നവീകരണം കാത്ത് ആലന്തറ നീന്തൽക്കുളം; നിർമാണം ആരംഭിച്ചെങ്കിലും മുടങ്ങി
Mail This Article
വെഞ്ഞാറമൂട്∙നാടിനു അഭിമാനമായ നീന്തൽ താരങ്ങളെ വാർത്തെടുത്ത ആലന്തറ നീന്തൽക്കുളത്തിന്റെ നവീകരണം ത്വരിതപ്പെടുത്തണം എന്ന ആവശ്യം ശക്തമാകുന്നു.വർഷങ്ങളായി നവീകരണം ഇല്ലാതെ കിടന്ന നീന്തൽക്കുളം നവീകരിക്കുന്നതിന്റെ ഭാഗമായി നെല്ലനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വശങ്ങൾ കെട്ടി സുരക്ഷിതമാക്കിയിരുന്നു.എന്നാൽ കുളം പൂർണരൂപത്തിൽ നവീകരിക്കുന്നതിനുള്ള തുക ഉപയോഗിക്കുന്നതിനു പഞ്ചായത്തിനു പരിമിതികൾ ഉണ്ടായിരുന്നതിനാൽ വശങ്ങളുടെ നിർമാണം മാത്രം നടത്തി. പിന്നീട് ഡി.കെ.മുരളി എംഎൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തി 1 കോടി രൂപ കുളത്തിന്റെ നവീകരണത്തിന് വേണ്ടി അനുവദിക്കുകയും കരാർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു.
കരാർ നടപടികൾ പൂർത്തിയായതിനെത്തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പിന്നീട് മുടങ്ങി. കാലാവസ്ഥ പ്രതികൂലമായതിനാലാണ് നിർമാണ പ്രവർത്തനങ്ങൾ വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്.അതേസമയം സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന ആരോപണവും ഉണ്ട്. നീന്തൽ പരിശീലനത്തിനു ആലന്തറ നീന്തൽ കുളത്തിനെ ആശ്രയിക്കുന്ന നൂറുകണക്കിനു വിദ്യാർഥികൾ പ്രദേശത്ത് ഉണ്ട്. പരിശീലനത്തിനായി വിദ്യാർഥികൾ പിരപ്പൻകോട്, വെമ്പായം നീന്തൽ കുളങ്ങളിലാണ് പോകുന്നത്. രാവിലെയും വൈകിട്ടുമാണ് പരിശീലനം നേടുന്നത്. സ്കൂൾ സമയം കൂടി കണക്കിലെടുത്താൻ നിലവിൽ വൈകിട്ട് മാത്രമാണ് വിദ്യാർഥികൾക്ക് പരിശീലനത്തിനു പോകാൻ കഴിയുന്നത്. യാത്രാ ബുദ്ധിമുട്ട് ആയതിനാൽ പരിശീലനം നിർത്തിയ വിദ്യാർഥികളും ഉണ്ട്. ആലന്തറ നീന്തൽക്കുളം നവീകരിച്ച് പരിശീലനത്തിനു സാഹചര്യം ഒരുക്കിയാൽ കൂടുതൽ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നടത്താൻ കഴിയും.അധികൃതർ ഇടപെട്ട് നവീകരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.