ഉയരപ്പാത നിർമാണം: 199 തൂണുകളുടെ കോൺക്രീറ്റിങ് പൂർത്തിയായി; 50 തൂണുകളുടെ നിർമാണം പുരോഗമിക്കുന്നു
Mail This Article
തുറവൂർ ∙ തുറവൂർ–അരൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് 354 തൂണുകളിൽ 199 തൂണുകളുടെ കോൺക്രീറ്റിങ് പൂർത്തിയായി. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയിലാണ് ഉയരപ്പാത നിർമാണം നടക്കുന്നത്. പില്ലറുകൾക്ക് മുകളിൽ പില്ലർ ക്യാപ് പൂർത്തിയായിടത്ത് 50 തൂണുകൾക്കായി കമ്പികെട്ടി കോൺക്രീറ്റ് ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ്.
തുറവൂർ, കുത്തിയതോട്, എരമല്ലൂർ, ചന്തിരൂർ എന്നിവിടങ്ങളിലായി പാതയുടെ കോൺക്രീറ്റിങ്ങും തുടങ്ങി. ഇവിടെ പിയർ ക്യാപ്പിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റീൽ ഗർഡറുകൾക്ക് മുകളിൽ തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന 380 കോൺക്രീറ്റ് ഗർഡറുകളാണ് ഇതുവരെ സ്ഥാപിച്ചത്. ചേർത്തല, തുറവൂർ എന്നിവിടങ്ങളിലാണ് കോൺക്രീറ്റ് ഗർഡറുകളുടെ നിർമാണം നടക്കുന്നത്.
ഗർഡറുകൾക്ക് മുകളിൽ ആറുവരി പാതയ്ക്കായുള്ള കോൺക്രീറ്റിങ്ങും തുടങ്ങി. അരൂർ മുതൽ തുറവൂർ വരെ 5 റീച്ചുകളിലാണ് ജോലി നടക്കുന്നത്. ഇതിൽ മൂന്ന് റീച്ചുകളിലായി 1.5 കിലോമീറ്ററോളം ഭാഗത്ത് ഉയരപ്പാതയുടെ കോൺക്രീറ്റിങ് പൂർത്തിയായി. 3 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്നാണ് കരാർ കമ്പനിയോട് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇക്കാലയളവിൽ നിർമാണം പൂർത്തിയാകാൻ സാധ്യതയില്ല. നിലവിൽ 30 ശതമാനത്തോളം ജോലി പൂർത്തിയായെന്നു കമ്പനി അധികൃതർ അറിയിച്ചു.