ADVERTISEMENT

തിരുവനന്തപുരം ∙ ഓണപ്പൂക്കളമൊരുങ്ങുന്നതിനു മുൻപേ പുഷ്പകൃഷിയിൽ ലാഭത്തിന്റെ പൂവിറുത്ത് ജില്ല. മുൻ വർഷത്തെക്കാൾ 5 ഇരട്ടിയിലേറെ വർധനയാണ് ജില്ലയിലെ പുഷ്പകൃഷിയിലുണ്ടായതെന്ന് സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ജില്ലാ ഓഫിസ് തയാറാക്കിയ ‘പൂവിളി 2024’ പുഷ്പകൃഷി റിപ്പോർട്ട്. ജില്ലയിൽ 216.82 ഹെക്ടർ സ്ഥലത്താണ് നിലവിൽ പുഷ്പകൃഷിയുള്ളത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 5 ഇരട്ടിയിലധികമാണ്. 

ജമന്തി, ചെണ്ടുമല്ലി, മുല്ല, വാടാമുല്ല, ഓർക്കിഡ് എന്നീ പൂക്കളാണ് ജില്ലയിൽ കൂടുതലായി കഴിഞ്ഞ വർഷം കൃഷി ചെയ്തത്. ജമന്തി, ചെണ്ടുമല്ലി എന്നിവ യഥാക്രമം 37.5 % വാടാമുല്ലയും മുല്ലയും 12.5 % വീതവും മറ്റുപൂക്കൾ 25 ശതമാനവും ജില്ലയിൽ കഴിഞ്ഞ വർഷം കൃഷി ചെയ്തു. ഒരു സെന്റിൽ നിന്ന് ഏകദേശം 10 കിലോ ജമന്തി ലഭിച്ചപ്പോൾ കർഷകർക്ക് 650 രൂപ വരുമാനം കിട്ടി.മുല്ല ഒരു വർഷം ഒരു സെന്റിൽ നിന്ന് ഏകദേശം 25 കിലോ ലഭിച്ചു, വരുമാനം 7500  രൂപ വരെ. കഴിഞ്ഞ വർഷത്തെ കൃഷിയിൽ 62.5 ശതമാനം കർഷകർക്കും ലാഭം കിട്ടി. ബന്ദിയും ജമന്തിയും വാടാമുല്ലയുമാണ് ഈ വർഷം കൂടുതലായി ക‍ൃഷി ചെയ്തത്. 

കൃഷി വകുപ്പ് നടപ്പാക്കുന്ന ‘പൂവനി പദ്ധതി’യിലൂടെ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും പുഷ്പകൃഷി ചെയ്യുന്നുണ്ട്.  ജില്ലയിൽ ഏറ്റവും കൂടുതൽ പുഷ്പകൃഷി ചെയ്ത കാട്ടാക്കട നിയോജക മണ്ഡലത്തിലെ പള്ളിച്ചൽ പഞ്ചായത്തിൽ 20 ഹെക്ടർ സ്ഥലത്ത് ജമന്തിയും, ഹാര ജമന്തിയുമാണ് കൃഷിയിറക്കിയത്. അതിയന്നൂർ ബ്ലോക്കിലെ വെങ്ങാനൂർ, നേമം ബ്ലോക്കിലെ ബാലരാമപുരം എന്നീ ഗ്രാമ പഞ്ചായത്തുകളിൽ 10 ഹെക്ടർ വീതം ഈ വർഷം പുഷ്പകൃഷി ചെയ്തു. തിരുവനന്തപുരം കോർപറേഷനിൽ 1.5 ഹെക്ടർ സ്ഥലത്താണ് പുഷ്പകൃഷി.  നേമം ബ്ലോക്കിൽ 47 ഹെക്ടർ സ്ഥലത്ത് ജമന്തി, ചെണ്ടുമല്ലി, വാടാമുല്ല, മുല്ല എന്നീ പൂക്കളാണ് കൃഷി ചെയ്തിരിക്കുന്നത്.

പൂക്കൃഷി ചെയ്യുന്നവരിലേറെയും 41 നും 50 വയസ്സിനും ഇടയിലുള്ളവർ
30 വയസ്സിനു മുകളിലുള്ളവരാണ് ജില്ലയിൽ പുഷ്പ കൃഷിയിൽ ഏർപ്പെടുന്നവരിൽ ഏറെയും. 30 വയസ്സിനു താഴെ 2 % പേരും, 31–40നും ഇടയിൽ 16.3 %, 41–50 നും ഇടയിൽ പ്രായമുള്ളർ 49 %, 50 നു മുകളിൽ 32.7 % പേരുമാണ് കൃഷി ചെയ്യുന്നത്. സ്വന്തമായി പുഷ്പകൃഷി ചെയ്തത് 25.9 % പേർ, കർഷക സംഘങ്ങൾ വഴി 5.2 %, കർഷക കൂട്ടായ്മകൾ വഴി 72.4 % പേരും പുഷ്പ ക‍ൃഷി ചെയ്തിട്ടുണ്ട്.

62.1 % പേർ കിണറിനെ ആശ്രയിച്ച് ജലസേചനം നടത്തിയപ്പോൾ 19 % പേർ കുളവും, 12.1 % പേർ പൈപ്പ് കണക്‌ഷൻ ഉപയോഗിച്ചാണ് ജലസേചനം ചെയ്തത്.  കൃഷി ചെയ്ത പൂക്കൾ നേരിട്ട് ഉപഭോക്താവിന് നൽകുന്ന 46.6 % പേരും, പ്രാദേശിക വിപണികൾക്ക് നൽകുന്ന 75.9 % പേരും ഉണ്ട്. ഓൺലൈൻ വഴി വിപണനം നടത്തുന്ന 5.2 % പേരും, മൊത്ത വിതരണക്കാർക്ക് നൽകുന്ന 8.6 % കർഷകരും ഉണ്ട്.

 കാട്ടാക്കട– ജില്ലയുടെ ‘പൂക്കട’
കാട്ടാക്കട നിയോജക മണ്ഡലത്തിലാണ് ജില്ലയിൽ പുഷ്പകൃഷി കൂടുതലെന്ന് റിപ്പോർട്ടിൽ പറയുന്നു. മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലായി ഈ വർഷം 37.75 ഹെക്ടർ ആണ് കൃഷി. മുൻ വർഷം 27.92 ഹെക്ടറായിരുന്നു. മുൻ വർഷത്തെക്കാൾ 24 ഏക്കറിലധികം വർധനയാണ് കാട്ടാക്കട മണ്ഡലത്തിൽ മാത്രമുണ്ടായത്.

മുൻ വർഷം ഇവിടെ നടപ്പാക്കിയ ‘നമ്മുടെ ഓണം, നമ്മുടെ പൂവ്’ പദ്ധതിയാണ് പുഷ്പകൃഷി വർധനയ്ക്ക് പ്രധാന കാരണം. വെള്ളനാട്, കിളിമാനൂർ, ചിറയിൻകീഴ് എന്നീ ബ്ലോക്കുകളിൽ ഏകദേശം 21 ഹെക്ടർ വീതം കൃഷി ചെയ്തിട്ടുണ്ട്. ചിറയിൻകീഴ് ബ്ലോക്കിൽ ജമന്തിക്കു പുറമേ വാടാമുല്ല, ചെണ്ടുമല്ലി എന്നിവയും പോത്തൻകോട് ബ്ലോക്കിൽ കുറ്റിമുല്ലയും ജമന്തിയും കൂടി 11 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നു.

English Summary:

Flower cultivation in Thiruvananthapuram is booming, with the 'Poovili 2024' report showing a fivefold increase in cultivation area. Farmers are experiencing high profits from marigold, chrysanthemum, jasmine, and tuberose, contributing to a successful pre-Onam season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com