും വൈരാഗ്യമുള്ള ജോയിയെ കൊലപ്പെടുത്താൻ മറ്റാരെങ്കിലും ക്വട്ടേഷൻ നൽകിയിട്ടുണ്ടോ, കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിടുണ്ടോ എന്നതും അന്വേഷിക്കുമെന്നും പ്രതികളെ  കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.  ഷജീർ, നന്ദുലാൽ, രാകേഷ്, വിനോദ് എന്നിവരെയും തെളിവെടുപ്പിനായി  പൊലീസ് ബസിൽ എത്തിച്ചു. പൗഡിക്കോണം അക്ഷയകേന്ദ്രത്തിനു മുൻപിൽ നിന്നും നടത്തിച്ചാണ് സംഭവ സഥലത്ത് കൊണ്ടുവന്നത്. കനത്ത പൊലീസ് കാവലിൽ ആയിരുന്നു തെളിവെടുപ്പ്.  

നിർണായകമായത് വിഡിയോ ദൃശ്യം
തിരുവനന്തപുരം ∙ ഗുണ്ടാനേതാവ് പന്തലക്കോട് സ്വദേശി ജോയിയെ കൊലപ്പെടുത്തിയ കേസ് അന്വേഷണത്തിൽ നിർണായകമായത് സംഭവ സ്ഥലത്തുണ്ടായിരുന്നവർ ഫോണിൽ പകർത്തിയ കാറിന്റെ ചിത്രം. ദൃശ്യങ്ങളിൽ നിന്നു പൊലീസിന് വാഹനത്തിന്റെ നമ്പർ ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. നമ്പർ പരിശോധിച്ചപ്പോൾ വെഞ്ഞാറമൂട് സ്വദേശിയായ സ്ത്രീയുടെ പേരിലുള്ള കാറാണെന്ന് കണ്ടെത്തി. ഇവരെ വിളിച്ചപ്പോൾ സ്ഥലത്തെ ഒരു ടിപ്പർ ഡ്രൈവർ വഴി മറ്റൊരാൾക്ക് കാർ വാടകയ്ക്കു കൊടുത്തതായി പറഞ്ഞു.

 ഷജീറിന്റെ ലൈസൻസ് ആണ് തിരിച്ചറിയൽ രേഖയായി നൽകിയിരുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഷജീറും ജോയിയും തമ്മിൽ കുടിപ്പകയുണ്ടെന്ന് കണ്ടെത്തിയത്. രണ്ടു ദിവസത്തേക്കു കുടുംബസമേതം യാത്ര പോകാനാണെന്നു പറഞ്ഞ് കേസിലെ പ്രതി രാകേഷ് ആണ് ടിപ്പർ ഡ്രൈവറായ സുഹൃത്തു വഴി കാർ വടകയ്ക്ക് എടുത്തതെന്നും പൊലീസ് പറഞ്ഞു.

റൂറൽ പൊലീസ് സ്പെഷൽ ബ്രാഞ്ചിന് വീഴ്ച
തിരുവനന്തപുരം∙ കാപ്പ കേസ് പ്രതി ജോയിയെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ റൂറൽ പൊലീസ് സ്പെഷൽ ബ്രാഞ്ചിന് സംഭവിച്ചത് ഗുരുതര വീഴ്ച. കാപ്പചുമത്തി നാടുകടത്തിയിട്ടും ആക്രമണം തുടർന്ന ജോയിയെ നിരീക്ഷിക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നതാണ്. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഇതു കൃത്യമായി പാലിച്ചില്ല.

പൊലീസിൽ പരാതി നൽകിയ ഷജീറിനെ ജോയ് അക്രമിച്ചതു പോലും കേസ് റജിസ്റ്റർ ചെയ്ത ശേഷമാണ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിഞ്ഞത്. ഷജീറിനെ വകവരുത്തുമെന്നു ജോയ് ഭീഷണി മുഴക്കിയ വിവരം അറിഞ്ഞെങ്കിലും തുടരന്വേഷണം ഉണ്ടായില്ല. നിരന്തരം ആക്രമണം നടത്തുന്ന ഗുണ്ടകളെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കണമെന്നാണ് ഡിജിപിയുടെ നിർദേശം. എന്നാൽ ജോയിയുടെ കാര്യത്തിൽ അതും നടന്നില്ല. ജോയ് കുറ്റിയാണിയിൽ നിന്നു പൗഡിക്കോണത്തേയ്ക്കു താമസം മാറിയ വിവരം സിറ്റി പൊലീസിനെ അറിയിക്കുകയും ചെയ്തില്ല. 

രണ്ടു ദിവസത്തെ നിരീക്ഷണം
ജോയിയെ രണ്ടു ദിവസം നിരീക്ഷിച്ച ശേഷം മൂന്നാം ദിവസമായിരുന്നു ആക്രമണമെന്ന് പൊലീസ്. അൻവറാണ് ജോയിയുടെ യാത്ര നിരീക്ഷിച്ച് സ്കെച്ച് ഇട്ടത്. ജോയി പതിവായി വീട്ടിലേക്ക് പോകുന്ന വഴി പ്രതികൾ കണ്ടെത്തിയിരുന്നു.  ജോയിയെ കാറിൽ തട്ടികൊണ്ടു പോയി ആക്രമിക്കാനാണ് ആദ്യം പ്ലാൻ ഇട്ടത്. എന്നാൽ ജോയിയെ അന്നു കിട്ടിയില്ല. പിന്നീട് ഇയാൾ സഞ്ചരിച്ചിരുന്ന ഓട്ടോ തിരക്കൊഴിഞ്ഞ സ്ഥലത്തിട്ട്  തടയാനായി കാറിൽ പിന്തുടർന്നു. ഇതിനിടെ ജോയി ഓട്ടോറിക്ഷയുടെ വേഗം കുറച്ചു. ഈ സമയത്ത് കാർ കുറുകെയിട്ട് ഓട്ടോറിക്ഷ തടഞ്ഞ ശേഷം ജോയിയെ വെട്ടിവീഴ്ത്തുകയായിരുന്നു. 

മൃതദേഹം എത്തിച്ചപ്പോൾ സംഘർഷം 
 പൗഡിക്കോണത്ത് കൊല്ലപ്പെട്ട ജോയിയുടെ മൃതദേഹം കുറ്റിനായിണിയിൽ എത്തിച്ചതിന് പിന്നാലെ സ്ഥലത്ത് സംഘർഷം. റോഡിൽ ഓട്ടോറിക്ഷയിൽ കാത്തു നിന്ന മൂന്നു പേർ ജോയിയുടെ കൂട്ടാളി പ്രസാദിനെ ഭീഷണിപ്പെടുത്തിയതാണ് സംഘർഷത്തിനു കാരണമായത്.  ഇരു സംഘങ്ങൾ തമ്മിൽ കയ്യാങ്കളിയുണ്ടായി.

English Summary:

Five Arrested in Murder of gang leader Joy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com