പുന്നപ്ര വയലാർ കലാപത്തിനിടെ കൊല്ലപ്പെട്ട വേലായുധൻനാടാരുടെ സ്മാരകമായി ഗ്രന്ഥശാല
Mail This Article
നെയ്യാറ്റിൻകര ∙ പുന്നപ്ര വയലാർ കലാപത്തിനിടെ കൊല്ലപ്പെട്ട തിരുപുറം പഴയകട മുടന്താന്നി എം.വേലായുധൻ നാടാരുടെ സ്മരണയ്ക്കായി നിർമിച്ച ഗ്രന്ഥശാല, ജില്ലാ പഞ്ചായത്ത് അംഗം സി.കെ.വത്സല കുമാർ ഉദ്ഘാടനം ചെയ്തു. എം.വേലായുധൻ നാടാരുടെ 78–ാം അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പ്രസിഡന്റ് ടി.ഷാജി അധ്യക്ഷനായി. തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് ഷീന ആൽബിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിഷ സന്തോഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരുപുറം സുരേഷ്, ലൈബ്രറി കൗൺസിൽ താലൂക്ക് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കരുംകുളം വിജയകുമാർ, കൺവീനർ സതീഷ് കുമാർ, സെക്രട്ടറി ഷീലത, സുനന്ദ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.കെ.വത്സല കുമാറിന്റെ ഫണ്ടിൽ നിന്ന് 9.50 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്.
രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയും സ്വാതന്ത്രസമരം കൊടുമ്പിരിക്കൊള്ളികയും ചെയ്ത കാലത്ത് ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാക്കി നേരിട്ട് പൊലീസിൽ സബ് ഇൻസ്പെക്ടറായി ജോലി ലഭിച്ച തിരുപുറം പഴയകട മുടന്താന്നി എം.വേലായുധൻ നാടാർക്ക് ആലപ്പുഴയിൽ ആയിരുന്നു നിയമനം. ദിവാൻ സർ സി.പി.രാമസ്വാമി അയ്യരുടെ നിർദേശ പ്രകാരം കർഷക സമരത്തെ പ്രതിരോധിക്കാൻ നിയോഗിച്ചവരുടെ സംഘത്തിൽ അദ്ദേഹവും ഉണ്ടായിരുന്നു. 1946 ഒക്ടോബർ 26ന് പുന്നപ്ര വയലാറിലുണ്ടായ വലിയ സംഘർഷത്തിനിടെയാണ് എം.വേലായുധൻ നാടാർ കൊല്ലപ്പെട്ടത്.
പുന്നപ്ര വയലാറിൽ സമരക്കാർ തമ്പടിച്ചിരുന്ന സ്ഥലത്തുള്ള പൊലീസ് ക്യാംപിൽ തോക്കുകളിൽ കരിമരുന്ന് നിറയ്ക്കുന്നതിനിടെ വെടി പൊട്ടിയതിനെതുടർന്ന് പാഞ്ഞെത്തിയ കർഷകരെ സമാധാനപ്പെടുത്താൻ നാടാരും മറ്റു 3 പൊലീസുകാരും ക്യാംപിനു പുറത്തിറങ്ങിയപ്പോൾ കൊല്ലപ്പെട്ടതാണെന്നാണ് പറയുന്നത്. സംഘർഷ മേഖലയിൽ നിന്ന് വേലുയുധൻ നാടാരുടെ മൃതദേഹം ഏറെ സാഹസപ്പെട്ട് വീണ്ടെടുത്ത് തിരുപുറം മുടന്താന്നിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് അക്കാലത്ത് സംസ്കരിച്ചത്. മുടന്താന്നി മല്ലൻ നാടാരുടെ 6 മക്കളിൽ അഞ്ചാമനായിരുന്നു വേലായുധൻ. ബാലരാമപുരം എരുത്താവൂർ തോണ്ടി വാരിക്കുഴിയിൽ ജോയ്സ് ആയിരുന്നു ഭാര്യ. മക്കളില്ല.