എസ്എടിയിലെ വൈദ്യുതി മുടക്കം: 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Mail This Article
തിരുവനന്തപുരം ∙ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ (എസ്എടി) മൂന്നര മണിക്കൂറിലേറെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ മെഡിക്കൽ കോളജിന്റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ കനകലത, ഗ്രേഡ്–1 ഓവർസീയർ സി.വി.ബാലചന്ദ്രൻ എന്നിവരെ സസ്പെൻഡ് ചെയ്തു. വൈദ്യുതിത്തകരാർ ഉണ്ടാകുമ്പോൾ പകരം സംവിധാനമൊരുക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് നടപടി.
മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനീയറാണ് അന്വേഷണം നടത്തിയത്. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട് . കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു സാധ്യതയുണ്ട്. വൈദ്യുതി തടസ്സം ഉണ്ടായപ്പോൾത്തന്നെ ബദൽ ക്രമീകരണം ഒരുക്കാത്തതിൽ ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് വ്യക്തമായിട്ടും ആരോഗ്യ വകുപ്പ് ഇതുവരെ ആർക്കുമെതിരെ നടപടിയെടുത്തിട്ടില്ല.
സാങ്കേതികമായി ഉണ്ടായ തകരാറുകൾക്ക് തങ്ങൾ ഉത്തരവാദിയല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. വൈദ്യുതി മുടങ്ങിയാൽ പരിഹരിക്കേണ്ടത് കെഎസ്ഇബിയും പൊതുമരാമത്ത് വകുപ്പുമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു. എന്നാൽ, ആശുപത്രിയുടെ ഭരണച്ചുമതലയുള്ള ആരോഗ്യ വകുപ്പിനാണ് വൈദ്യുതി മുടങ്ങിയതിന്റെ മുഴുവൻ ഉത്തരവാദിത്വമെന്നാണ് വൈദ്യുതി വകുപ്പിന്റെ വാദം. വിഷയത്തിൽ വൈദ്യുതി മന്ത്രി നാളെ തലസ്ഥാനത്തെത്തിയ ശേഷം ഉദ്യോഗസ്ഥരുമായി തുടർ ചർച്ച നടത്തും.
സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക അന്വേഷണം ഇതു വരെ പൂർത്തിയായില്ല. സമഗ്ര സാങ്കേതിക സമിതിയെ മന്ത്രി വീണാ ജോർജ് നിയോഗിച്ചെങ്കിലും അംഗങ്ങളെ ഇന്നലെയും തീരുമാനിച്ചിട്ടില്ല. കാലപ്പഴക്കംചെന്ന ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്താത്തതാണ് വൈദ്യുതി മുടക്കത്തിനു മുഖ്യകാരണമെന്നാണ് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പ്രാഥമിക റിപ്പോർട്ട്. ഇതിൻമേൽ കൂടുതൽ അന്വേഷണം നടക്കും.
ആശുപത്രിയിൽ ചികിത്സയിലുള്ള ഗർഭിണികളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുക എന്നതാണെന്ന് മുഖ്യദൗത്യമെന്നും അതു കൃത്യമായി ചെയ്തിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. വൈദ്യുതി മുടങ്ങിയപ്പോൾ ഉൾപ്പെടെ എല്ലായിടവും സുരക്ഷിതമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഞായർ രാത്രി 7ന് തകരാറിലായ വൈദ്യുതി, രാത്രി പത്തരയോടെ ജനറേറ്റർ എത്തിച്ചാണ് താൽക്കാലികമായി പരിഹരിച്ചത്. വൈദ്യുതി മുടങ്ങി കൈക്കുഞ്ഞുങ്ങളും ഗർഭിണികളും ഉൾപ്പെടെയുള്ളവർ ദുരിതത്തിലായിരുന്നു.