ADVERTISEMENT

തിരുവനന്തപുരം ∙ 37 വർഷത്തെ ഇടവേളയ്ക്കു ശേഷം എബിയും ആനിയും കുട്ടികളും വീണ്ടും കണ്ടുമുട്ടി. 1987– ൽ പുറത്തിറങ്ങിയ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരുമാണ് മനോരമ ഓൺലൈൻ സംഘടിപ്പിച്ച പരിപാടിയിൽ ഒത്തുചേർന്നത്. ചിത്രത്തിലെ മുഖ്യകഥാപാത്രമായ എബിയെ അവതരിപ്പിച്ച മോഹൻലാലും നായികയായ ആനിയെ അവതരിപ്പിച്ച നടി കാർത്തികയും ഒന്നിച്ചൊരു വേദിയിൽ എത്തുന്നതും 37 വർഷത്തിനു ശേഷം. 

ബിച്ചു തിരുമല എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന ‘ഉണ്ണികളേ ഒരു കഥ പറയാം..’. എന്ന ഗാനം മൂളിയാണ് മോഹൻലാൽ വേദിയിലേക്ക് എത്തിയത്. മലയാളി മറക്കാത്ത ആ ഈണത്തിന് സദസ്സിൽ നിന്ന് നിറഞ്ഞ കയ്യടി . പാട്ടിനൊപ്പം ഈ സിനിമയും മലയാളികളുടെ ഓർമകളുടെ ഭാഗമാണെന്നു സംവിധായകൻ കമൽ പറഞ്ഞു. നടി കാർത്തിക ആരംഭിച്ച വാട്സാപ് ഗ്രൂപ്പിലൂടെയാണ് ചിത്രത്തിൽ അഭിനയിച്ച കുട്ടികളെ കണ്ടെത്തിയതും വർഷങ്ങൾക്കു ശേഷം കൂട്ടായ്മയ്ക്ക് അവസരമൊരുങ്ങിയതും.

അമിത് എന്ന കുട്ടിയൊഴികെ എല്ലാവരെയും കണ്ടെത്തി. അമിതിനെ വൈകാതെ കണ്ടെത്താനാകുമെന്നും മറ്റുള്ളവരെ നേരിൽ കണ്ടതിൽ സന്തോഷമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ചിത്രത്തിൽ വേഷമിട്ട യദുകൃഷ്ണൻ, വിമൽ, വിദ്യ, സ്വപ്ന, പ്രശോഭ്, ബോബൻ ജോസഫ്, ചൈതന്യ, കാർത്തിക് മോഹൻ, വിധു കൃഷ്ണൻ, അഭിജിത് ഫ്രാൻസിസ് എന്നിവർ അന്നത്തെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവച്ചു. 

ജെയ്ൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കമൽ, പ്രിയദർശൻ, കാർത്തിക, സനൽകുമാർ, എസ്.കുമാർ, ഔസേപ്പച്ചൻ, സെഞ്ചറി കൊച്ചുമോൻ, സുമൻ ബിച്ചു തിരുമല, ജി.സുരേഷ് കുമാർ‍, വിജി തമ്പി, ഭാഗ്യലക്ഷ്മി, ജെയ്ൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ.ടോം എസ്.ജോസഫ്, മനോരമ ഓൺലൈൻ മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ ബോബി പോൾ തുടങ്ങിയവർ പ്രസംഗിച്ചു. ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കായി ചിത്രം പ്രദർശിപ്പിച്ചു.

English Summary:

Unnikale Oru Katha Parayam' Reunion: A Heartwarming Throwback to 1987

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com