കണ്ണുകാണാത്ത ഇവനെ ഉപേക്ഷിക്കാൻ പലരും പറഞ്ഞു: സ്കൂബിയുടെ വിശേഷങ്ങൾ പങ്കുവച്ച് ചെന്നിത്തല
Mail This Article
രാഷ്ട്രീയക്കാരെല്ലാം കർക്കശക്കാരാണെന്നാണ് പൊതുധാരണ. എന്നാൽ രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകൾക്കിടയിലും കാഴ്ചശക്തിയില്ലാത്ത തന്റെ വളർത്തുനായയെ പൊന്നുപോലെ പരിപാലിക്കുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ ധാരണകളെല്ലാം തിരുത്തുകയാണ്. കാഴ്ചയില്ലെങ്കിലും ചെത്തികൂർപ്പിച്ച ചെവിയും മൂക്കും കൊണ്ട് അന്ധതയെ മറികടന്ന തന്റെ പ്രിയപ്പെട്ട സ്കൂബിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് രമേശ് ചെന്നിത്തല.
കുറച്ചു വർഷങ്ങൾക്കു മുമ്പാണ് രമേശ് ചെന്നിത്തലയുടെ ഇളയമകൻ രമിത്ത്, ലാബ്രഡോർ റിട്രീവർ ഇനത്തിൽപെട്ട ഒരു നായ്ക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. അവർ അവന് സ്കൂബി എന്നു പേരുനൽകി. അന്ന് സ്കൂബിക്ക് 6 മാസമായിരുന്നു പ്രായം. വീട്ടിലെ എല്ലാവരുമായും അവൻ പെട്ടെന്ന് ഇണങ്ങി. എല്ലാവരോടും വലിയ സ്നേഹമാണ് സ്കൂബിക്ക്. അവന് കണ്ണ് കാണില്ലെന്നുള്ള കാര്യം ആദ്യമൊന്നും ആർക്കും മനസിലായില്ല. പിന്നീടാണ് എല്ലായിടത്തും പോയി ഇടിച്ചുനിൽക്കുന്നതായി ശ്രദ്ധയിൽപെട്ടത്. കുടുംബ സുഹൃത്തുകൂടിയായ മൃഗഡോക്ടറെ കാണിച്ചു. അപ്പോഴാണ് സ്‌കൂബിക്ക് കാഴ്ചയില്ലെന്ന് മനസിലാകുന്നത്. അത് അവർക്ക് വലിയ വിഷമം ഉണ്ടാക്കി. എല്ലാവർക്കും അവനെ വലിയ കാര്യമായിരുന്നു. കണ്ണു കാണാത്ത നായയെ വളർത്തേണ്ട കാര്യമെന്താണെന്നും വാങ്ങിച്ചിടത്തു തന്നെ തിരികെ വിടണമെന്നുമൊക്കെ പലരും പറഞ്ഞു. പക്ഷേ അവനെ അങ്ങനെ ഉപേക്ഷിക്കാൻ അവർക്ക് പറ്റില്ലായിരുന്നു. വീട്ടിൽ എല്ലാവരുമായും സ്കൂബി ഇണങ്ങിക്കഴിഞ്ഞിരുന്നു. ഭാര്യയാണ് സ്കൂബിയെ പരിപാലിക്കുന്നത്. സമയം കിട്ടുമ്പോഴൊക്കെ അവനോടൊപ്പം സമയം ചിലവഴിക്കാൻ രമേശ് ചെന്നിത്തലയും ശ്രമിക്കാറുണ്ട്.
‘‘തിരക്കായതിനാൽ പലപ്പോഴും പലയിടങ്ങളിലായിരിക്കും. പക്ഷേ വീട്ടിൽ വരുമ്പോൾ അവനെ കാണാതെ പോകാറില്ല. കണ്ണ് കാണില്ലെങ്കിലും ശബ്ദം കേട്ട് അവൻ എന്നെ മനസിലാക്കും. വലിയ ശബ്ദത്തിൽ കുരച്ചു ബഹളം വയ്ക്കുമ്പോൾ ഞാൻ വഴക്കുപറയും. എന്റെ ശബ്ദം കേട്ടാൽ ഉടനെ അവൻ കുര നിർത്തും. നല്ല അനുസരണയാണ്. പണ്ട് വീട്ടിൽ പശുക്കുട്ടികളൊക്കെ ഉണ്ടായിരുന്നു. കുട്ടിക്കാലം മുതൽ മൃഗങ്ങളെ വലിയ ഇഷ്ടമാണെങ്കിലും ആദ്യമായാണ് ഒരു നായ്ക്കുട്ടിയെ വളർത്തുന്നത്. ഇവിടെ അവന് എല്ലാവിധ സൗകര്യങ്ങളുമുണ്ട്. കൊച്ചുമകനുമായാണ് ഇപ്പോൾ സ്കൂബിയുടെ കൂട്ട്. അവൻ സ്കൂബിയെ നടക്കാൻ കൊണ്ടുപോകുകയും ഭക്ഷണം കൊടുക്കുകയുമൊക്കെ ചെയ്യും’’ – രമേശ് ചെന്നിത്തല പറയുന്നു.