ശുദ്ധജലപദ്ധതിക്കായി എടുത്ത കുഴികൾ നികത്തിയില്ല; റോഡുകൾക്ക് വൻ തകർച്ച
Mail This Article
പാറശാല∙ ശുദ്ധജലപദ്ധതികൾക്കു വേണ്ടി പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴികൾ വേണ്ടവിധം മൂടാത്തത് റോഡ് തകർച്ചയ്ക്കു ഇടയാക്കി. കാളിപ്പാറ കുടിവെള്ള പദ്ധതി, ജലജീവൻ എന്നിവയ്ക്കു വേണ്ടി പ്രധാന റോഡുകളിൽ അടക്കം തീർത്ത കുഴികൾ ആണ് നികത്താൻ വൈകുന്നത്. തിരക്കേറിയ ഉദിയൻകുളങ്ങര–പ്ലാമൂട്ടുക്കട റോഡിലെ കുഴി അടയ്ക്കാൻ മെറ്റൽ നിരത്തിയിട്ടു രണ്ട് മാസം കഴിഞ്ഞിട്ടും ടാറിങ് നടത്താത്തത് മൂലം മെറ്റൽ ഭൂരിഭാഗവും ഒലിച്ചു പോയി റോഡിൽ വൻ കുഴികൾ നിറഞ്ഞിട്ടുണ്ട്.
റോഡുകളുടെ ദുരവസ്ഥ ജീവൻ എടുക്കുന്ന അപകടങ്ങൾക്ക് വരെ കാരണമായി മാറിയെങ്കിലും ടാറിങ്ങിനു തടസ്സം മഴ എന്നാണ് കരാറുകാരുടെ വിശദീകരണം. ദിവസങ്ങൾക്ക് മുൻപ് ഒരാഴ്ച വരെ തുടർച്ചയായി മഴ പെയ്തിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ജലജീവൻ പദ്ധതിയിലെ കുഴി മൂടൽ വർഷങ്ങൾ പിന്നിട്ടതോടെ ഭൂരിഭാഗം പഞ്ചായത്തുകളിലും ഇടറോഡുകൾ തകർന്ന പൂർണമായും ടാർ ചെയ്യേണ്ട സ്ഥിതി ആണ്.
ചെങ്കൽ, പാറശാല പഞ്ചായത്തുകളിൽ ടാറിങ്, കോൺക്രീറ്റ് എന്നിവ ഭൂരിഭാഗം മേഖലകളിലും ആരംഭിച്ചിട്ടുണ്ടെങ്കിലും കുളത്തൂർ, കാരോട്, കൊല്ലയിൽ പഞ്ചായത്തുകളിൽ കുഴി അടച്ച് റോഡിന്റെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനു ടെൻഡർ ക്ഷണിക്കുന്നത് പ്രാഥമിക നടപടികൾ പോലും ഇനിയും ആരംഭിച്ചിട്ടില്ല. ആറു മീറ്റർ വീതിയുള്ള പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ കുഴികൾ മൂടാത്തതിനാൽ അഞ്ച് മീറ്റർ സ്ഥലത്ത് കൂടെ മാത്രമേ ഗതാഗതം സാധ്യമാകൂ. രണ്ട് വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിലെ കാൽനട യാത്രക്കാർക്ക് നടക്കാൻ പോലും സ്ഥലം ലഭിക്കാറില്ല.
സാങ്കേതിക തടസ്സങ്ങൾ നിരത്തി പഞ്ചായത്ത് ഭരണസമിതികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ അനാസ്ഥയാണ് റോഡുകളെ ഇന്നത്തെ നിലയിലേക്കു എത്തിച്ചത്. ഭൂരിഭാഗം റോഡുകളും ഭാഗികമായ തകർച്ചയിൽ നിന്നും പൂർണതോതിൽ എത്തിയതോടെ നവീകരണത്തിനു പ്രത്യേക പാക്കേജ് തന്നെ തയാറാക്കി തുക കണ്ടെത്തേണ്ടി വരും എന്നാണ് അധികൃതരുടെ വിലയിരുത്തൽ.