കേരളത്തിൽ 10 നമോ ഭാരത് ട്രെയിനുകൾ ഓടിക്കാന് റെയിൽവേയുടെ പദ്ധതി; ടൂറിസത്തിനും വൻനേട്ടമാകും
Mail This Article
കൊല്ലം∙ നമോ ഭാരത് റാപ്പിഡ് റെയിൽ ട്രെയിനുകൾ (വന്ദേ മെട്രോ) ഓടിത്തുടങ്ങുമ്പോൾ കൊല്ലത്തിന്റെ ടൂറിസം മേഖലയിൽ വൻനേട്ടമുണ്ടാകുമെന്നു വിലയിരുത്തൽ. കാടും കടലും കായലും ഏലാകളും എല്ലാമുള്ള കൊല്ലം ജില്ലയ്ക്ക് ടൂറിസം മേഖലയിൽ ഊർജം പകരാൻ പുതിയ ട്രെയിനുകളുടെ വരവ് സഹായിക്കുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. റെയിൽവേ മന്ത്രാലയത്തിന്റെ പട്ടികയിൽ കേരളത്തിൽ 10 നമോ ഭാരത് ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. അതിൽ 2 ട്രെയിനുകൾ കൊല്ലത്തു നിന്നാണു തുടങ്ങുന്നത്. മറ്റു രണ്ട് ട്രെയിനുകൾ കൊല്ലം വഴി പോകുന്നവയാണ്.
കൊല്ലം–തൃശൂർ, കൊല്ലം–തിരുനെൽവേലി ട്രെയിനുകളാണ് കൊല്ലം ജംക്‌ഷൻ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്നത്. തിരുവനന്തപുരം–എറണാകുളം, ഗുരുവായൂർ–മധുര എന്നീ ട്രെയിനുകൾ കൊല്ലം വഴിയാണു പോകുന്നത്. കൊല്ലം–തൃശൂർ ട്രെയിൻ ഗുരുവായൂർ വരെ ഓടിക്കാനും സാധ്യതയുണ്ട്. കൊല്ലം–തിരുനെൽവേലി ട്രെയിനും ഗുരുവായൂർ–മധുര ട്രെയിനും കൊല്ലത്തു നിന്നും കൊട്ടാരക്കര, പുനലൂർ, തെന്മല, ആര്യങ്കാവ് വഴിയാണ് തെങ്കാശിയിൽ എത്തി അവിടെ നിന്നാണ് മറ്റു സ്ഥലങ്ങളിലേക്കു പോകുന്നത്.
ബ്രിട്ടിഷ് ചരിത്രത്തിന്റെ ഭാഗമായ കൊല്ലം–ചെങ്കോട്ട പാതയിലെ മനോഹാരിത ആസ്വദിക്കാൻ രണ്ടു ട്രെയിനുകളിലൂടെ യാത്ര ചെയ്താൽ മതിയാകും. പുനലൂർ മുതൽ ആര്യങ്കാവ് വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ കൗതുകങ്ങൾ. ഈ പാതയിലെ തുരങ്കങ്ങളും പച്ചപ്പും വന്യമായ വനഭംഗിയും ആസ്വദിക്കാം. തെന്മല അണക്കെട്ട്, പാലരുവി വെള്ളച്ചാട്ടം, റോസ്മല എന്നിവിടങ്ങളിൽ എത്തിച്ചേരാനും ഈ പാതയിലൂടെ സാധിക്കും.
നമോ ഭാരത് ട്രെയിനുകൾ നിർത്താനുള്ള അടിസ്ഥാന സൗകര്യം ചെറിയ സ്റ്റേഷനുകളിൽ ഇല്ലെന്നാണ് ഒരു പോരായ്മയായി പറയുന്നത്. തെന്മല ഉൾപ്പെടെയുള്ള ചെറിയ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തിയാൽ മാത്രമേ, തെന്മല, ആര്യങ്കാവ് മേഖലകളിലെ ടൂറിസം വികസനത്തിന് സഹായിക്കൂ. ചെങ്കോട്ട പാതയിലൂടെ പോകുന്ന പാസഞ്ചർ, മെമു ട്രെയിനുകൾ മാത്രമാണ് നിലവിൽ ചെറിയ സ്റ്റേഷനുകളിൽ നിർത്താറുള്ളൂ. നമോ ഭാരത് ട്രെയിനുകൾക്ക് ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചാൽ പ്രാദേശിക മേഖലയുടെ സമഗ്ര വികസനത്തിന് വഴിതെളിയും.
കൊല്ലം–കായംകുളം പാതയിലെ മൺറോതുരുത്താണ് ജില്ലയിൽ ടൂറിസം വികസന സാധ്യത ഏറെയുള്ള മറ്റൊരു സ്ഥലം. നിലവിൽ വിദേശികൾ ഉൾപ്പെടെയുള്ളവർ തുരുത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നുണ്ട്. നമോ ഭാരത് ട്രെയിനുകൾക്ക് മൺറോതുരുത്ത് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചാൽ കൂടുതൽ വിനോദ സഞ്ചാരികൾ ഈ മേഖലയിലേക്ക് എത്തുമെന്നും വിലയിരുത്തുന്നു. മെട്രോ ട്രെയിനുകൾക്കു സമാനമാണ് നമോ ഭാരത് ട്രെയിനുകൾ. പെട്ടെന്ന് ഓടിത്തുടങ്ങാനും അതിവേഗം നിർത്താനുമുള്ള ആധുനിക സംവിധാനങ്ങൾ ഈ ട്രെയിനുകളിലുണ്ട്.
ചെറിയ സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ട്രെയിനുകളുടെ ഓട്ടത്തെ കാര്യമായി ബാധിക്കില്ലെന്നും വിലയിരുത്തുന്നു. അഷ്ടമുടി, ശാസ്താംകോട്ട, പരവൂർ കായലുകളും സുന്ദരമായ ബീച്ചുകളുമാണ് ജില്ലയുടെ പ്രത്യേകതയായി പറയുന്നത്. ജനപ്രതിനിധികൾ ശ്രമിച്ചാൽ നാടിന്റെ ടൂറിസം സാധ്യത കൂടി കണക്കിലെടുത്ത് ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിപ്പിക്കാൻ കഴിയുമെന്നും വിലയിരുത്തുന്നു. 100 മുതൽ 250 കിലോമീറ്റർ ദൂരെയുള്ള നഗരങ്ങളെ ബന്ധിപ്പിച്ചാണ് നമോ ഭാരത് ട്രെയിനുകൾ. ഈ ശ്രേണിയിലുള്ള ആദ്യ ട്രെയിൻ ഗുജറാത്തിലെ ഭുജ്–അഹമ്മദാബാദ് റൂട്ടിൽ സെപ്റ്റംബർ 17ന് ഓടിത്തുടങ്ങി.