കാര്യവട്ടത്ത് വിദ്യാർഥിക്കു നേരെ ആക്രമണം: സമാന സംഭവങ്ങൾ മുൻപും; സുരക്ഷ ശക്തമാക്കി പൊലീസ്
Mail This Article
കഴക്കൂട്ടം∙ കാര്യവട്ടം ക്യാംപസിലെ ഹോസ്റ്റലിലേക്കു നടന്ന പോയ പെൺകുട്ടിക്കു നേരെയുണ്ടായ അക്രമം ഒറ്റപ്പെട്ടതല്ലന്ന് മറ്റു വിദ്യാർഥികൾ. ക്യാംപസിന്റെ പിന്നിലെ ഗേറ്റിനു സമീപം പെൺകുട്ടികൾക്കു നേരെ മുൻപും ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. ഇതിൽ പ്രതിഷേധിച്ച് ക്യാംപസ് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
ഓഗസ്റ്റ് 14നാണ് വിദ്യാർഥിക്കു ആക്രമണം നേരിടേണ്ടി വന്നത്. മൂന്നു വിദ്യാർഥികൾ ലൈബ്രറിയിൽ പോയ ശേഷം ഭക്ഷണം കഴിക്കാനായി പോകുമ്പോഴാണ് അമിത വേഗത്തിൽ വന്ന ആൾ പെൺകുട്ടിയെ കടന്നു പിടിച്ചിട്ട് ബൈക്കിൽ കടന്നുകളഞ്ഞത്. പെൺകുട്ടി കഴക്കൂട്ടം പൊലീസിലും ക്യാംപസിലെ വകുപ്പ് മേധാവിക്കും പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് പൊലീസ് സിസി ക്യാമറകൾ പരിശോധിച്ചെങ്കിലും ആക്രമിച്ച വ്യക്തിയെ കണ്ടെത്താനായില്ല എന്നാണ് പറയുന്നത്.
സംഭവത്തെ തുടർന്ന് വിദ്യാർഥി പ്രതിനിധികളുടെയും ക്യാംപസ് ജീവനക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്തു. ക്യാംപസ് ഗേറ്റുകളിലും പെൺകുട്ടികളുടെ ഹോസ്റ്റലുകൾക്കു മുൻപിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും സെക്യൂരിറ്റി സംവിധാനം ശക്തമാക്കാനും തീരുമാനം എടുത്തു. വിദ്യാർഥിക്കു നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ പൊലീസ് പട്രോളിങ് ഊർജിതമാക്കിയിട്ടുണ്ടെന്നു കഴക്കൂട്ടം പൊലീസ് അറിയിച്ചു.