കെഎസ്എഫ്ഇ ചിട്ടി: വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
Mail This Article
ആറ്റിങ്ങൽ∙ കെഎസ്എഫ്ഇയിലെ മുടക്ക ചിട്ടികളിൽ ചേർത്ത് ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. പൂവച്ചൽ, ഉറിയക്കോട് സ്നേഹാലയത്തിൽ അലക്സാണ്ടർ ബാലസ് (48) നെയാണ് പൊലീസ് പിടികൂടിയത്. കെഎസ്എഫ്ഇയിലെ വിവിധ ബ്രാഞ്ചുകളിലെ മാനേജർമാരെ സ്വാധീനിച്ച് ഒരു കോടി രൂപ വരെ ലോൺ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ സ്വദേശികളായ ശ്രീറാം, ഷെല്ലി, വലിയകുന്ന് സ്വദേശി മുംതാസ്, മാമം സ്വദേശി വിജയകുമാരി, കോരാണി സ്വദേശി സനൽകുമാർ എന്നിവരിൽ നിന്ന് 12 ലക്ഷത്തോളം രൂപ തട്ടിയെന്നാണ് പരാതി.
എബിസി കൺസ്ട്രക്‌ഷൻസ് ആൻഡ് ലോൺ കൺസൽട്ടൻസി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അലക്സാണ്ടർ ബാലസ് . സ്ഥാപനത്തിന് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലായി മുപ്പതോളം ബ്രാഞ്ചുകളുണ്ട്. കെഎസ്എഫ്ഇ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്ഐ മാരായ സജിത്ത്, ജിഷ്ണു, ഉത്തരേന്ദ്ര നാഥ്, റാഫി എന്നിവരുടെ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി