ചെന്നൈ എഗ്‌മൂർ–നാഗർകോവിൽ ജംക്ഷന് വന്ദേഭാരതിന് ഗംഭീര വരവേൽപ്; എത്തിയത് ഒന്നര മണിക്കൂർ വൈകി
Mail This Article
നാഗർകോവിൽ∙ പുതുതായി സർവീസ് ആരംഭിച്ച ചെന്നൈ എഗ്‌മൂർ–നാഗർകോവിൽ ജംക്‌ഷൻ വന്ദേഭാരത് ട്രെയിനിനു നാഗർകോവിലിൽ ഉത്സാഹ വരവേൽപ് നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.50ന് ചെന്നൈയിൽ നിന്നു പുറപ്പെട്ട ട്രെയിനിന് വിഴുപ്പുരം, തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ, മധുര, കോവിൽപട്ടി, തിരുനെൽവേലി സ്റ്റേഷനുകളിൽ ഗംഭീര വരവേൽപാണ് ലഭിച്ചത്. അറിയിച്ചതിലും ഒന്നര മണിക്കൂർ വൈകി രാത്രി 11ന് നാഗർകോവിലിൽ എത്തിയ ട്രെയിനിനു വാദ്യമേളങ്ങളുടെ അകമ്പടിയോടെയും പൂക്കൾ വിതറിയുമായിരുന്നു സ്വീകരണം.
വിജയ്‌വസന്ത് എംപി, എംആർ ഗാന്ധി എംഎൽഎ, മേയർ ആർ.മഹേഷ്, തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ മനീഷ് തപ്‌ളിയൽ, പൊൻരാധാകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നാഗർകോവിലിൽ എത്തി അൽപസമയത്തിനുള്ളിൽ ട്രെയിൻ ചെന്നൈയിലേക്ക് മടങ്ങി. ഇന്നു മുതൽ റഗുലർ സർവീസ് തുടങ്ങും. ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിൻ സർവീസ് നടത്തും.
180 കിലോമീറ്റർ വേഗത്തിലാണ് നാഗർകോവിൽ–ചെന്നൈ വന്ദേ ഭാരത് ട്രെയിൻ സഞ്ചരിക്കുന്നത്. ചെന്നൈ എഗ്‌മൂറിൽ നിന്നു രാവിലെ 5ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് നാഗർകോവിലിൽ എത്തും. നാഗർകോവിലിൽ നിന്ന് ഉച്ചതിരിഞ്ഞ് 2.20ന് തിരിച്ച് രാത്രി 11ന് ചെന്നൈ എഗ്‌മൂറിൽ എത്തും. 8.50 മണിക്കൂർ സമയം കൊണ്ട് 725 കിലോമീറ്റർ ദൂരം ട്രെയിൻ പിന്നിടും. മറ്റ് അതിവേഗ ട്രെയിനുകളെ അപേക്ഷിച്ച് 2 മണിക്കൂർ സമയം ലാഭിക്കാൻ കഴിയും. നാഗർകോവിലിൽ വന്ന ട്രെയിനിനു വരവേൽപ് നൽകാൻ എത്തിയ കോൺഗ്രസ്–ബിജെപി പ്രവർത്തകർ തമ്മിൽ മത്സരിച്ചതും പരസ്പരം ഘോഷങ്ങൾ മുഴക്കിയതും നേരിയ സംഘർഷത്തിനിടയാക്കി.