വെളിച്ചം പകരേണ്ട ഗ്രന്ഥശാല വിസ്മൃതിയിലേക്ക്
Mail This Article
ചിറയിൻകീഴ്∙ കിഴുവിലം ഗ്രാമപഞ്ചായത്ത് പരിധിയിൽപെടുന്ന പാലകുന്ന് ജംക്‌ഷനിലെ ദേശീയ ഗ്രന്ഥശാല അധികൃതരുടെ അനാസ്ഥയിൽ കുരുങ്ങി വിസ്മൃതിയിലേക്ക്. ആറു വർഷങ്ങൾക്കു മുൻപു സാമൂഹികവിരുദ്ധർ തീയിട്ടു നശിപ്പിച്ച ഗ്രന്ഥശാലയിലേക്കു ജനപ്രതിനിധികളടക്കം തിരിഞ്ഞുനോക്കാൻപോലും തയാറാകുന്നില്ല. ഇതോടെ വർഷങ്ങൾ പഴക്കമുള്ള ഇൗ ഗ്രന്ഥശാലാമന്ദിരം നാശത്തിന്റെ വക്കിലാണിപ്പോൾ. രാത്രിയുടെ യാമങ്ങളിൽ സാമൂഹികവിരുദ്ധൻമാരുടെ ഇടത്താവളം കൂടിയായതോടെ തകർച്ചയുടെ വക്കെത്തി നിൽക്കുന്ന മന്ദിരസമുച്ചയം എങ്ങനേയും പൊളിച്ചുമാറ്റണമെന്ന പ്രാർഥനയിലാണു സമീപവാസികളും നാട്ടുകാരും.
അപൂർവമായ പുസ്തകങ്ങളുടെ ശേഖരമുണ്ടായിരുന്ന ദേശീയ ഗ്രന്ഥശാലയ്ക്കു കെട്ടിടം നിർമിച്ചു നൽകിയതു മഹാനടനും നാട്ടുകാരനുമായ പ്രേംനസീറായിരുന്നു. ഒട്ടുമിക്ക വർത്തമാനപത്രങ്ങളടക്കം ഉൾപ്പെടുത്തിയുള്ള ഗ്രന്ഥശാലയിലെ വായനാമുറിയിൽ രാവിലെ മുതൽ തന്നെ നാടിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള വലിയൊരു സംഘം പത്രപാരായണത്തിനും മറ്റും സ്ഥിരമായി എത്തിച്ചേർന്നിരുന്നു. കിഴുവിലം ഗ്രാമപഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും ഏറ്റവും കൂടുതൽ പുസ്തകശേഖരമുള്ള ഗ്രന്ഥശാല കൂടിയായിരുന്നു.
ഗ്രന്ഥശാല പൂർണമായും അഗ്നിക്കിരയായപ്പോൾ പുസ്തകശേഖരവും ടെലിവിഷനും മറ്റു സ്ഥാവരജംഗമ വസ്തുക്കളുമടക്കം കത്തിച്ചാമ്പലായി. തുടർന്നു വിവിധകക്ഷി–സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ അക്രമിസംഘത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ദിവസങ്ങളോളം നടന്നെങ്കിലും കാരണക്കാരായവരെ കണ്ടെത്താനോ ഗ്രന്ഥശാല പുതുക്കിപ്പണിതു പ്രവർത്തനം പുനരാരംഭിക്കാനോ ബന്ധപ്പെട്ടവർ ചെറുവിരലനക്കാൻ തയാറാവാത്തതു നാട്ടുകാർക്കിടയിൽ വ്യാപക അമർഷമുയർത്തുന്നു.