ADVERTISEMENT

ആറ്റിങ്ങൽ∙ ആറ്റിങ്ങൽ കൊട്ടാരം മുഖമണ്ഡപക്കെട്ടിന്റെ നവീകരണം നിലച്ചതായി ആക്ഷേപം . നിർമാണം ആരംഭിച്ചിട്ട് മൂന്ന് വർഷം പിന്നിട്ടെങ്കിലും പണി പൂർത്തിയായിട്ടില്ല. നവീകരണ പ്രവർത്തനങ്ങൾ നിലച്ചിട്ട് മാസങ്ങളായെന്ന് നാട്ടുകാർ ആരോപിക്കുന്നു. മേൽക്കൂരയുടെ നവീകരണവും തറയുടെ ജോലികളും പൂർത്തിയായെങ്കിലും തുടർന്നുള്ള പണികളെല്ലാം നിലച്ചിരിക്കുകയാണെന്നാണ് ആക്ഷേപം.

700 വർഷത്തിലധികം പഴക്കമുള്ളതാണ് കൊല്ലമ്പുഴയിലെ ആറ്റിങ്ങൽ കൊട്ടാരം. കല്ലും മരവും ഉപയോഗിച്ച് എട്ടുകെട്ടിന്റെ മാതൃകയിൽ നിർമിച്ചിട്ടുള്ള കോയിക്കൽ കൊട്ടാരത്തിലെ മണ്ഡപക്കെട്ട് കേരളീയ വാസ്തു ശിൽപകലയുടെ ഉദാത്ത മാതൃകയാണ്. ഇതിന്റെ തനിമ ചോർന്നു പോകാതെയുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് മുഖമണ്ഡപം സ്ഥിതിചെയ്യുന്നത്. പുരാവസ്തു വകുപ്പിനാണ് സംരക്ഷണ ചുമതല .

1.07 കോടി രൂപ ചെലവിട്ടാണു നവീകരിക്കുന്നത്. മേൽക്കൂര പൂർണമായി പൊളിച്ചു നീക്കാതെയാണ് പണി നടക്കുന്നത്. നേരത്തേയുണ്ടായിരുന്ന ഓടുകൾ ഭൂരിഭാഗവും മാറ്റി. നിലത്ത് കരിങ്കല്ല് പാകി മിനുസപ്പെടുത്തി.  തുടർന്ന് പണികളൊന്നും നടന്നിട്ടില്ലെന്നാണ് ആക്ഷേപം .  1721-ലെ ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വാർഷികം പ്രമാണിച്ച് കൊട്ടാരവും അനുബന്ധ എടുപ്പുകളും പൈതൃകസ്മാരകമാക്കി സംരക്ഷിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2020-2021ലെ ബജറ്റിൽ മൂന്ന് കോടി രൂപ ഇതിനായി വകയിരുത്തിയിരുന്നു.

നിർമാണം ഉടൻ പൂർത്തിയാക്കും: നഗരസഭ ചെയർപഴ്സൻ
ആറ്റിങ്ങൽ∙ നവീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ചെയർപഴ്സൻ എസ് കുമാരി പറഞ്ഞു.കൊട്ടാരം മുഖമണ്ഡപ കെട്ടിന്റെ നവീകരണ പ്രവർത്തനം കുറച്ചു കൂടി പൂർത്തിയാകാനുണ്ട്. ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com