ഹോർത്തൂസ്: സാഹിത്യ സാംസ്കാരിക ഉത്സവത്തിന്റെ അക്ഷരപ്രയാണത്തിന് സ്വീകരണം
Mail This Article
തിരുവനന്തപുരം∙ മലയാള മനോരമ നവംബർ 1,2,3 തീയതികളിൽ കോഴിക്കോട് നടത്തുന്ന സാഹിത്യ സാംസ്കാരിക ഉത്സവമായ ‘ഹോർത്തൂസിന്’ മുന്നോടിയായി ജില്ലകളിലൂടെ നടത്തുന്ന അക്ഷരപ്രയാണത്തിന് ജില്ലയിലെ നാലിടങ്ങളിൽ ഹൃദ്യമായ വരവേൽപ്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം,പ്രഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ,കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷ്,ശാന്തിഗിരി ആശ്രമം എന്നിവിടങ്ങളിലാണ് സ്വീകരണവും അക്ഷരം കൈമാറൽ ചടങ്ങും നടന്നത്. നാലിടങ്ങളിൽ നിന്നും സ്വീകരിച്ച അക്ഷരങ്ങൾ കോഴിക്കോട് ഹോർത്തൂസിന്റെ മുഖ്യവേദിയിൽ സ്ഥാപിക്കും.
ശ്രീനാരായണ ഗുരുദേവന്റെ ‘ദൈവദശകത്തിലെ’ വരികൾ മന്ത്രധ്വനികളായി നിറഞ്ഞ ചെമ്പഴന്തി ഗുരുകുലത്തിലെ ചടങ്ങ് കവി വി.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. ശിവഗിരി ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യാതിഥിയായി. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫ്, കവി മധുസൂദനൻ നായരിൽനിന്ന് അക്ഷരം സ്വീകരിച്ചു. ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി അഭയാനന്ദ, മനോരമ ചീഫ് റിപ്പോർട്ടർ ടി.ബി.ലാൽ, ചീഫ് സബ്എഡിറ്റർ ആർ.ശശിശേഖർ എന്നിവർ പ്രസംഗിച്ചു.
കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥികളായ എസ്.അനിഖ,കെ.വി.അവിഘ്ന,ദ്വാദശി എന്നിവർ ഗുരുദേവ കൃതികളുടെ പാരായണവും മധുസൂദനൻ നായരുടെ കവിതകളുടെ ആലാപനവും നടത്തി. അധ്യാപകരായ എം.പി.സലില,എ.ഷീജ എന്നിവർ പങ്കെടുത്തു. പ്രഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ സെക്രട്ടറി ഡോ.എഴുമറ്റൂർ രാജരാജവർമ പ്രഭാഷണം നടത്തി. മലയാള മനോരമ സർക്കുലേഷൻ ഡപ്യൂട്ടി മാനേജർ ആർ.ടി.ശ്രീജിത്ത് എഴുമറ്റൂരിൽനിന്ന് അക്ഷരം ഏറ്റുവാങ്ങി.
കവി ഒ.എൻ.വി.കുറുപ്പിന്റെ കൊച്ചുമകളും ഗായികയുമായ അപർണ രാജീവ് ഒഎൻവിയുടെയും സുഗതകുമാരിയുടെയും കവിതകൾ ആലപിച്ചു. നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലെ വിദ്യാർഥികളായ സാരംഗ് സനൽ,അനഘ,അധ്യാപകരായ എം.എസ്. ഹരികൃഷ്ണ,അനു കൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷിൽ പ്രഫ.വി.രാജാകൃഷ്ണൻ അയ്യപ്പപ്പണിക്കരെ അനുസ്മരിച്ചു പ്രഭാഷണം നടത്തി.
അദ്ദേഹത്തിൽനിന്ന് മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ സുജിത് നായർ,മനോരമ ന്യൂസ് റീജനൽ ബ്യൂറോ ചീഫ് സുദീപ് സാം വർഗീസ് എന്നിവർ ചേർന്ന് അക്ഷരം സ്വീകരിച്ചു. കവി സുമേഷ് കൃഷ്ണൻ അയ്യപ്പപ്പണിക്കരുടെ കവിതകളുടെ ആലാപനം നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷ് ഡയറക്ടർ ഇൻ ചാർജ് ഡോ.വിഷ്ണു നാരായണൻ,പ്രഫ.ബി.ഹരിഹരൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളായ ഹരിപ്രിയ,ഡോണ,രേവതി എന്നിവർ കവിതകളുടെ ആലാപനം നടത്തി.
ശാന്തിഗിരി ആശ്രമത്തിൽ അക്ഷരപ്രയാണത്തിനു ലഭിച്ച വരവേൽപ്പിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യാതിഥിയായി. എഴുത്തുകാരനും നടനും സംവിധായകനുമായ മധുപാൽ പ്രഭാഷണം നടത്തി. മലയാള മനോരമ പഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേഷൻ ജനറൽ മാനേജർ ആർ.ചന്ദ്രമോഹൻ, മധുപാലിൽനിന്ന് അക്ഷരം ഏറ്റുവാങ്ങി. സ്വാമി സ്നേഹാത്മജ്്ഞാനതപസ്വി, സബീർ തിരുമല എന്നിവർ പ്രസംഗിച്ചു.
‘മാധവിയുടെ’ ചുവട്ടിൽ കവികൾക്ക് ആദരം
തിരുവനന്തപുരം∙ മലയാള മനോരമ ഹോർത്തൂസ് അക്ഷരപ്രയാണത്തിൽ കവികളായ ഒ.എൻ.വി.കുറുപ്പിനും ബി.സുഗതകുമാരിക്കും ആദരം. നന്ദാവനത്തെ എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ പരിസരത്താണ് പ്രിയ കവികളുടെ സ്മരണ നിറഞ്ഞത്. ഫൗണ്ടേഷൻ ഭരണസമിതിയംഗം കൂടിയായ ഒഎൻവിക്ക് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചപ്പോൾ ആദരം ഒരുക്കാൻ ഫൗണ്ടേഷൻ ഒരുങ്ങിയതാണ്. ആഘോഷങ്ങൾ ഒഴിവാക്കി മാവിൻതൈ നടാമെന്നായി ഒഎൻവി. അതു മറ്റുള്ളവരും അംഗീകരിച്ചു.
സാംസ്കാരിക പ്രവർത്തകരെ സാക്ഷിയാക്കി നട്ട മാവ് തലയുയർത്തിത്തുടങ്ങിയപ്പോൾ അദ്ദേഹം വിടപറഞ്ഞിരുന്നു. പിൽക്കാലത്ത് സുഗതകുമാരി മാവിനു പേരിട്ടു. മാവിനെ ചേർത്തു പിടിച്ചു മൂന്നു തവണ മന്ത്രിച്ചു: മാധവി. മഹാഭാരതത്തിൽ നിന്ന് ഒഎൻവി അടർത്തിയെടുത്ത് തന്റെ കൃതിയുടെ നായികയാക്കിയ അതേ മാധവി. സുഗതകുമാരിയും യാത്രയായി. അവരുടെ സ്മരണയ്ക്ക് സംവിധായകൻ നട്ട നെല്ലിച്ചെടി തലപൊക്കിത്തുടങ്ങി. മാവ് കായ്ച്ചപ്പോൾ അതിന്റെ ആദ്യഫലം ഒഎൻവിയുടെ ഭാര്യയ്ക്ക് കൈമാറിയതും അവർ ഒഎൻവി ചിത്രത്തിനു മുന്നിൽ വിളക്കു കൊളുത്തി അത് സമർപ്പിച്ച കഥയും പ്രഫ.എഴുമറ്റൂർ പങ്കുവച്ചു.
ഹോർത്തൂസ് അക്ഷര പ്രയാണത്തെ വരവേറ്റ് ശാന്തിഗിരിയിലെ ഹാപ്പിനസ് ഗാർഡൻ
പോത്തൻകോട്∙ മലയാള മനോരമയുടെ അക്ഷരപ്രയാണത്തെ ശാന്തിഗിരി ആശ്രമത്തില്‍ വരവേറ്റത് ഹാപ്പിനസ് ഗാർഡനിൽ. ഇവിടെ ആധുനികതയുടെ എഴുത്തുകാരനായ ഒ.വി.വിജയന് പ്രത്യേക സ്മാരകം ഉയരുകയാണ്. അവിടെ അദ്ദേഹത്തിന്റെ പ്രതിമയും സ്ഥാപിക്കും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മധുപാലും ചേർന്ന് അക്ഷരം കൈമാറിയ സമയം സംഗീത പശ്ചാത്തലത്തിൽ ആശ്രമത്തിലെ സന്യസ്തർ മൺചെരാതുകളിൽ ദീപം തെളിച്ചു.
മൺമറഞ്ഞ എല്ലാ എഴുത്തുകാർക്കും വേണ്ടിയാണ് ദീപം തെളിച്ചത്. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഗുരുസാഗരം നോവലിലെ ഏതാനും ഭാഗങ്ങൾ പാരായണം ചെയ്തു. ശാന്തിഗിരി ആശ്രമ സ്ഥാപകൻ കരുണാകര ഗുരുവിനെ പരിചയപ്പെട്ട് ശിഷ്യപ്പെട്ട നാളുകളിലായിരുന്നു ഒ.വി.വിജയൻ ഗുരുസാഗരം രചിച്ചത്. അവസാന നാളുകളിൽ ഒ.വി.വിജയൻ എന്ന എഴുത്തുകാരന്റെ മനസ്സിനു കൈവന്ന ശാന്തതയായിരുന്നു ഗുരുസാഗരം.
‘‘അവിചാരിതമായി ഞാൻ പോത്തൻകോട് കരുണാകരഗുരുവിനെ കണ്ടു. അതെന്റെ അറിവിന്റെ സൂക്ഷ്മതലങ്ങളിലെവിടെയോ പരിണാമങ്ങളുണ്ടാക്കി.ആ പരിണിതികളാണ് ഈ കഥയ്ക്കു പിന്നിൽ’’ – അദ്ദേഹം പറയുകയുണ്ടായി. സംസാരിക്കാൻ കഴിയാതിരുന്ന നാളിൽ ശാന്തിഗിരിയിലെ ഒരു ചടങ്ങിൽ പങ്കെടുത്തപ്പോൾ വായിച്ചു കേൾപ്പിക്കാനായി കരുണാകരഗുരുവിന്റെ ശിഷ്യനായ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ കയ്യിൽ എഴുതിക്കൊടുത്തതിങ്ങനെ, ‘ബുദ്ധിയുടെയും കലയുടെയും അഹന്തയുടെയും വിനയത്തിൽ കുളിച്ച് കയറാനാണ് ഞാൻ ശാന്തിഗിരിയിൽ വന്നത്’ .