ആവേശമായി യുഎസ്ടി ട്രിവാൻഡ്രം മാരത്തൺ; പങ്കെടുത്തത് 5000ത്തിലധികം പേർ
Mail This Article
തിരുവനന്തപുരം∙ ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ജീവനക്കാർക്കിടയിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി, എൻഇബി സ്പോർട്സ് എന്ന സ്ഥാപനവുമായി സഹകരിച്ച് ഞായറാഴ്ച സംഘടിപ്പിച്ച ട്രിവാൻഡ്രം മാരത്തണിൽ 5000ത്തിലധികം പേർ പങ്കെടുത്തു. യുഎസ്ടി ട്രിവാൻഡ്രം മാരത്തണിന്റെ ആദ്യ പതിപ്പാണ് നടന്നത്. യുഎസ്ടിയുടെ 25–ാം സ്ഥാപക വാർഷികത്തോടനുബന്ധിച്ചാണ് മാരത്തൺ സംഘടിപ്പിച്ചത്.
യുഎസ്ടി ട്രിവാൻഡ്രം ക്യാംപസിൽ നിന്ന് ആരംഭിച്ച മാരത്തൺ, നിശ്ചിത റൂട്ടുകളിലൂടെ സഞ്ചരിച്ച് യുഎസ്ടി ക്യാംപസിലേക്ക് മടങ്ങിയതോടെ സമാപിച്ചു. പരിചയ സമ്പന്നരായവർക്ക് ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ; വേഗതയേറിയ ഓട്ടക്കാർക്കും പുതിയ ഓട്ടക്കാർക്കും 10 കിലോമീറ്റർ റൺ, 5 കിലോമീറ്റർ ഫൺ റൺ; നടത്തക്കാർക്കും സാധാരണ ഓട്ടക്കാർക്കും 3 കിലോമീറ്റർ ഫാമിലി റൺ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മാരത്തൺ സംഘടിപ്പിച്ചത്. പങ്കെടുത്തവരിൽ 500 ഓളം പേർ യുഎസ്ടിയിലെ ജീവനക്കാരായിരുന്നു. വിവിധ വിഭാഗങ്ങളിലായി 22 ലക്ഷം രൂപ വിജയികൾ സമ്മാനമായി നേടി.
യുഎസ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കൃഷ്ണ സുധീന്ദ്ര മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. ചീഫ് ഓപ്പറേറ്റിങ് ഓഫിസർമാരായ മനു ഗോപിനാഥ്, അലക്‌സാണ്ടർ വർഗീസ്, തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ, ബിസിനസ് ഓപ്പറേഷൻസ് ജനറൽ മാനേജർ ഷെഫി അൻവർ, ഒളിംപ്യനും ദ്രോണാചാര്യ പുരസ്‌കാര ജേതാവും പ്രകാശ് പദുകോൺ അക്കാദമി ഡയറക്ടറുമായ വിമൽ കുമാർ, എയർഫോഴ്സ് എയർ മാർഷൽ രാകേഷ് സിൻഹ, പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ, ഐജി ശ്യാം സുന്ദർ, ടെക്‌നോപാർക് സിഇഒ സഞ്ജീവ് നായർ, ഓസ്ട്രേലിയ ഡെപ്യൂട്ടി കൗൺസൽ ജനറൽ ഡേവിഡ് എഗ്ഗ്‌ലെസ്റ്റൺ എന്നിവർ സന്നിഹിതരായിരുന്നു.