അറിവിന്റെ മധുരമായി ആദ്യാക്ഷരം; ആരാധനാലയങ്ങളിലും സ്ഥാപനങ്ങളിലും വിദ്യാരംഭത്തിന് വൻ തിരക്ക്
Mail This Article
തിരുവനന്തപുരം∙ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചു. ശംഖുമുഖം ദേവി ക്ഷേത്രത്തിൽ മേൽശാന്തി എസ്.എം. കേശവൻ നമ്പൂതിരി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിപ്പിച്ചു. വട്ടിയൂർക്കാവ് അറപ്പുര ഈശ്വരി അമ്മൻ സരസ്വതി ക്ഷേത്രത്തിൽ നടത്തിയ വിദ്യാരംഭത്തിൽ ടി.കെ.എ. നായർ, ഏഴുമറ്റൂർ രാജരാജ വർമ തുടങ്ങിയവർ ഗുരുക്കൻമാരായി. താലൂക്ക് എൻഎസ്എസ് യൂണിയനു കീഴിലെ കണ്ണമ്മൂല ചട്ടമ്പി സ്വാമി ജന്മ സ്ഥാന ക്ഷേത്രത്തിൽ അരവിന്ദ് മേനോൻ കുട്ടികൾക്ക് ഹരിശ്രീ കുറിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടത്തിയ വിദ്യാരംഭത്തിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖ എംഡി ഡോ. ദിവ്യ എസ്.അയ്യർ, ആർക്കിടെക്ട് ജി.ശങ്കർ, നടൻ ജോബി, ജി.എസ്. പ്രദീപ് എന്നിവർ ഗുരുക്കൻമാരായി.
സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നടത്തിയ വിദ്യാരംഭത്തിന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഗുരുവായി. ലുലു മാളും പത്തനാപുരം ഗാന്ധിഭവനും ചേർന്ന് സംഘടിപ്പിച്ച ലുലു ആദ്യാക്ഷരം പരിപാടിയിൽ ശബരിമല വനമേഖലയിലെ മഞ്ഞത്തോട്, പ്ലാപ്പളളി, അട്ടത്തോട് ഊരുകളിലെ കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. ടി.കെ.എ. നായർ, ഹൈക്കോടതി മുൻ ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ അടക്കമുള്ളവർ ഗുരുക്കൻമാരായി. കുട്ടികൾക്ക് പഠനോപകരണങ്ങളും നൽകി. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, ലുലു ഗ്രൂപ്പ് റീജനൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ എന്നിവർ പങ്കെടുത്തു.
ജവാഹർ ബാലഭവനിൽ ബാലഭവൻ ചെയർമാൻ വി.കെ പ്രശാന്ത് എംഎൽഎ, ബാല സാഹിത്യകാരി ഡോ. രാധിക സി. നായർ എന്നിവർ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു. സംഗീതം, നൃത്തം, ചിത്രരചന, എയ്റോ മോഡലിങ് തുടങ്ങിയവയിലും വിദ്യാരംഭം നടത്തി.
∙ അറപ്പുര ഈശ്വരി അമ്മൻ സരസ്വതി ക്ഷേത്രത്തിലെ വിദ്യാരംഭച്ചടങ്ങിൽ 180 കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. എം.നന്ദകുമാർ, ടി.കെ.എ.നായർ, എൻ.രാധാകൃഷ്ണൻ, ഡോ.ദിവ്യ എസ്.അയ്യർ, എഴുമറ്റൂർ രാജരാജവർമ, ഡോ.ഹരീന്ദ്രൻനായർ, കല്ലറ ഗോപൻ, വി.കൃഷ്ണകുമാർ, ശശിധരൻ ഉണ്ണിത്താൻ എന്നിവർ വിദ്യാരംഭത്തിനു നേതൃത്വം നൽകി. അറുപതോളം ബാലികമാർ പങ്കെടുത്ത ബാലസരസ്വതീ പൂജയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു. ചിറപ്പോടു കൂടി നവരാത്രി ഉത്സവം സമാപിച്ചു.
∙സാധുജനപരിപാലന സംഘത്തിന്റെ നേതൃത്വത്തിൽ വെങ്ങാനൂരിൽ അയ്യങ്കാളിയുടെ സ്മൃതി മണ്ഡപത്തിനു മുന്നിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ചരിത്രകാരൻ കുന്നുകുഴി എസ്.മണി, അധ്യാപിക എസ്.ആർ. അനിതാ റാണി എന്നിവർ നേതൃത്വം നൽകി. സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ജഗതി, കരയോഗ സെക്രട്ടറി അനിൽ വെങ്ങാനൂർ, കരയോഗ അംഗങ്ങളായ പ്രേംകുമാർ, രാജേഷ്, അജിത എന്നിവർ സംബന്ധിച്ചു.