ADVERTISEMENT

ചെമ്പഴന്തി∙ താഴ്ത്തടി ഭാഗികമായി ദ്രവിച്ച് വലിയ ദ്വാരം വീണ മുത്തശ്ശിപ്ലാവിന്റെ ദീർഘായുസ്സിനായി വൃക്ഷായുർവേദ ചികിത്സ ആരംഭിച്ചു. ചെമ്പഴന്തിയിൽ ശ്രീനാരായണഗുരുവിന്റെ ജന്മഗൃഹമായ വയൽവാരം വീട്ടിലെ മുത്തശ്ശി പ്ലാവിനാണു ചികിത്സ. 200–300 വർഷത്തിലധികം പഴക്കമുള്ള പ്ലാവിന് കോട്ടയം വാഴൂർ സ്വദേശിയും പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ.ബിനുവിന്റെ നേതൃത്വത്തിലാണു ചികിത്സ. മൂന്ന് ഘട്ടങ്ങളിലൂടെ ഔഷധക്കൂട്ടുകൾ മരത്തിൽ തേച്ചുപിടിപ്പിക്കും.

പാടത്തെ മണ്ണ്,ചെളി,മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്,ചിതൽപുറ്റ്,വിഴാലരി,ശിവഗിരി ഗോശാലയിൽ നിന്നുള്ള പശുവിൻ പാൽ,ചാണകം,  എള്ള്, ചെറുതേൻ, നെയ്യ്, കദളിപ്പഴം, രാമച്ചപ്പൊടി, ശർക്കര എന്നിവ ചേർത്ത 14ൽ അധികം ഔഷധക്കൂട്ടുകൾ കുഴച്ച മിശ്രിതങ്ങൾ തേച്ചു പിടിപ്പിക്കും. മണ്ണ് കുഴച്ചു പൊത്തും. കോറത്തുണി കൊണ്ട് ചുറ്റിക്കെട്ടും. ജൈവ മിശ്രിതം വൃക്ഷച്ചുവട്ടിൽ തളിക്കും. ഏഴു ദിവസം തുടർച്ചയായി മൂന്ന് ലീറ്റർ പാൽ വീതം തടിയിൽ സ്പ്രേ ചെയ്യും. 6 മാസമാണ് ചികിത്സാ കാലാവധി. 

13 വർഷമായി വൃക്ഷായുർവേദം ചെയ്യുന്ന ബിനു 211ൽ അധികം മരങ്ങളിൽ ഇത്തരം ചികിത്സ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പബ്ലിക് ലൈബ്രറി വളപ്പിലെ അപൂർവ കടമ്പ് മരം,സാഫല്യം കോംപ്ലക്സിലെ മരമല്ലി,മ്യൂസിയം വളപ്പിലെ ഏഴിലംപാല,ചന്തവിള മാജിക് പ്ലാനറ്റിലെ പുളിമരം തുടങ്ങിയവ ചികിത്സിച്ചിട്ടുണ്ട്. സഹായികളായി ഗോപകുമാർ കങ്ങഴ,വിജയകുമാർ ഇത്തിത്താനം,സാബു ആലപ്പുഴ,അഖിലേഷ് വാഴൂർ,സുധീഷ് വെള്ളാപ്പള്ളി എന്നിവരുമുണ്ട്. കെ.ബിനുവിന്റെ സുഹൃത്തും ചെന്നിത്തല സ്വദേശിയുമായ ജി.മധു ആണ് ചികിത്സയ്ക്കായി പണം മുടക്കിയത്. ശിവഗിരിയിലും അരുവിപ്പുറത്തും എത്തുന്ന തീർഥാടകർ ഏറെയും ചെമ്പഴന്തി വയൽവാരും വീടും മുത്തശ്ശി പ്ലാവും സന്ദർശിച്ചാണ് മടങ്ങാറുള്ളതെന്ന് ശിവഗിരി ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.

English Summary:

An ancient jackfruit tree at Vayalvaram, the birthplace of Sree Narayana Guru, is receiving a unique form of Ayurvedic treatment to extend its lifespan. Led by renowned tree doctor K. Binu, the treatment utilizes a blend of over 14 herbs and natural ingredients applied over a six-month period.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com