2 പേർക്കു കൂടി അമീബിക് മസ്തിഷ്കജ്വരം; ആശങ്ക
Mail This Article
തിരുവനന്തപുരം ∙ തിരുവനന്തപുരത്ത് വീണ്ടും ആശങ്കയുയർത്തി അമീബിക് മസ്തിഷ്കജ്വരം. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കു പുറമേ തിരുമല സ്വദേശിനിയായ 31 വയസ്സുകാരിക്കും അതിയന്നൂർ മുള്ളുവിള സ്വദേശിനിയായ 27 വയസ്സുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവർക്കും രോഗം പിടിപെട്ടതിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജില്ലയിൽ മൂന്നു മാസത്തിനിടയിൽ ഒട്ടേറെ പേർക്ക് രോഗബാധയുണ്ടായിട്ടും ശാസ്ത്രീയ പഠനങ്ങൾ നടക്കുന്നില്ല.
മന്ത്രി പ്രഖ്യാപിച്ച ഐസിഎംആർ പഠനവും ഇതുവരെ തുടങ്ങിയിട്ടില്ല.തിരുമല സ്വദേശിനിയും മുള്ളുവിള സ്വദേശിനിയും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥി മരുതിക്കുന്ന് വാർഡിലെ പൊതുകുളത്തിൽ ഉത്രാട ദിനത്തിൽ കുളിച്ചതിനു പിന്നാലെയാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത്. കൂടെ കുളിച്ച രണ്ട് പേർക്ക് ലക്ഷണമില്ലെങ്കിലും ഇവർ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നു പേരുടെയും ആരോഗ്യ നിലയിൽ കാര്യമായ പ്രശ്നങ്ങളില്ല.
തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പരിശോധന കൂട്ടി. പനിക്കൊപ്പം അപസ്മാരം പോലെയുള്ള ലക്ഷണങ്ങൾ ഉള്ളവരിൽ അമീബിക് മസ്തിഷ്കജ്വര പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. രണ്ടു മാസത്തിനിടെ 14 പേർക്കാണ് ജില്ലയിൽ രോഗം പിടിപെട്ടത്. മരണ നിരക്ക് കൂടുതലുള്ള ഈ രോഗം ബാധിച്ച തിരുവനന്തപുരം ജില്ലയിലെ ഒരാളെയൊഴികെ മറ്റുള്ളവരെയെല്ലാം ചികിത്സയിലൂടെ രക്ഷിക്കാനായിട്ടുണ്ട്. മലിനമായ ജലസ്രോതസ്സുകൾ വൃത്തിയാക്കാനും രോഗം പടരുന്ന സാഹചര്യം പഠിക്കാനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാൻ ശ്രമമുണ്ടായിട്ടില്ല.
ഭീതിയൊഴിയാതെ അതിയന്നൂർ
നെയ്യാറ്റിൻകര ∙ നേരത്തേ 8 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച അതിയന്നൂർ പഞ്ചായത്തിലാണ് ഇടവേളയ്ക്കു ശേഷം ഒരാൾക്കു കൂടി രോഗം സ്ഥിരീകരിച്ചത്. മുള്ളുവിള സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളം മാത്രം ഉപയോഗിക്കുന്ന ഇവരുടെ തലച്ചോറിൽ എവിടെ നിന്നാണ് അമീബ എത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ നില തൃപ്തികരമെന്ന് ഡോക്ടർമാർ പറഞ്ഞു.
ഓഗസ്റ്റ് 25ന് പനി ബാധിച്ചതാണ് തുടക്കം. അപസ്മാരവുമുണ്ടായി. വീടിനു സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഭേദമാകാത്തതിനാൽ അടുത്ത ദിവസം വെൺപകൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും അന്നു തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും ചികിത്സ തേടി. 28 മുതൽ ഈ മാസം 5 വരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു.
ഭേദമായതിനെ തുടർന്ന് വീട്ടിലെത്തി. തുടർ പരിശോധനയ്ക്കായി 20 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ യുവതിയെ അന്നു വീട്ടിലേക്ക് വിട്ടെങ്കിലും 26ന് ആശുപത്രിയിൽ നിന്ന് വിളിച്ച് അഡ്മിറ്റ് ആകണമെന്ന് നിർദേശിക്കുകയുമായിരുന്നു. അന്നു തന്നെ സാംപിൾ പരിശോധനയ്ക്കു നൽകി. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു.
കണ്ണറവിള പൂതംകോട് അനുലാൽ ഭവനിൽ അപ്പു എന്നു വിളിക്കുന്ന അഖിലിന് (27) ആണ് ആദ്യം അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. ജൂലൈ 13ന് പനി ബാധിച്ച് ചികിത്സ തേടിയ അഖിൽ 10 ദിവസത്തിനു ശേഷം മരിച്ചു. പിന്നാലെ, ഒരാഴ്ച ഇടവേളയിൽ ഈ പ്രദേശത്തു നിന്ന് 7 പേർ കൂടി രോഗം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ രണ്ടു പേർ ഇപ്പോഴും ചികിത്സയിലാണ്.
രോഗത്തിന്റെ ഉറവിടം എന്നു കരുതുന്ന കണ്ണറവിള കാവിൻകുളത്തിൽ നിന്ന് സാംപിൾ ശേഖരിച്ച് അയച്ചിട്ടുണ്ടെങ്കിലും ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഇതേക്കുറിച്ച് അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽ കുമാർ ജില്ലാ മെഡിക്കൽ ഓഫിസർ ഉൾപ്പെടെയുള്ളവരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ ഫലം പുറത്തു വിട്ടിട്ടില്ല.