പൂന്തുറയിലെ കടലാക്രമണ പ്രതിരോധം; പുലിമുട്ടുകൾക്ക് കരുത്തുകൂട്ടുന്നു
Mail This Article
തിരുവനന്തപുരം ∙ കടലാക്രമണം പ്രതിരോധിക്കാൻ 16 വർഷം മുൻപ് സ്ഥാപിച്ച പുലിമുട്ടുകളെ ബലപ്പെടുത്തുന്ന ജോലി പൂന്തുറ മേഖലയിൽ ആരംഭിച്ചു. മേജർ ഇറിഗേഷൻ വിഭാഗത്തിനാണു ചുമതല പൂന്തുറ വാർഡിലെ 8 പുലിമുട്ടുകളിലെയും കടലിലേക്ക് തള്ളി നിൽക്കുന്ന അഗ്ര ഭാഗത്ത് നാലായിരത്തോളം ടെട്രാപോഡുകൾ അടുക്കുന്ന ജോലിയാണു പുരോഗമിക്കുന്നത്. ചേരിയാമുട്ടം മുതൽ മടുവം, നടുത്തറ എന്നീ മേഖലകളിലെ പുലിമുട്ടുകളെയാണ് ബലപ്പെടുത്തുന്നത്. ഇതോടൊപ്പം തിരമാലകളെ പ്രതിരോധിക്കാൻ ടെട്രാപോഡുകൾ സ്ഥാപിച്ചുള്ള സംരക്ഷണ കവചമൊരുക്കുന്ന ജോലിയും നടക്കുന്നുണ്ട്.
2008–09 കാലയളവിലാണ് പൂന്തുറ മേഖലയിൽ പുലിമുട്ടുകൾ സ്ഥാപിച്ചത്. ശക്തമായ തിരയടിയിൽ പുലിമുട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ഇതു വരെ ബലപ്പെടുത്തുന്ന ജോലി നടത്തിയില്ല. കടലാക്രമണത്തെ തുടർന്ന് പല പുലിമുട്ടുകളുടെ അഗ്രഭാഗങ്ങളിലും വശങ്ങളിലുമുള്ള കല്ലുകൾ ഇളകി പോയിരുന്നു. തുറമുഖങ്ങളിൽ ഉപയോഗിക്കുന്ന ടെട്രാപോഡുകളാണ് ഇവിടെയുള്ള പുലിമുട്ടുകളിൽ നിരത്താൻ മേജർ ഇറിഗേഷൻ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. പുലിമുട്ടുകളിൽ നിന്ന് കല്ലുകൾ ഇളകി പോയത് പരിഹരിക്കാൻ കൂടുതൽ പാറക്കല്ലുകൾ എത്തിച്ച് അടുക്കുന്ന ജോലിയും നടന്നു വരികയാണ്.
പൂന്തുറ മേഖലയിൽ പലപ്പോഴും കടലാക്രമണം അതിരൂക്ഷമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ കടലാക്രമണത്തെ തുടർന്ന് 120 വീടുകളിൽ വെള്ളം കയറി. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നശിച്ചു. പൂന്തുറ വാർഡിൽപ്പെട്ട മടുവം മുതൽ ചേരിയാമുട്ടം വരെയുള്ള മത്സ്യത്തൊഴിലാളികളുടെ വീടുകളിലാണ് മാലിന്യം അടിഞ്ഞത്.
ചെലവ് 17.50 കോടി രൂപ
ബജറ്റിൽ വകയിരുത്തിയ 17.05 കോടി രൂപ ഉപയോഗിച്ചാണ് ബലപ്പെടുത്തൽ ജോലികൾ നടത്തുന്നത്. 8 പുലിമുട്ടുകളെ ബലപ്പെടുത്താൻ 12 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്നാണ് മേജർ ഇറിഗേഷൻ വിഭാഗം കണക്കാക്കുന്നത്.