കടൽത്തീരം നിലവിളികളാൽ നിറഞ്ഞു; പുതിയ വീട്ടിൽ ഓണം ഉണ്ണാൻ ആകാതെ ജിയോ മടങ്ങി
Mail This Article
ചിറയിൻകീഴ്∙ അഞ്ചുതെങ്ങ് കടപ്പുറത്തു കടൽച്ചുഴിയിൽപെട്ടു കാണാതായ ആഷ്‌ലി ജോസിനായുള്ള തിരച്ചിൽ വിഫലം. ഇന്നലെ പുലർച്ചെ മുതൽ കോസ്റ്റൽ പൊലീസ്, ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റ്, അഞ്ചുതെങ്ങ് പൊലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ ഊർജിതമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ചുഴിയിൽപെട്ടു മരിച്ച ജിയോതോമസിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ വൈകുന്നേരത്തോടെ അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു. വെള്ളി വൈകിട്ടു 4ന് ആയിരുന്നു അപകടം. വലിയപള്ളിക്കു സമീപം കടൽത്തീരത്തു ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെയാണ് ദുരന്തമുണ്ടായത്. കടലിൽ വീണ പന്തെടുക്കാൻ പോയ ജിയോയും ആഷ്‌ലിയും ചുഴിയിൽ അകപ്പെടുകയായിരുന്നു. അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ആഷ്‌ലി.
പുതിയ വീട്ടിൽ ഓണം ഉണ്ണാൻ ആകാതെ ജിയോ മടങ്ങി
പുതിയ വീട്ടിൽ താമസത്തിനെത്തിയ ആഹ്ലാദത്തിലായിരുന്നു പത്തു വയസുകാരൻ ജിയോ തോമസ്. ഒരാഴ്ച മുൻപാണ് അഞ്ചുതെങ്ങ് കോട്ടയ്ക്കു സമീപമുള്ള പുതുവൽപുരയിടത്തിലെ ഏറെ പഴക്കം ചെന്ന വീട്ടിൽ നിന്നു പള്ളിക്കടുത്തു പുത്തൻമണ്ണ് ലക്ഷംവിട്ടിൽ നിർമാണം പൂർത്തിയാക്കിയ പുതിയ വീട്ടിലേക്ക് താമസം മാറ്റിയത്. ഓണാഘോഷവും ഓണസദ്യയും പുതിയവീട്ടിൽ തന്നെയാവണമെന്ന അച്ഛൻ തോമസ്, അമ്മ പ്രിൻസി, സഹോദരൻ ഗുഡ്‌വിന്റേയും ആഗ്രഹം സഫലമാക്കാതെയാണു ജിയോയുടെ കണ്ണീരിൽ കുതിർന്ന മടക്കം.
ഓണാഘോഷങ്ങളുടെ ഭാഗമായുള്ള പന്തുകളി ഇങ്ങനെയൊരു ദുരന്തത്തിൽ കലാശിക്കുമെന്ന് ആരും കരുതിയില്ല. കടലിൽ വീണ പന്ത് എടുക്കാൻ ജിയോയും കൂട്ടുകാരൻ ആഷ്‌ലിയും പിറകേ ഓടിയതു മാത്രമേ ഒപ്പമുണ്ടായിരുന്നവർ കണ്ടുള്ളു. പിന്നീട് കടൽത്തീരം നിലവിളികളാൽ നിറഞ്ഞു. ജിയോ തോമസിന്റെ ചേതനയറ്റ ശരീരം വീട്ടുമുറ്റത്തെത്തിച്ചപ്പോൾ കടലിരമ്പത്തേയും ഭേദിച്ചു നിലവിളികളുയർന്നു. സ്കൂൾ അധികൃതരും സഹപാഠികളും നാട്ടുകാരുമടക്കം വലിയൊരു ജനക്കൂട്ടം അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി.