മഴ; വർക്കല ബീച്ച് ഹെലിപ്പാഡ് ഭാഗത്ത് വീണ്ടും കുന്നിടിഞ്ഞു
Mail This Article
വർക്കല∙ കനത്ത മഴയിൽ വർക്കല ക്ലിഫ് ഹെലിപ്പാഡിനരികിൽ മണ്ണിടിഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഈ ഭാഗത്തു കുന്നിന്റെ പാർശ്വ ഭാഗങ്ങൾ മഴക്കാലത്തു നിരന്തരം ഇടിയുന്നത് പതിവായി. ഇക്കഴിഞ്ഞ കാലവർഷത്തിലെ ആരംഭത്തിലും ഈ ഭാഗത്തു കാര്യമായ തോതിൽ മണ്ണിടിഞ്ഞു താഴ്ന്നിരുന്നു. ഇതേ തുടർന്നു സഞ്ചാരികൾ വന്നു ചേരുന്ന ഹെലിപ്പാട് കുന്നിന് അരികിലേക്ക് നടന്നു പോകുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ഹെലിപ്പാഡ് പരിധിയിൽ സന്ദർശക വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കുന്നിന് ബലക്ഷയം ഉണ്ടാക്കുമെന്ന് കാരണത്താൽ നിലവിൽ നിരോധനം തുടരുന്നുണ്ട്. എന്നാൽ ഇടക്കാലത്തു നിയന്ത്രണങ്ങളിൽ അയവു വരുത്തിയിരുന്നതായി ആക്ഷേപമുണ്ട്.
ഹെലിപ്പാഡ് മുതൽ വടക്കു തിരുവമ്പാടി ബീച്ച് വരെ കടലിനു അഭിമുഖമായി നിൽക്കുന്ന കുന്നുകളുടെ പല ഭാഗങ്ങളും ശോഷിക്കുകയാണ്. അരിക് ഇടിയുന്നതിനു പുറമേ, കുന്നിൽ വിളളലുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സന്ദർശകർ നിരന്തരം നടന്നു പോകുന്നു സ്ഥലങ്ങളാണെന്നു മാത്രമല്ല, റിസോർട്ട്, റസ്റ്ററന്റ് സ്ഥാപനങ്ങൾ ഏറെയും ഹെലിപ്പാഡ്, നോർത്ത് ക്ലിഫ് മേഖലയിലാണ് കേന്ദ്രീകരിച്ചു നിൽക്കുന്നത്. ഇക്കാരണത്താൽ സഞ്ചാരികളുടെ സുരക്ഷ പ്രധാനമാണ്. സന്ദർശക പ്രവാഹത്തിൽ പാപനാശവും പരിസര മേഖലയും തിരക്കിലമരുകയാണ്.
അതേസമയം കുന്നുകളുടെ അപകടാവസ്ഥ സംബന്ധിച്ചു റിപ്പോർട്ടുകൾ ബന്ധപ്പെട്ട അധികാരികൾക്ക് കാലാകാലങ്ങളിൽ കിട്ടുന്നുണ്ടെങ്കിലും കുന്നിടിക്കലും ബഹുനില കെട്ടിടം നിർമാണവും തടയാൻ കഴിയാത്ത സ്ഥിതി കാലങ്ങളായി തുടരുന്നുണ്ട്. അടുത്തകാലത്തു പാപനാശം തീരത്തു ബലി മണ്ഡപത്തോട് ചേർന്ന് നിന്ന കുന്നിൽ നിന്ന് മണ്ണിടിച്ചിൽ തടയാനെന്ന പേരിൽ കലക്ടറുടെ ഉത്തരവ് പ്രകാരം കുന്നിന്റെ മേൽഭാഗം ഇടിച്ചത് വലിയ വിവാദമായിരുന്നു.
ജിയോളജി വിഭാഗവും ഇതിനെ നിയമ ലംഘനമായി വ്യാഖ്യാനിച്ചു. അനധികൃത നിർമാണം അടക്കം നിയമലംഘനങ്ങൾ ഭാവിയിൽ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചാകും പരിസ്ഥിതി ലോലമായ കുന്നു സംരക്ഷണ നടപടികൾ പുരോഗമിക്കുക.