നാടിന് വെളിച്ചമായി ഇടമൺ നില ഗ്രാമ സേവാസംഘം ഗ്രന്ഥശാല
Mail This Article
കല്ലമ്പലം∙ ഒരു നാടിന്റെ അക്ഷരപ്രകാശമാണ് സുവർണ ജൂബിലി കടന്നു നിൽക്കുന്ന ഇടമൺ നില ഗ്രാമ സേവാ സംഘം ഗ്രന്ഥശാല . നാവായിക്കുളം പഞ്ചായത്തിലെ ഈ ഗ്രന്ഥശാല മറ്റ് വായനശാലകൾക്ക് മാതൃകയാണ്. ഇവിടെ മലയാളം, ഇംഗ്ലിഷ് വർത്തമാന പത്രങ്ങൾ,ആനുകാലികങ്ങൾ എന്നിവ കൂടാതെ മറ്റ് റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ അയ്യായിരത്തിലേറെ പുസ്തകങ്ങളുടെ ശേഖരം ഉണ്ട്. ഗ്രന്ഥശാല സ്ഥാപിച്ച കാലത്തെ ജില്ല കലക്ടർ ആയിരുന്ന സരളാ ഗോപാലൻ അടുത്ത സമയത്ത് ഗ്രന്ഥശാല സന്ദർശിച്ചിരുന്നു. പ്രദേശവാസിയും എംപിയും ആയ എൻ.കെ.പ്രേമചന്ദ്രന്റെ കുടുംബം ഉൾപ്പെടെ അനേകം പേർ ഗ്രന്ഥശാലയിൽ അംഗങ്ങൾ ആണ്.
1970 കാലഘട്ടത്തിൽ ആണ് തുടക്കം. തുടർന്ന് 1975 ഒക്ടോബർ 25 ന് ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ് ആയ പി.എൻ.പണിക്കർ ആണ് മന്ദിരത്തിന് തറക്കല്ലിട്ടത്. കിഴക്കനേല, വെട്ടിയറ, ഇരുപത്തെട്ടാംമൈൽ, നാവായിക്കുളം, കടമ്പാട്ടുകോണം എന്നിവിടങ്ങളിൽ നിന്നുള്ള വായനക്കാർ ഒരുകാലത്ത് ആശ്രയിച്ചിരുന്നത് ഈ പുസ്തകശാല ആയിരുന്നു. കാലത്തിന് അനുസരിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കാത്തതിന്റെ ഫലമായി മന്ദിരം നാശത്തിന്റെ വക്കിലായിരുന്നു. തുടർന്ന് അക്ഷര സ്നേഹികൾ ചേർന്ന് ഗ്രന്ഥശാലയ്ക്ക് ഒരു പുതിയ കെട്ടിടം നിർമിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു. സാങ്കേതിക കാരണങ്ങളാൽ അത് നടക്കാതെ പോയി. തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി പഴയ കെട്ടിടം പൊളിച്ച് മാറ്റി പുതിയ മന്ദിരം നിർമിച്ചു.
മന്ദിര ഉദ്ഘാടനം കഴിഞ്ഞ സെപ്റ്റംബർ 29 ന് നടന്നു. സ്ഥലം നൽകിയത് പ്രദേശത്തെ നാരായണൻ മേശിരി എന്ന അക്ഷര സ്നേഹി ആണ്. പുസ്തക വിതരണത്തിന് പുറമേ ബാലവേദി,വനിതാവേദി,പ്രതിമസപരിപാടികൾ,വീടുകളിലിൽ പുസ്തകങ്ങൾ എത്തിക്കുന്ന മൊബൈൽ ലൈബ്രറി തുടങ്ങിയ പ്രവർത്തനങ്ങളും ഇവിടെ നടന്നുവരുന്നു. ഗ്രന്ഥശാലയുടെ മേൽ നോട്ടത്തിൽ ഇതേ പേരിൽ ഒരു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തിക്കുന്നുണ്ട്.