ഓണനാളുകളിലേക്ക് പൂമിഴി തുറന്ന് ഇന്ന് അത്തം
Mail This Article
തിരുവനന്തപുരം∙ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളുടെ വരവറിയിച്ച് ഇന്ന് അത്തം. പത്താം നാൾ മലയാളികളുടെ പ്രിയപ്പെട്ട തിരുവോണം. മുറ്റത്ത് ഇന്നു മുതൽ പൂക്കളങ്ങൾ വിരിഞ്ഞുതുടങ്ങും. വയനാട് ദുരന്തമേൽപിച്ച ആഘാതത്തിനിടയിലും മലയാളികൾ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. പൂക്കളങ്ങൾ, ഓണക്കോടി, ഓണക്കളികൾ,ഓണസദ്യ തുടങ്ങി എല്ലാത്തിനും ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഓണപരീക്ഷകൾ 12ന് അവസാനിച്ച് കുട്ടികൾ ഓണാവധിയിലേക്കു കടക്കും. പൂക്കളത്തിനായി ഓണവിപണിയിൽ പൂക്കൾ ഇന്നലെ മുതൽ എത്തിത്തുടങ്ങി. ഗ്രാമ നഗര വ്യത്യാസമില്ലാതെ തെരുവു കച്ചവടവും ഉഷാറാണ്. ആഭരണക്കടകളിലും വസ്ത്രവ്യാപാര ശാലകളിലും തിരക്കുണ്ട്. സർക്കാരിന്റേതുൾപ്പെടെ വിവിധ ഓണച്ചന്തകൾക്കും ഇന്നു തുടക്കമാകും.
ഓണപ്പൂക്കളുമായി കുടുംബശ്രീയും
ഓണപ്പൂക്കളത്തിന് കുടുംബശ്രീയുടെ പൂക്കളും. സംസ്ഥാനമൊട്ടാകെ ജമന്തി, മുല്ല, താമര എന്നിവ ഉൾപ്പെട്ട പൂക്കൃഷി വിളവെടുപ്പിന് പാകമായി. കഴിഞ്ഞ വർഷം 780 ഏക്കറിലായി 1819 കർഷക സംഘങ്ങൾ പൂക്കൃഷി നടത്തി. ഇത്തവണ 3000 വനിതാ കർഷക സംഘങ്ങൾ 1253 ഏക്കറിൽ കൃഷി നടത്തി. കുടുംബശ്രീ 10ന് ആരംഭിക്കുന്ന 2000ലേറെ ഓണച്ചന്തകളിലും മറ്റു വിപണികളിലും ഈ പൂക്കളെത്തും.
പൂക്കാലം വിളിക്കുന്നു,പോകാം തോവാളയിലേക്ക്
നാഗർകോവിൽ∙ ഇന്ന് അത്തം. പൂക്കളുടെ ഗ്രാമമായ തോവാള തിരുവോണം വരെയുള്ള 10 ദിവസങ്ങൾ തിരക്കിലാകും. അത്തം തലേന്നാളായ ഇന്നലെ കേരളത്തിൽനിന്ന് ഉൾപ്പെടെ ഒട്ടേറെപ്പേർ തോവാളയിൽ പൂ വാങ്ങാൻ എത്തിയിരുന്നു. നാളെ വിനായകചതുർഥിയും ഞായറാഴ്ച ഏറ്റവും അധികം വിവാഹങ്ങളും ഉള്ളതിനാൽ പൂക്കൾക്ക് ആവശ്യക്കാർ ഏറും. ഇക്കുറി മീനം,മേടം മാസങ്ങളിൽ പൂക്കൾക്ക് ഉയർന്ന വിലയായിരുന്നു. ഉൽപാദനം കുറഞ്ഞതിനെത്തുടർന്ന് പൂക്കളുടെ വരവ് കുറവായിരുന്നു.
നിലവിൽ തോവാളയിലും സമീപ ഗ്രാമങ്ങളിലും പൂക്കൃഷി വ്യാപകമായിട്ടുണ്ട്. ഉൽപാദനം കൂടിയതിനാൽ ധാരാളം പൂക്കൾ മാർക്കറ്റിൽ എത്താറുണ്ടെന്നും അതിനാൽ വിലയിൽ വലിയ വർധന ഉണ്ടായിട്ടില്ലെന്നും വ്യാപാരി എം.രാജേഷ് പറഞ്ഞു. സമീപ ഗ്രാമങ്ങളായ പഴവൂർ, കുമാരപുരം,പണക്കുടി എന്നിവിടങ്ങളിൽനിന്നു പിച്ചി,അരളി,മുല്ല,ക്രേന്തി എന്നിവ ധാരാളമായി എത്തുന്നുണ്ടെന്നും രാജേഷ് പറഞ്ഞു. സേലം,മധുര,ഡിണ്ടിഗലിലെ നിലക്കോട്ട,ഹൊസൂർ എന്നിവിടങ്ങളിൽ നിന്നാണ് റോസ്,മുല്ല എന്നിവ വരുന്നത്. ഇന്നലെ മുല്ല കിലോ–700 രൂപ,പിച്ചി–400,ജമന്തി–160–180,ക്രേന്തി–30, മിൽക്ക് വൈറ്റ് ജമന്തി–250,പനീർ റോസ്–90,ചെറിയ റോസ്–250,വെള്ള അരളി–450,റോസ്–200,ട്യൂബ് റോസ്–300, തുളസി–30, വാടാമല്ലി–40,കൊഴുന്ന്–120, താമര ഒന്ന്–3 എന്നിങ്ങനെയായിരുന്നു വില.