രത്തൻ നേവൽ ടാറ്റയെ അനുസ്മരിച്ച് ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന്‍
Mail This Article
തിരുവനന്തപുരം∙ മാനേജ്മെന്റ് പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന്‍ രത്തന്‍ ടാറ്റ അനുസ്മരണം സംഘടിപ്പിച്ചു. ടാറ്റയ്‌ക്കൊപ്പം പ്രവർത്തിക്കാന്‍ അവസരം ലഭിച്ചവരെ പങ്കെടുപ്പിച്ചാണ് ‘സല്യൂട്ടിങ് എ ജെം’ എന്ന അനുസ്മരണ പരിപാടി നടത്തിയത്.
മറ്റ് കോർപ്പറേറ്റ് സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ടാറ്റയുടെ സംവിധാനങ്ങൾക്ക് സമഗ്രതയും ധാർമികതയും ഉത്തരവാദിത്തവും ഉണ്ടെന്ന് മുന്‍ കാബിനറ്റ് സെക്രട്ടറിയും ടാറ്റ കമ്പനീസ് മുന്‍ ബോര്‍ഡ് അംഗവുമായ കെ.എം.ചന്ദ്രശേഖർ പറഞ്ഞു. അത് ടാറ്റയുടെ യഥാർഥ ശ്രദ്ധയും കരുതലുമായിരുന്നുവെന്നും ഇത് രത്തൻ ടാറ്റയുടെ നേതൃഗുണത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യപരിരക്ഷാ മേഖലയില്‍ രത്തന്‍ ടാറ്റ ഏറെ ശ്രദ്ധകൊടുത്തിരുന്നുവെന്ന് ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന പരിചയത്തെ മുന്‍നിര്‍ത്തി മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥ് പറഞ്ഞു. ടാറ്റയുടെ മുംബൈയിലെ ക്യാന്‍സര്‍ ആശുപത്രിയില്‍ എത്തിയിരുന്നവരില്‍ കൂടുതലാളുകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. അവരുടെ യാത്രാദുരിതവും കാത്തുനില്‍പിന്റെ ബുദ്ധിമുട്ടുകളും മനസ്സിലാക്കിയാണ് അദ്ദേഹം കൂടുതല്‍ ആശുപത്രികള്‍ തുറന്നത്. പോഷകാഹാരക്കുറവുമൂലം ഇന്ത്യയിലുണ്ടാകുന്ന മരണങ്ങള്‍ അദ്ദേഹത്തെ ഏറെ വ്യാകുലപ്പെടുത്തിയിരുന്നുവെന്നും അതിനു പരിഹാരംകാണാനുള്ള പദ്ധതികളില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നതായും ശബരീനാഥ് ചൂണ്ടിക്കാട്ടി.
മുങ്ങിക്കൊണ്ടിരുന്ന എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ആരുമില്ലാതെ വന്നപ്പോള്‍ ടാറ്റ എങ്ങനെയാണ് രക്ഷിച്ചതെന്ന് മുന്‍ ഏവിയേഷന്‍ സെക്രട്ടറി മാധവന്‍ നമ്പ്യാര്‍ അനുസ്മരിച്ചു. ഇന്ത്യക്കുവേണ്ടിയാണ് അദ്ദേഹം അതു ചെയ്തത്. കേരളത്തിനുവേണ്ടി രത്തന്‍ ടാറ്റ ഒട്ടേറെക്കാര്യങ്ങള്‍ ചെയ്തിരുന്നു. കേരള സര്‍ക്കാര്‍ എന്താവശ്യപ്പെട്ടാലും അത് നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നു. പ്രളയത്തെത്തുടര്‍ന്ന് തകര്‍ന്ന ശബരിമലയുടെ പുനര്‍നിര്‍മാണത്തിനും കോവിഡ് കാലത്ത് കാസര്‍കോട് വളരെ പെട്ടെന്ന് ആശുപത്രി സജ്ജമാക്കുന്നതിനും ടാറ്റ സജ്ജമായത് കേരള മുഖ്യമന്ത്രിയുടെ ആവശ്യം പരിഗണിച്ചാണെന്ന് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
പ്രചോദനവും ദീർഘവീക്ഷണവും കരുതലും ഉള്ള നേതാവായിരുന്നു രത്തൻ ടാറ്റയെന്ന് ടിസിഎസ് വൈസ് പ്രസിഡന്റും കേരള മേധാവിയുമായ ദിനേശ് പി. തമ്പി ചൂണ്ടിക്കാട്ടി. ടിസിഎസിനെ അദ്ദേഹം നയിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്‌തതെങ്ങനെയെന്ന് അനുസ്മരിച്ച ദിനേഷ് തമ്പി, ദുരന്തത്തിന് ശേഷം മുംബൈ താജ് ഹോട്ടലിനെ ടാറ്റ പുനരുജ്ജീവിപ്പിച്ചതും ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങളുടെ കൈപിടിച്ചതെങ്ങനെയെന്നും വിവരിച്ചു. അനുകമ്പയുടെയും ധൈര്യത്തിന്റെയും ആൾരൂപമാണ് രത്തൻ ടാറ്റയെന്ന് അദ്ദേഹം അനുസ്മരിച്ചു. ടിഎംഎ പ്രസിഡന്റ് ജി. ഉണ്ണിക്കൃഷ്ണന്‍ ആമുഖ പ്രഭാഷണവും സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ ഗോപിനാഥ് നന്ദി പ്രസംഗവും നടത്തി.