ജലാശയങ്ങളിൽ കുളിച്ചവരുടെ ശ്രദ്ധയ്ക്ക്: ഈ ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടണം; വളർത്തുമൃഗങ്ങളെയും ബാധിക്കും
Mail This Article
തിരുവനന്തപുരം∙ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ നില തൃപ്തികരമാണെങ്കിലും രോഗത്തെ പൂർണമായി അതിജീവിച്ചിട്ടില്ലെന്ന് ഡോക്ടർമാർ.ഞായറാഴ്ച രോഗം സ്ഥിരീകരിച്ച നാവായിക്കുളം സ്വദേശിയായ യുവതി ഉൾപ്പെടെ 9 പേരാണു ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ശാരീരിക ബുദ്ധിമുട്ടുകൾക്കു കുറവുണ്ട്. പക്ഷേ, മരുന്നും അതിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പരിശോധനകളും തുടരുന്നു.
ചികിത്സയുടെ പ്രോട്ടോക്കോൾ അനുസരിച്ച് 28 ദിവസമാണു ചികിത്സ. ഇതിനിടെ നട്ടെല്ലിൽ നിന്നു സ്രവം കുത്തിയെടുത്തു പരിശോധിക്കും. അമീബയുടെ സാന്നിധ്യം ഉൾപ്പെടെ വിലയിരുത്തുന്നതിനു വേണ്ടിയാണിത്. ഒരേസമയം ഇത്രയും രോഗികൾ ഒരുമിച്ചു ചികിത്സയ്ക്കു വിധേയമാകുന്ന ആദ്യത്തെ സംഭവമെന്നാണു കരുതപ്പെടുന്നത്. 2019 ൽ പാക്കിസ്ഥാനിനെ ലഹോറിൽ 15 പേർക്കു രോഗം ബാധിച്ചിരുന്നു.
ജലാശയങ്ങളിൽ കുളിച്ചവരുടെ ശ്രദ്ധയ്ക്ക് ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടണം
അമീബിക് മസ്തിഷ്കജ്വരം 3 പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തതിനാൽ കുളം, തോട് തുടങ്ങിയ ജലാശയങ്ങളിൽ കുളിച്ചവർ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നു മന്ത്രി വീണാ ജോർജ്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്തു തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ചികിത്സ തേടുമ്പോൾ ജലാശയവുമായി ഉണ്ടായ സമ്പർക്കവും രോഗലക്ഷണങ്ങളും ഡോക്ടറോട് പറയണം. 97% മരണ നിരക്കുള്ള രോഗമാണിത്. ആരംഭത്തിൽ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്തു തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേരാണ്. കേരളത്തിൽ രണ്ടു പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വർഷങ്ങളായി വൃത്തിയാക്കാത്ത വാട്ടർ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അമീബ ഉണ്ടായേക്കാം. മൂക്കിലും തലയിലും ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, തലയിൽ ക്ഷതമേറ്റവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ചെവിയിൽ പഴുപ്പ് ഉള്ളവർ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാൻ പാടില്ല. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്തു ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്കു വെള്ളം ഒഴിക്കുകയോ വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കണം.
ഇതു പകർച്ചവ്യാധിയല്ല. മിക്കവാറും ജലാശയങ്ങളിൽ അമീബ കാണാം. വേനൽക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെ അമീബ വർധിക്കും. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. അമീബയ്ക്കെതിരെ ഫലപ്രദമെന്നു കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. എത്രയും വേഗം മരുന്നു നൽകിത്തുടങ്ങുന്നവരിലാണു രോഗം ഭേദമാക്കാൻ സാധിക്കുകയെന്നും മന്ത്രി പറഞ്ഞു.
‘നാവായിക്കുളത്തെ രോഗിയും ഏലാത്തോട്ടിൽ കുളിച്ചിരുന്നു’
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച നാവായിക്കുളം പഞ്ചായത്തിലെ ഇടമൺനില പോരേടംമുക്ക് പണയിൽ വീട്ടിൽ ശരണ്യ(24) പോരേടം ഏലാത്തോട്ടിൽ കുളിച്ചിരുന്നെന്ന് ആരോഗ്യപ്രവർത്തകർ. ഇവിടെ നിന്നാകാം ഇവർക്കു രോഗബാധ ഉണ്ടായതെന്നാണു കരുതുന്നത്. ഏതാനും ദിവസം മുൻപാണു പോരേടം ഏലാ തോട്ടിൽ കുളിച്ചതെന്നു ശരണ്യ ആരോഗ്യ പ്രവർത്തകരോടു പറഞ്ഞു. പോരേടംമുക്കിലെയും പുളിയറക്കോണത്തെയും താമസക്കാർ പതിവായി ഈ തോട്ടിൽ കുളിക്കാറുണ്ടെന്നു പഞ്ചായത്ത് അംഗം ജി.ജയശ്രീ പറഞ്ഞു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്നു പഞ്ചായത്തിലെ തോടുകളിലും കുളങ്ങളിലും കുളിക്കരുതെന്ന് ആരോഗ്യ വിഭാഗം നിർദേശം നൽകി.
മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ സ്ഥലത്തു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടോയെന്നു സമീപവാസികളോട് അന്വേഷിച്ചു. മറ്റാർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അടുത്ത സമയത്തായി രാത്രി കാലങ്ങളിൽ ശുചിമുറി മാലിന്യം ഉൾപ്പെടെ ഉള്ളവ ജലാശയങ്ങളിൽ തള്ളുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്നു മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നാട്ടുകാർ സംഘടിച്ചു കാത്തിരുന്നെങ്കിലും ഫലം ഉണ്ടായില്ല.
വളർത്തുമൃഗങ്ങളെയും ബാധിക്കും
അമീബിക് മസ്തിഷ്ക ജ്വരം വളർത്തുമൃഗങ്ങളെയും ബാധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ്. ഏകകോശ സൂക്ഷ്മജീവികളായ അമീബ മനുഷ്യർക്കു പുറമേ മൃഗങ്ങളിലും ഉണ്ടാക്കുന്ന മാരകരോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. മൃഗങ്ങളുടെ ശരീരത്തിൽ ഇവ പ്രവേശിച്ച്, തലച്ചോറിലെത്തി മാരകമായ രോഗബാധ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
പ്രധാനമായും നൈഗ്ലെറിയ ഫൗലേറി എന്ന ഇനം അമീബയാണ് ഏറ്റവും മാരകമായ മസ്തിഷ്ക ജ്വരം ഉണ്ടാക്കുന്നത്. ലോകത്തു പലഭാഗങ്ങളിലും, പ്രത്യേകിച്ച് തെക്കേ അമേരിക്കയിൽ ഇവ പശുക്കളിലും വന്യ മൃഗങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘തലച്ചോർ തിന്നുന്ന അമീബ’ എന്ന് ഇവയെ പൊതുവേ അറിയപ്പെടുന്നു.
കന്നുകാലികൾ, ചെമ്മരിയാടുകൾ, കാണ്ടാമൃഗം എന്നിവയിൽ ഈ അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗിനി പന്നികൾ, ആടുകൾ, എലികൾ എന്നിവയ്ക്കും രോഗം ബാധിച്ചേക്കാം. വളർത്തു നായ്ക്കളിലും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. കന്നുകാലികളിൽ ആക്രമണ സ്വഭാവം, കൂട്ടത്തിൽ നിന്നുള്ള ഒറ്റപ്പെടൽ, അനിയന്ത്രിതമായ ശരീരചലനങ്ങൾ, വിശപ്പില്ലായ്മ, ഉണർവില്ലായ്മ, കിടപ്പിലാകുക, കൈകാലുകൾ തുഴയുക, ബോധക്ഷയം എന്നീ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണനിരക്ക് വളരെ കൂടിയതിനാൽ ചികിത്സ പലപ്പോഴും ഫലം കാണാറില്ല.
അമീബ എവിടെയൊക്കെ
തടാകങ്ങൾ, കുളങ്ങൾ, കിണർ, ഭൂജലം എന്നിവയിലാണ് നൈഗ്ലെറിയ പ്രധാനമായും കാണപ്പെടുന്നത്. മഴവെള്ള സംഭരണികൾ, ടാപ്പ് വെള്ളം, പ്ലമിങ് പൈപ്പുകൾ എന്നിവിടങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങളുടെ വിസർജ്യം ഉൾപ്പെടെ മാലിന്യം കലരുന്നതും വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളിലൂടെ ജലസ്രോതസ്സുകൾ മലിനമാകുന്നതും അമീബകളുടെ വളർച്ചയെ സഹായിക്കുന്നു. 35 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ചൂടുള്ള വെള്ളത്തിൽ ഇവ വളരാനുള്ള സാധ്യത കൂടുതലാണ്. മഴയ്ക്കോ പ്രളയത്തിനോ ശേഷമുള്ള ഉയർന്ന അന്തരീക്ഷ താപനില , രാസ വസ്തുക്കൾ കലരുന്നതുകൊണ്ട് വെള്ളത്തിലെ മറ്റു സൂക്ഷ്മജീവികൾ നശിച്ചു പോകുക, പായൽ, അഴുകിയ ഇല പോലുള്ള ജൈവ വസ്തുക്കളുടെ ഉയർന്ന അളവ് എന്നിവ ഈ അമീബയുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യമുണ്ടാക്കും .
രോഗം പായൽക്കുളങ്ങളിൽ നിന്ന്
പായലുകളും മറ്റു ജൈവമാലിന്യങ്ങളും കൂടുതലായുള്ള കുളങ്ങളിലും ജലാശയങ്ങളിലുമാണ് ഈ അമീബ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ. ഇത്തരം ജലാശയങ്ങളിൽ മൃഗങ്ങൾ നീന്തുകയോ, അവയെ കുളിപ്പിക്കുകയോ ചെയ്താൽ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച് ഒടുവിൽ തലച്ചോറിലെത്തും.
രോഗ നിയന്ത്രണം
പായലുകളും മറ്റു ജൈവ മാലിന്യങ്ങളുമുള്ള ജലാശയങ്ങളിലോ, ശുദ്ധീകരിക്കാത്ത വെള്ളമുള്ള കുളങ്ങളിലോ വളർത്തുമൃഗങ്ങളെ കുളിപ്പിക്കുന്നതും നീന്താൻ വിടുന്നതും ഒഴിവാക്കുക. വേനൽക്കാലത്ത് രോഗബാധ കൂടുതലായതിനാൽ ഇത്തരം ജലാശയങ്ങളിൽ മൃഗങ്ങളെ എത്തിക്കരുത്.
വിവരങ്ങൾക്ക് കടപ്പാട്: ഡോ.സി.ഹരീഷ്, വെറ്ററിനറി സർജൻ (ക്ലിനിക്കൽ ലാബ്), തിരുവനന്തപുരം ജില്ലാ വെറ്ററിനറി സെന്റർ.