ADVERTISEMENT

തിരുവനന്തപുരം ∙ നേമം സഹകരണ ബാങ്കിലെ  സ്ഥിരനിക്ഷേപത്തിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കെഎസ്എഫ്ഇയുടെ വിവിധ ബ്രാഞ്ചുകളിൽ നിന്ന് 8 കോടി രൂപയിലേറെ തട്ടിയെടുത്തെന്ന് മുഖ്യമന്ത്രിക്കു പരാതി. ബാങ്ക് ഭരണസമിതി അംഗങ്ങൾ തട്ടിപ്പിന് ഒത്താശ ചെയ്തെന്നാണ് ആരോപണം. നാലു പതിറ്റാണ്ടായി സിപിഎം നിയന്ത്രണത്തിലാണ് ബാങ്ക്.കെഎസ്എഫ്ഇയുടെ തിരുവനന്തപുരം മെയിൻ, ശാസ്തമംഗലം, നെയ്യാറ്റിൻകര, ഉദിയൻകുളങ്ങര, പെരുങ്കടവിള, കാഞ്ഞിരംകുളം ശാഖകളിലായി വെള്ളറട ആറാട്ടുകുഴി സ്വദേശി 158 ചിട്ടി ചേർന്നാണു തട്ടിപ്പു നടത്തിയത്. ചിട്ടി  തുക കൈപ്പറ്റാൻ ജാമ്യമായി  നേമം സഹകരണ ബാങ്കിലെ സ്ഥിര നിക്ഷേപത്തിന്റെ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി. ചിട്ടി പിടിച്ച ശേഷമുള്ള  മാസങ്ങളിൽ ചിട്ടിപ്പണം നൽകാത്തതു മൂലം നിക്ഷേപ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു  പണം പിടിച്ചെടുക്കാൻ കെഎസ്എഫ്ഇ നീക്കമുണ്ടായപ്പോഴാണ് തട്ടിപ്പു പുറത്തറിഞ്ഞത്. 

ബാങ്ക് ഭാരവാഹികളുടെ അറിവോടെയാണു നിക്ഷേപത്തിന്റെ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ചിട്ടി പിടിക്കാൻ കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ  ഹാജരാക്കിയ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ബാങ്കിലേക്ക് അയച്ചിരുന്നു. വ്യാജൻ നിർമിക്കാൻ കൂട്ടുനിന്ന ഭരണസമിതി അംഗങ്ങൾ തന്നെ ഇതിന് ‘ഒറിജിനൽ’  സർട്ടിഫിക്കറ്റ് നൽകിയെന്നു റസിഡന്റ്സ്  അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാൻസ് പരാതിയിൽ ആരോപിച്ചു.സ്ഥിരനിക്ഷേപത്തിന്റെ വിശദാംശങ്ങൾ നൽകണമെന്നു കഴിഞ്ഞ 7ന് കെഎസ്എഫ്ഇ റീജനൽ ഓഫിസിൽ നിന്നു കത്തു നൽകി.മറുപടി ലഭിക്കാഞ്ഞതിനെത്തുടർന്ന്  കെഎസ്എഫ്ഇ അധികൃതർ നേരിട്ടു ബാങ്കിൽ എത്തിയിട്ടും വിവരങ്ങൾ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. സംഭവത്തിൽ ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. 

അഞ്ചുപേരെ തരംതാഴ്ത്തി സിപിഎം
ക്രമക്കേട് പുറത്തു വന്ന സാഹചര്യത്തിൽ ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ വി.എസ്.ഷാജി ഉൾപ്പെടെ അഞ്ചു പേരെ പാർട്ടി തരംതാഴ്ത്തി. അംഗത്വം ഒഴികെയുള്ള എല്ലാ ചുമതലകളും ഒഴിവാക്കി. എല്ലാവരും ബാങ്കിന്റെ ഭരണസമിതി അംഗങ്ങളാണ്. നേമം ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഷാജിക്കു പുറമെ ആർ.പ്രദീപ് കുമാർ, എ.ആർ.രാജേന്ദ്രൻ, ബാലചന്ദ്രൻ നായർ, സുൽഫിക്കർ എന്നിവർക്കെതിരെയാണ് നടപടി. എ.ആർ.രാജേന്ദ്രനും ബാലചന്ദ്രൻ നായരും മുൻ ബാങ്ക് സെക്രട്ടറിമാരാണ്. ഏരിയ കമ്മിറ്റി അംഗമായ ആർ.പ്രദീപ് കുമാറിന് ലോക്കൽ കമ്മിറ്റിയിൽ ചുമതല  ഒഴിവാക്കി. നേമം ലോക്കൽ സെക്രട്ടറിയായി എ.കമാലിനെ നിയോഗിച്ചു. ബാങ്ക് 61. 93 കോടി രൂപ നഷ്ടത്തിലാണ്. 112 കോടി രൂപയുടെ നിക്ഷേപമുള്ള ബാങ്കിൽ വായ്പ നൽകിയ 51 കോടി രൂപ മുഴുവൻ പിരിച്ചെടുത്താലും നിക്ഷേപകർക്ക് പണം തിരിച്ചു നൽകാനാവാത്ത  സാഹചര്യമാണ്.

English Summary:

An alleged ₹8 crore fraud has come to light involving fake fixed deposit certificates from Neyyattinkara Cooperative Bank being used to secure funds from KSFE branches. The CPM has taken action against five individuals, including former bank president V.S. Shaji. The incident raises concerns about financial security and potential collusion within the bank.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com