നാവായിക്കുളത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; രോഗം പ്ലസ്ടു വിദ്യാർഥിക്ക്, 2 വിദ്യാർഥികൾ നിരീക്ഷണത്തിൽ
Mail This Article
കല്ലമ്പലം ∙ നാവായിക്കുളത്ത് പ്ലസ്ടു വിദ്യാർഥിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച വിദ്യാർഥിയുടെ സ്രവം പരിശോധിച്ചാണു രോഗം കണ്ടെത്തിയത്. പഞ്ചായത്തിലെ 11–ാം വാർഡായ ഡീസന്റ് മുക്കിൽ താമസിക്കുന്ന വിദ്യാർഥിക്കാണ് രോഗബാധ. 4–ാം വാർഡായ മരുതിക്കുന്നിലെ മാടൻകാവ് കുളത്തിൽ, രോഗം ബാധിച്ച കുട്ടിയും സുഹൃത്തുക്കളായ 2 പേരും കുളിച്ചിരുന്നു. 5 ദിവസം മുൻപു 3 പേർക്കും പനി ബാധിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
രോഗം ഭേദമായതിനെത്തുടർന്നു 2 പേർ ആശുപത്രി വിട്ടു. ഒരാൾക്കു അമീബിക് മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടതിനാൽ 2 ദിവസം മുൻപു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മറ്റുള്ള 2 പേരും നിരീക്ഷണത്തിലാണ്. ഈ കുട്ടി ഉൾപ്പെടെ 12 പേർക്കാണു ജില്ലയിൽ ഇതിനകം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചത്. ഇവരിൽ കാഞ്ഞിരംകുളം നെല്ലിമൂട് സ്വദേശിയായ പി.എസ്.അഖിൽ മരിച്ചു.
കുളത്തിന്റെ പ്രവേശന കവാടം അടച്ചു
നാവായിക്കുളത്ത് പ്ലസ് ടു വിദ്യാർഥിക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചെന്നു കരുതുന്ന മരുതിക്കുന്നിലെ മാടൻകാവ് കുളത്തിലേക്കുള്ള പ്രവേശനകവാടം ആരോഗ്യപ്രവർത്തകർ അടച്ചു. ഓഗസ്റ്റ് 10നു പഞ്ചായത്തിലെ മൂന്നാം വാർഡ് ഇടമൺനില പോരേടം മുക്കിലെ യുവതിക്ക് ഇതേ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ സമീപത്തെ പോരേടം ഏലാ തോട്ടിൽ കുളിച്ചതിനു ശേഷമായിരുന്നു രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത് .
തുടർന്ന് രോഗം ഭേദമായതോടെ സെപ്റ്റംബർ 9ന് ആശുപത്രി വിട്ടു. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യ വിഭാഗം പഞ്ചായത്തിലെ മുഴുവൻ ജലാശയങ്ങളിലും കുളങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. പായൽ നിറഞ്ഞ ജലാശയങ്ങളിലെ മുങ്ങിക്കുളി ഒഴിവാക്കണമെന്ന ജാഗ്രതാനിർദേശവും നൽകിയിരുന്നു. ഇതിനെ അവഗണിച്ചാണ് വിദ്യാർഥികൾ കുളത്തിൽ കുളിച്ചത്.