ഹൈക്കോടതി ഉത്തരവിൽ ചെമ്പകമംഗലം പഴയ ദേശീയപാതയോരത്തെ ചന്ത ഒഴിപ്പിച്ചു
Mail This Article
പോത്തൻകോട് ∙ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മംഗലപുരം പഞ്ചായത്തിലെ ചെമ്പകമംഗലത്ത് പഴയ ദേശീയപാതയോരത്ത് പ്രവർത്തിച്ചിരുന്ന ചന്ത വൻ പൊലീസ് സാന്നിധ്യത്തിൽ ഒഴിപ്പിച്ചു. ചെമ്പകമംഗലം അശ്വതിയിൽ രാജശേഖരൻ നായർ നൽകിയ പരാതിയിൽ 2020ലെ ഉത്തരവ് നടപ്പാക്കാൻ മംഗലപുരം പഞ്ചായത്ത് സെക്രട്ടറിയോട് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. റോഡിനോട് ചേർന്നുള്ള ഇന്നലെ രാവിലെ 10നു പഞ്ചായത്ത് സെക്രട്ടറിയും സൂപ്രണ്ടും എത്തി പൊലീസിന്റെ സാന്നിധ്യത്തിൽ പച്ചക്കറി, മത്സ് കച്ചവടക്കാരെയടക്കം ഒഴിപ്പിച്ചു.
ഇതൊഴിവാക്കാൻ പ്രാദേശിക രാഷ്ട്രീയ നേതാക്കളടക്കം ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പുതിയ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നിർമിച്ച ഓടയുടെ മുകളിൽ കച്ചവടക്കാർ നിരന്നു. വിവരം അറിഞ്ഞ് ദേശീയപാത നിർമാണ കരാർ കമ്പനി ആർഡിഎസ് അധികൃതർ സ്ഥലത്തെത്തി. അടുത്ത ദിവസം ഈ സ്ഥലത്ത് പണി തുടങ്ങുകയാണെന്നും കച്ചവടം അനുവദിക്കില്ലെന്നും അറിയിച്ചു.
കച്ചവടക്കാർ അനിശ്ചിതത്വത്തിൽ
ഇനി എങ്ങോട്ട് പോകുമെന്ന ചിന്തയിലാണ് കച്ചവടക്കാർ. മംഗലപുരം ജംക്ഷനിലെ പഞ്ചായത്ത് വക പൊതു ചന്തയിലേക്ക് പോകാൻ സെക്രട്ടറി നിർദ്ദേശിച്ചെങ്കിലും മുപ്പതു വർഷമായി തുടരുന്ന ചെമ്പക മംഗലം ചന്ത നിലനിർത്തണമെന്ന ആവശ്യമാണ് കച്ചവടക്കാരും നാട്ടുകാരും ഉന്നയിക്കുന്നത്.ഹൈക്കോടതി പാടില്ലെന്നു പറഞ്ഞ സ്ഥലത്ത് കച്ചവടം നടത്താൻ അനുവദിക്കില്ലെന്നും ഇന്നു മുതൽ പൊലീസ് പട്രോളിങ് ഉണ്ടാകുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും പഞ്ചായത്ത് സെക്രട്ടറി ശ്യാമകുമാരൻ പറഞ്ഞു.