കഴക്കൂട്ടം മേനംകുളം തുമ്പ റോഡിലെ ഗതാഗതക്കുരുക്ക്: നാലുവരി പാതയുമില്ല; ദുരിതത്തിന് കുറവുമില്ല
Mail This Article
കഴക്കൂട്ടം∙ ഗതാഗതക്കുരുക്കിനു പരിഹാരമായി കഴക്കൂട്ടം മേനംകുളം ആറാട്ട് വഴി തുമ്പ റോഡ് നാലു വരി പാതയാക്കാൻ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഡിപിആർ തയാറാക്കാൻ സർക്കാർ ഉത്തരവ് ആയെങ്കിലും പാത നിർമാണം ഇനിയും തീരുമാനം ആയിട്ടില്ല. മഴ ശക്തമായ സമയത്താണ് തകർന്ന റോഡ് നന്നാക്കാനുള്ള നീക്കങ്ങൾ തുടങ്ങിയത്. തീരദേശ പാതയേയും എൻഎച്ച് 66 നേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പ്രധാന റോഡിലെ വാഹനക്കുരുക്കിനു ശാശ്വത പരിഹാരമായാണ് നാലുവരി പാതയ്ക്കായുള്ള ഡിപിആർ തയാറാക്കിയത്. 23 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിൽ ഇരു വശങ്ങളിലും നടപ്പാതയും റോഡിന്റെ മധ്യത്തിലൂടെ മീഡിയനുകളും ഉണ്ടാകും. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നും ഇനിയും അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.
അതേ സമയം റോഡിന്റെ പല ഭാഗങ്ങളിലും ടാർ ഇളകി വൻ കുഴികൾ രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ചും കഴക്കൂട്ടം പൊലീസ് സ്റ്റേഷനു സമീപം. കോൺഗ്രസും ബിജെപിയും റോഡിന്റെ ശോച്യാവസ്ഥക്കെതിരെ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. രണ്ടു ദിവസം മുൻപ് കുഴി അടയ്ക്കാനുള്ള തീരുമാനം പൊതുമരാമത്ത് മെയിന്റനൻസ് വിഭാഗം സബ് ഡിവിഷൻ അസി. എക്സിക്യുട്ടീവ് എൻജീനിറയറുടെ ഓഫിസിൽ നിന്നും അറിയിച്ചിരുന്നു. തുടർന്ന് 3 ദിവസം ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിക്കുകയും ചെയ്തു. പണി ആരംഭിച്ച ദിവസം തന്നെ ശക്തമായ മഴ തുടങ്ങി. മെറ്റൽ നിരത്തി ഭാഗികമായി ടാർ ചെയ്തെങ്കിലും ടാർ ചെയ്ത ഭാഗം ഇപ്പോഴും വെള്ളത്തിലാണ്.
കുഴി അടച്ച റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു ദിവസങ്ങൾ കഴിയും മുൻപ് പഴയ അവസ്ഥയിലാകും എന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഇത്തരത്തിൽ മൂന്നു തവണ റോഡ് ടാർ ചെയ്തെങ്കിലും ദിവസങ്ങൾക്കകം അതു തകർന്നു. 4 മാസം മുൻപാണ് അവസാനമായി കുഴി അടച്ചു ടാർ ചെയ്തത്. കഴക്കൂട്ടം–മേനംകുളം–ആറാട്ട് വഴി 4 വരി പാത വന്നാലേ ഇവിടത്തെ യാത്ര ദുരിതത്തിനു ശാശ്വത പരിഹാരം ആവുകയുള്ളൂ.