ADVERTISEMENT

തിരുവനന്തപുരം ∙ അമീബിക് മസ്തിഷ്ക  ജ്വരം സ്ഥിരീകരിക്കാനുള്ള പോളിമറേസ് ചെയിൻ റിയാക്‌ഷൻ (പിസിആർ) പരിശോധന പബ്ലിക് ഹെൽത്ത് ലാബിൽ നടത്തും. സംസ്ഥാനത്തു പലയിടത്തും ഉറവിടമറിയാതെ അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കുന്ന സാഹചര്യത്തിലാണ് മസ്തിഷ്ക ജ്വര ലക്ഷണങ്ങളുള്ള എല്ലാവർക്കും അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള പരിശോധന കൂടി നടത്താൻ പബ്ലിക് ഹെൽത്ത് ലാബിൽ സൗകര്യമൊരുക്കുന്നത്.

അമീബിക് മസ്തിഷ്ക ജ്വരം
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്) ഉണ്ടാകുന്നത്. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് ഈ രോഗം വ്യാപിക്കില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് സാധാരണയായി രോഗബാധ ഉണ്ടാകുന്നത്.

മൂക്കിനേയും മസ്തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മസ്തിഷ്ക ജ്വരത്തിനു കാരണമാകുകയും ചെയ്യുന്നത്. അക്കാന്ത അമീബ വെള്ളം, മണ്ണ്, പൊടിപടലങ്ങൾ തുടങ്ങി എല്ലായിടത്തും കാണപ്പെടുന്നു. മുറിവുകളിലൂടെയും ശ്വാസകോശത്തിലൂടെയും അക്കാന്ത അമീബയ്ക്ക് ശരീരത്തിൽ കടക്കാനാകും. അതിനാൽ ലക്ഷണങ്ങൾ പ്രകടമായാലുടൻ ചികിത്സ തേടണം.

ലക്ഷണങ്ങൾ
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവ. കുഞ്ഞുങ്ങളിൽ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങൾ : ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവ.രോഗം ഗുരുതരാവസ്ഥയിലായാൽ ഓർമക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിയുമുണ്ടാകും വിവരങ്ങൾക്ക് : ദിശ 1056, 0471- 2552056, 104

ഒടുവിൽ മെഡിക്കൽ ഓഫിസർ പ്രതികരിച്ചു
അമീബിക് മസ്തിഷ്ക ജ്വരം തുടർച്ചയായിട്ടും ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കൽ ഓഫിസും പ്രതികരിക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. ഇതിനെത്തുടർന്നാണ് ഇന്നലെ ജില്ലാ മെഡിക്കൽ ഓഫിസർ ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയത്. ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തയുടൻ തന്നെ കലക്ടറുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിച്ചുവെന്നാണ്   ജില്ലാ മെഡിക്കൽ ഓഫിസർ ഡിഎംഒ ഡോ.ബിന്ദു മോഹന്റെ വിശദീകരണം.   

ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 5 പേരാണ് ചികിത്സയിലുള്ളത്. പുല്ലമ്പാറ സ്വദേശിനിയായ 9 വയസ്സുകാരിക്കാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തിൽ രോഗം പിടിപെട്ട 11 പേരിൽ ഒരാൾ മരിച്ചു. 10 പേരുടെ രോഗം ഭേദമായി. രോഗത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടെത്താനായതിനാലാണ് ചികിത്സയിലൂടെ രോഗം ഭേദപ്പെടുത്താനായതെന്നും അവർ വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com