മൃഗശാലയിൽനിന്നു ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങിനെയും പിടികൂടി
Mail This Article
തിരുവനന്തപുരം ∙ തലസ്ഥാനത്തെ മൃഗശാലയിൽനിന്നു ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങിനെയും പിടികൂടി കൂട്ടിലെത്തിച്ചു. 30ന് കൂട്ടിൽനിന്നു പുറത്തുപോയ 3 പെൺകുരങ്ങുകളിൽ രണ്ടെണ്ണം നേരത്തേ കൂട്ടിൽ തിരിച്ചെത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ജീവനക്കാർ കെഎസ്ഇബിയുടെ പ്രത്യേക ക്രെയിൻ ഉപയോഗിച്ച് കുരങ്ങ് ഇരുന്ന മരത്തിനു മുകളിലെത്തിയാണു പിടികൂടിയത്. 25 മീറ്ററോളം ഉയരത്തിൽ എത്തിയശേഷം പിന്നീട് സുരക്ഷിതമായി വലയിൽ കുടുക്കുകയായിരുന്നു. മൃഗശാല ഡോക്ടറും മറ്റൊരു ജീവനക്കാരനുമാണ് ക്രെയിനിൽ മുകളിലെത്തിയത്.
കുരങ്ങിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. നടക്കാൻ നേരിയ ബുദ്ധിമുട്ടുള്ള കുരങ്ങാണിത്. ഇതേ കാരണത്താലാകും മറ്റു കുരങ്ങുകൾ കൂട്ടിലേക്കു സ്വമേധയാ മടങ്ങിയിട്ടും ഇത് മടി കാണിച്ചതെന്നു മൃഗശാല അധികൃതർ പറഞ്ഞു. മാസങ്ങൾക്കു മുൻപ് മറ്റൊരു ഹനുമാൻ കുരങ്ങും മൃഗശാലയ്ക്കു പുറത്തു ചാടിയിരുന്നു.
ദിവസങ്ങൾക്കു ശേഷമാണ് അതിനെ തിരികെ കൊണ്ടുവരാനായത്. ഇത്തവണ 4 ദിവസത്തിനകം കുരങ്ങുകളെ കണ്ടെത്തി തിരികെയെത്തിക്കാൻ കഴിഞ്ഞത് ആശ്വാസമായെന്നു മൃഗശാല–മ്യൂസിയം ഡയറക്ടർ പി.എസ്.മഞ്ജുള പറഞ്ഞു. കൂടിനു സമീപത്തെ മതിലിനോടു ചേർന്നുള്ള ചാഞ്ഞ മരച്ചില്ലകൾ വഴിയാണ് കുരങ്ങുകൾ പുറത്തു ചാടിയത്.