ADVERTISEMENT

തിരുവനന്തപുരം ∙ ഇനി 9 ദിവസം നഗരം സംഗീത, ഭക്തി സാന്ദ്രം. പത്മനാഭപുരത്ത് നിന്നുള്ള നവരാത്രി വിഗ്രഹങ്ങളെ ആചാരപൂർവം വരവേറ്റ് വിവിധ ക്ഷേത്രങ്ങളിൽ പൂജക്കിരുത്തിയതോടെ തലസ്ഥാനത്തെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. വിശ്വാസപ്പെരുമയുടെ പല്ലക്കിലേറി എത്തിയ വിഗ്രഹങ്ങളെ നഗരാതിർത്തിയായ നേമത്തും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര ആരംഭിച്ച കരമന ആവടി അമ്മൻ ക്ഷേത്രത്തിനു സമീപത്തും ജന സഞ്ചയം വണങ്ങി. 

നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഇന്നലെ രാവിലെയാണ് വിഗ്രഹങ്ങൾ പുറപ്പെട്ടത്. സരസ്വതി ദേവിയെ ആനപ്പുറത്തും വേളിമല കുമാരസ്വാമി, മുന്നൂറ്റി നങ്ക വിഗ്രഹങ്ങളെ പല്ലക്കുകളിലുമാണ് എഴുന്നള്ളിച്ചത്. നേമം ഗവ. യുപി സ്കൂളിന് മുന്നിൽ മേയർ ആര്യാ രാജേന്ദ്രൻ, ഡപ്യൂട്ടി മേയർ പി.കെ.രാജു എന്നിവരുടെ  നേതൃത്വത്തിൽ കോർപറേഷൻ വക ഔദ്യോഗിക സ്വീകരണം. തുടർന്ന് നേമം കച്ചേരി നടയിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.

റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിനു ശേഷം ഇറക്കിപ്പൂജ നടത്തി. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ.അനിൽ, താലൂക്ക് തഹസിൽദാർമാരായ രമേശ്കുമാർ,ഷാജു, കലക്ടറേറ്റിലെ ഹുസൂർ തഹസിൽദാർ ആർ. രാജി,നേമം വില്ലേജ് ഓഫിസർ ശ്രീജിത് ചന്ദ്രശേഖരൻ നായർ, ഹെഡ് ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ ബൈജു എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. വൈകിട്ട് മൂന്നിന് കച്ചേരി നടയിൽ നിന്ന് ഘോഷയാത്ര പുറപ്പെടും വരെ പൂജകൾക്കായി ഭക്തരുടെ നീണ്ട നിരയായിരുന്നു.

വൈകിട്ട് അഞ്ചരയോടെ ഘോഷയാത്ര കരമന ആവടി അമ്മൻ ക്ഷേത്രത്തിലെത്തി. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സ്വീകരിച്ചു. ഇവിടെ വിശ്രമത്തിനു ശേഷം ആറരയോടെ വിഗ്രഹങ്ങളെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലേക്ക് ആനയിച്ചു. പൊലീസിന്റെ അശ്വാരൂഢ സേനയാണ് ഘോഷയാത്രയിൽ ആദ്യം അണിനിരന്നത്. വിവിധ കലാരൂപങ്ങളും വാദ്യഘോഷങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. വീഥിക്ക് ഇരുവശവും തടിച്ചു കൂടിയ ഭക്തർ തട്ടം പൂജയും പുഷ്പ വൃഷ്ടിയും നടത്തി ഘോഷയാത്രയെ വരവേറ്റു. ആയിരങ്ങൾ ഘോഷയാത്രയെ അനുഗമിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കിള്ളിപ്പാലത്തും സ്വീകരണം നൽകി.

പത്മനാഭപുരത്തെ ഉപ്പിരിക്ക മാളികയിൽ വച്ച് കൈമാറിയ ഉടവാൾ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ക്ഷേത്ര സ്ഥാനി മൂലം തിരുനാൾ രാമവർമ ഏറ്റുവാങ്ങി. പുതുച്ചേരി ഗവർണർ കൈലാസ് നാഥ്, കേന്ദ്രമന്ത്രി സുരേഷ്ഗോപി , മന്ത്രി വി.എൻ.വാസവൻ, രാജ കുടുംബാംഗങ്ങളായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി, പൂയം തിരുനാൾ ഗൗരി പാർവതി ബായി, ആദിത്യ വർമ ഭരണസമിതി അംഗങ്ങളായ കരമന ജയൻ, തുളസി ഭാസ്കർ തുടങ്ങിയവർ പങ്കെടുത്തു.

 സരസ്വതി വിഗ്രഹത്തെ പത്മ തീർഥത്തിൽ ആറാടിച്ച ശേഷം നല്ലിരിപ്പ് മുറിയിലേക്ക് മാറ്റി. കുമാരസ്വാമിയെ ആര്യശാല ഭഗവതി ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ദേവി ക്ഷേത്രത്തിലും പൂജക്കിരുത്തി. നവരാത്രി മണ്ഡപത്തിൽ ഇന്നു 9 ദിവസം വൈകിട്ട് 6.30 ന് സംഗീത കച്ചേരികൾ അരങ്ങേറും. 13 ന് കുമാര സ്വാമിയെ പൂജപ്പുര സരസ്വതി മണ്ഡപത്തിലേക്ക് ആനയിക്കും. ഇവിടെ പള്ളിവേട്ടയ്ക്ക് ശേഷം ഒരു ദിവസത്തെ നല്ലിരുപ്പ്. 15 ന് പത്മനാഭപുരത്തേക്കുള്ള മടക്ക യാത്ര ആരംഭിക്കും. 

English Summary:

Thiruvananthapuram is immersed in the vibrant spirit of Navaratri. The city welcomes the ceremonial procession of deities from Padmanabhapuram to the Sree Padmanabha Swamy Temple, marking the beginning of nine days of cultural and religious fervor.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com