ദുരിതം വിതച്ച് മഴ; ശക്തമായ മഴയിലും കാറ്റിലും കൃഷിനാശം, വീടുകൾക്ക് കേടുപാട്
Mail This Article
പേയാട് ∙ ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും വിളപ്പിൽ പഞ്ചായത്തിൽ മരങ്ങൾ വീണ് വീടുകൾക്ക് കേടുപാടുണ്ടായി. വിട്ടിയം വാർഡിൽ അലേറ്റി ഉഷാ ഹൗസിൽ കെ.സോമന്റെ വീടിനു മുകളിലൂടെ സമീപ പുരയിടത്തിലെ തെങ്ങ് വീണു. മേൽക്കൂരയിലെ ഷീറ്റുകൾക്ക് നാശം ഉണ്ടായി. അപകടാവസ്ഥയിലായ തെങ്ങ് മുറിച്ചു മാറ്റണമെന്ന് ഉടമസ്ഥനോടും പഞ്ചായത്തിലും പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നു വീട്ടുകാർ ആരോപിച്ചു. ഓഫിസ് വാർഡിൽ പിറയിൽ ഭാഗത്ത് പുഷ്പലതയുടെ വീടിനു മുകളിലൂടെ മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു. മേൽക്കൂരയുടെ ഷീറ്റ് തകർന്ന് വീടിനുള്ളിൽ വെള്ളം കയറി.
കാരോട് വാർഡിൽ എള്ളുവിള റോഡിൽ വൈദ്യുതി ലൈനിൽ തട്ടി ചരിഞ്ഞ മരവും മുളയറ ഭാഗത്ത് റോഡിലേക്ക് വീണ മരവും കാട്ടാക്കട അഗ്നിരക്ഷാസേന എത്തി മുറിച്ചു മാറ്റി. ഒട്ടേറെ സ്ഥലങ്ങളിൽ മരച്ചില്ലകൾ വീണു വൈദ്യുതി ലൈനുകൾക്ക് കേടുപാടുണ്ടായി. വിഴിഞ്ഞം∙ കഴിഞ്ഞ ദിവസം രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും വിഴിഞ്ഞം പിറവിളാകം ചുഫിർ കോട്ടേജ് വളപ്പിൽ നിന്ന കൂറ്റൻ തേക്കുമരം കടപുഴകി ഓടു മേഞ്ഞ വീടിനു പുറത്തേക്ക് വീണു. വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബം പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിനു ഭാഗിക കേടുപാടുണ്ടായി.
ആയിരത്തോളം വാഴകൾ നശിച്ചു
വിളപ്പിൽ ∙ ശക്തമായ കാറ്റിലും മഴയിലും വിളപ്പിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി ഇന്നലെ ആയിരത്തോളം വാഴകൾ നശിച്ചതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മുളയറ കുശവൂർ, ചൊവള്ളൂർ, പുളിയറക്കോണം, വിളപ്പിൽശാല പ്രദേശങ്ങളിലാണ് വ്യാപക നാശം ഉണ്ടായത്. മുളയറ ചെറുകോട് കുഴിവിള വീട്ടിൽ സുരേന്ദ്രന്റെ 180 ഏത്തവാഴ ഒടിഞ്ഞു വീണു.
പുറ്റുമേൽകോണം കുശവൂരിൽ വിക്രമൻ നായരുടെ 80 വാഴകളും പുറ്റുമേൽകോണത്ത് സൈമണിന്റെ 100 വാഴകളും മുളയറ എയ്ഞ്ചൽ നിവാസിൽ സ്റ്റാലിൻ ജോണിന്റെ 123 ഏത്തവാഴകളും കാറ്റത്തു നശിച്ചു. കുലച്ച വാഴകളാണ് ഏറെയും ഒടിഞ്ഞു വീണത്. ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത വാഴകൾ നശിച്ചത് കർഷകർക്ക് വൻതിരിച്ചടിയായി. ചില സ്ഥലത്ത് പച്ചക്കറിക്കൃഷിയും നശിച്ചു. വിളപ്പിൽ കൃഷി ഓഫിസർ സി.വി.ജയദാസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലങ്ങൾ സന്ദർശിച്ചു.