ഗാന്ധീസ്മാരകം തൂമ്പു കിണർ, മാതശ്ശേരിക്കോണം, കാട്ടുവിള ചിറകള്‍ നശിക്കുന്നു
Mail This Article
ചിറയിൻകീഴ്∙ അഴൂർ പഞ്ചായത്തിലെ മുഖ്യ ശുദ്ധജല സ്രോതസ്സുകൾ അധികൃതരുടെ അനാസ്ഥകളിൽ കുരുങ്ങി നാശത്തിന്റെ വക്കിൽ. പഞ്ചായത്തിലെ ഗാന്ധിസ്മാരകം വാർഡും സമീപ പ്രദേശങ്ങളിലേയും ജനങ്ങൾ ശുദ്ധജലത്തിനായ ഉപയോഗിച്ചുവന്നിരുന്ന ഗാന്ധീസ്മാരകം തൂമ്പു കിണറും, മാതശ്ശേരിക്കോണം, കാട്ടുവിള ചിറകളുമാണു വർഷങ്ങളായി ഉപയോഗശൂന്യമായ നിലയിലുള്ളത്. നൂറുവർഷത്തിലേറെ പഴക്കമുള്ളതാണു ജലസ്രോതസ്സുകൾ മൂന്നും. അഴൂർ പഞ്ചായത്ത് ശുദ്ധജലവിതരണ പദ്ധതിയിലേക്ക് വെള്ളം പമ്പു ചെയ്തിരിന്നത് ഈ ചിറകളിൽ നിന്നായിരുന്നു.
എന്നാൽ ഇന്ന് മാലിന്യം തള്ളുന്ന സംഭരണികളായി ഇവ മാറിക്കഴിഞ്ഞു. കാടുമൂടിയ ചിറകൾക്കടുത്തേക്കു എത്തിപ്പെടാൻ കഴിയാത്ത രീതിയിൽ തെരുവുനായ്ക്കളുടേയും മറ്റുജീവികളുടെയും ശല്യം പെരുകി. ജില്ല–ബ്ലോക്ക്–ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ജലസ്രോതസ്സുകളുടെ നവീകരണം സാധ്യമാക്കിയാൽ വലിയൊരു പ്രദേശത്തെ ജലക്ഷാമത്തിനു പരിഹാരമാകുമെന്ന് ഗാന്ധീസ്മാരകം ജനകീയക്കൂട്ടായ്മ പ്രതിനിധികൾ അറിയിച്ചു. ചിറകളും തൂമ്പുകിണറും അടിയന്തിരമായി നവീകരിക്കണമെന്ന് ആവശയപ്പെട്ട് എംഎൽഎ വി.ശശിക്കു നാട്ടുകാർ ഹർജി നൽകി.