കരിന്തലയൻ പെൺ തിനക്കുരുവിയെ കണ്ടെത്തി
Mail This Article
തിരുവനന്തപുരം∙ ദേശാടനപ്പക്ഷിയായ കരിന്തലയൻ തിനക്കുരുവിയുടെ പെൺപക്ഷിയെ പുഞ്ചക്കരിയിൽ കണ്ടെത്തി. യൂറോപ്പിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ നിന്നും ഇറാന്റെ കിഴക്കൻ മേഖലകളിൽ നിന്നുമാണ് ഇവ എത്തുന്നത്. ഉത്തരേന്ത്യയിലും കർണാടക വരെയുളള പ്രദേശങ്ങളിലും തണുപ്പുകാലത്ത് എത്തുന്ന ഇവ കേരളത്തിൽ അപൂർവമായി മാത്രമാണ് കാണപ്പെടുന്നതാണ്. തവിട്ട് നിറമുള്ള പുറം, ചാരനിറത്തിലുള്ള തല എന്നിവയാണ് പെൺപക്ഷിയുടെ പ്രത്യേകത. ഏകദേശം അഞ്ചു വർഷത്തിന് ശേഷമാണ് വീണ്ടും പുഞ്ചക്കരി പാടത്ത് കരിന്തലയൻ തിനക്കുരുവിയെ കണ്ടെത്തുന്നത്.
15 സെന്റീമീറ്റർ (5.9 ഇഞ്ച്) നീളവും സാധാരണ തിനക്കുരുവിയേക്കാൾ നീളമുള്ള വാലും ഇവയുടെ സവിശേഷതയാണ്. ആൺപക്ഷികളിൽ ഇളം മഞ്ഞ നിറത്തിലുള്ള അടിഭാഗം, ചെസ്നട്ട് മുകൾഭാഗം, കറുത്ത ഹുഡ് എന്നിവ കാണാനാകും. പക്ഷി നിരീക്ഷകരും ഫൊട്ടോഗ്രഫർമാരുമായ അഖിൽ രാധാകൃഷ്ണൻ, ഭാര്യ അഭയ പ്രഭാകർ, കെ.വി.അനിൽ, ജിത്തു പ്രഭാകർ എന്നിവരടങ്ങുന്ന സംഘമാണ് പക്ഷിയെ കണ്ടെത്തിയത്.