കേരള സർവകലാശാല കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് വൻ വിജയമെന്ന് എസ്എഫ്ഐ; മികച്ച നേട്ടമെന്ന് കെഎസ്യു
Mail This Article
തിരുവനന്തപുരം∙ കേരള സർവകലാശാല കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മേൽക്കൈ അവകാശപ്പെട്ട് എസ്എഫ്ഐ. മികച്ച നേട്ടമെന്ന് കെഎസ്‌യു. പെരിങ്ങമ്മല ഇക്ബാൽ കോളജ്,തോന്നയ്ക്കൽ എജെ കോളജ്,ശ്രീശങ്കര കോളജ് എന്നിവ എസ്എഫ്ഐ തിരിച്ചുപിടിച്ചപ്പോൾ കൊല്ലം വിദ്യാധിരാജ,ഫാത്തിമ മാതാ,കല്ലമ്പലം കെടിസിടി യൂണിയനുകൾ കെഎസ്‌യു തിരിച്ചുപിടിച്ചു. ആലപ്പുഴ എസ്ഡി കോളജിൽ 30 വർഷങ്ങൾക്കു ശേഷം ചെയർമാൻ,യുയുസി സ്ഥാനങ്ങൾ കെഎസ്‌യു നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ നിലനിർത്തി.
തിരുവനന്തപുരം മാർ ഇവാനിയോസ്,വർക്കല എസ്എൻ, മന്നാനിയ കോളജ്, തുമ്പ സെന്റ് സേവ്യേഴ്സ് എന്നിവ കെഎസ്‌യു നിലനിർത്തി. യൂണിവേഴ്സിറ്റി കോളജിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചെയർപഴ്സനായി എൻ.എസ്.ഫരിഷ്ത തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വർഷ ഫിലോസഫി വിദ്യാർഥിയായ ഫരിഷ്ത കോഴിക്കോട് സ്വദേശിയാണ്. കേരള സർവകലാശാലയ്ക്കു കീഴിൽ സംഘടനാ തിരഞ്ഞെടുപ്പ് നടന്ന 77 കോളജുകളിൽ 64ലും എസ്എഫ്ഐ വിജയിച്ചതായി സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ,സെക്രട്ടറി പി.എം.ആർഷോ എന്നിവർ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 36ൽ 31 കോളജുകളിലും കൊല്ലത്ത് 13, ആലപ്പുഴയിൽ 15, പത്തനംതിട്ടയിൽ 5 കോളജുകളിലും എസ്എഫ്ഐ വിജയം നേടിയെന്നും അറിയിച്ചു.
കൊല്ലം ജില്ലയിൽ കെഎസ്‌യു 6 ഇടങ്ങളിൽ വിജയിച്ചു. ആലപ്പുഴയിൽ 2 ഇടങ്ങളിലും വിജയിച്ചു. കാലിക്കറ്റിൽ തുടങ്ങിയ മുന്നേറ്റം എംജിയിലും കേരളയിലും തുടരാൻ സാധിച്ചതായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. 20 വർഷങ്ങൾക്കു ശേഷം വിദ്യാധിരാജ,13 വർഷങ്ങൾക്ക് ശേഷം കൊല്ലം ഫാത്തിമ മാതാ,30 വർഷങ്ങൾക്കു ശേഷം ആലപ്പുഴ എസ്ഡിയിൽ ചെയർമാൻ,യുയുസി സ്ഥാനങ്ങൾ ഇവയെല്ലാം എസ്എഫ്ഐയിൽനിന്ന് തിരിച്ചുപിടിക്കാനായത് അഭിമാനകരമായ നേട്ടങ്ങളാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജ് യൂണിയൻ എബിവിപി നിലനിർത്തി. പെരിങ്ങമ്മല ഇക്ബാൽ കോളജിൽ ചെയർമാൻ സ്ഥാനം കെഎസ്‌യു നേടിയെങ്കിലും ബാക്കി എല്ലാ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ കോളജുകളിൽ 5 സീറ്റുകളിൽ എഐഎസ്എഫ് വിജയിച്ചതായി ജില്ലാ പ്രസിഡന്റ് അബ്ദുല്ലകുട്ടി പറഞ്ഞു.
വിജയിച്ച് ഇരട്ട സഹോദരിമാർ
തിരുവനന്തപുരം∙യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി വിജയിച്ച് ഇരട്ട സഹോദരിമാർ. തിരുവനന്തപുരം ഗവ.വിമൻസ് കോളജിൽ നിന്നു കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ട സ്നേഹാ ബിനുവും നേഹാ ബിനുവുമാണു അപൂർവ നേട്ടം സ്വന്തമാക്കിയത്. ഒന്നാം വർഷ ബിഎ സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർഥികളാണ് ഇരുവരും.
മന്നാനിയ്യ കോളജിലും എജെ കോളജിലും സംഘർഷം
തിരുവനന്തപുരം∙കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നു പാങ്ങോട് മന്നാനിയ്യ കോളജിലും തോന്നയ്ക്കൽ എജെ കോളജിലും സംഘർഷം. മന്നാനിയ്യ കോളജിൽ കെഎസ്‌യുവിന്റെ നേതൃത്വത്തിൽ നടന്ന ആഹ്ലാദപ്രകടനത്തിന് നേരെ എസ്എഫ്ഐ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അടക്കം പത്തോളം പേർക്ക് പരുക്കേറ്റു. സംഭവത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ പാങ്ങോട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
എസ്എഫ്ഐ സംഘത്തോടൊപ്പം പാങ്ങോട് സ്‌റ്റേഷനിലെ ഒരു പൊലീസുകാരനും ചേർന്നാണ് ആക്രമണം നടത്തിയതെന്നാരോപിച്ചായിരുന്നു സ്റ്റേഷൻ ഉപരോധം. സംഭവം അറിഞ്ഞ് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ എത്തിയ തന്നെയും സംഘം ആക്രമിച്ചുവെന്നും പരുക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി പറഞ്ഞു. വിഡിയോ ദൃശ്യം അടക്കം പരാതി നൽകുമെന്നും നേതൃത്വം പറഞ്ഞു.
തോന്നയ്ക്കൽ എജെ കോളജ് തിരഞ്ഞെടുപ്പു ഫലം വന്നതോടെ എസ്എഫ്ഐ എഐഎസ്എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തിയതിനു പിന്നാലെ കോളജിനുള്ളിൽ നിന്നും കാറിൽ പുറത്തേക്കു വരികയായിരുന്ന കെഎസ്‍യു പ്രവർത്തകൻ ബിലാലിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു വച്ചു മർദിച്ചുവെന്നാണു പരാതി. പൊലീസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ അവർ മടങ്ങിയിരുന്നു. പിടിച്ചു മാറ്റാനെത്തിയ ബിലാലിന്റെ സുഹൃത്തും ഗോവിന്ദിനും മർദനമേറ്റു.
തിരഞ്ഞെടുപ്പിനു തലേദിവസം ബിലാലും എസ്എഫ്ഐ പ്രവർത്തകരുമായി വാക്കേറ്റം നടന്നിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ബിലാൽ മംഗലപുരം പൊലീസിൽ പരാതി നൽകി. പിന്നാലെ എസ്എഫ്ഐ പാനലിൽ വിജയിച്ച ചെയർപഴ്സൻ ആർ.എസ്.അനൈനയും തന്നോട് മോശമായി പെരുമാറിയെന്നു കാട്ടി ബിലാലിനെതിരെ പരാതി നൽകി.