ADVERTISEMENT

തിരുവനന്തപുരം ∙ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും രോഗമുക്തരായിട്ടില്ലെന്നു ഡോക്ടർമാർ. രോഗത്തിന്റെ രൂക്ഷത കുറഞ്ഞുവെന്നു പറയാം. പക്ഷേ, രോഗികളുടെ ആരോഗ്യത്തിനനുസരിച്ചു രോഗനിലയിൽ മാറ്റമുണ്ടാകാം.

അതിനാൽ മരുന്നുകൾക്കൊപ്പം നിരീക്ഷണവും നടത്തുന്നുണ്ട്. ചികിത്സയിലുള്ള 9 രോഗികളും വാർഡിലാണു കഴിയുന്നത്. ആരോഗ്യനിലയിൽ മാറ്റം സംഭവിച്ചാൽ ഉടൻ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റും. പ്രോട്ടോക്കോൾ പ്രകാരം 28 ദിവസവും ഇവർ ആശുപത്രിയിൽ തുടരണമെന്ന് മെഡിക്കൽ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ, ഞായറാഴ്ച രോഗം സ്ഥിരീകരിച്ച നാവായിക്കുളം സ്വദേശി ശരണ്യ(24)യുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

ഇടമൺനില പോരേടം ഏലാ തോട്ടിൽ കുളിച്ചതിനെ തുടർന്നാണു രോഗം ബാധിച്ചത്. ഇവിടെ കുളിച്ച 24 പേർ നിരീക്ഷണത്തിലാണ്.ജർമനിയിൽ നിന്ന് എത്തിച്ച മിൽറ്റിഫോസിൻ ഗുളികയാണു പ്രധാനമായും നൽകുന്നത്. യുഎഇയിലെ വിപിഎസ് ഹെൽത്ത് കെയർ ഉടമ ഡോ.ഷംഷീർ വയലിൽ ജർമനിയിൽ നിന്നു സൗജന്യമായ എത്തിച്ച ഗുളികകൾ മാത്രമേ ഇപ്പോൾ ആരോഗ്യ വകുപ്പിന്റെ കൈവശമുള്ളൂ.

അമീബിക് മസ്തിഷ്കജ്വരം കേരളത്തിൽ പല സ്ഥലങ്ങളിലായി റിപ്പോർട്ട് ചെയ്യുന്നതിനാൽ മിൽറ്റിഫോസിൻ ഗുളികകൾ ലഭ്യമാക്കണമെന്നു മന്ത്രി വീണാ ജോർജ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കരിമ്പനിയുടെ ചികിത്സയ്ക്കുവേണ്ടി ഈ ഗുളിക ഉപയോഗിക്കാൻ കേന്ദ്രസർക്കാർ അനുമതിയുണ്ട്. അമീബിക് മസ്തിഷ്കജ്വരത്തിന്റെ ചികിത്സയ്ക്കു കൂടി ബാധകമാക്കിക്കൊണ്ടു കേന്ദ്രം തീരുമാനം എടുക്കണമെന്നാണു കേരളത്തിന്റെ ആവശ്യം. ഒപ്പം, മതിയായ ഗുളിക കേന്ദ്രം ലഭ്യമാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com