വീടിനുള്ളിൽ വരെ വെള്ളം; പൈപ് ലൈനിലെ ചോർച്ച പരിഹരിക്കാതെ ജല അതോറിറ്റി
Mail This Article
മലയിൻകീഴ്∙ വീടിനുള്ളിൽ വരെ വെള്ളം ഇരച്ചുകയറുന്നതിന് ഇടയാക്കിയ പൈപ് ലൈനിലെ ചോർച്ച രണ്ടാംദിനവും പരിഹരിക്കാതെ വാട്ടർ അതോറിറ്റി. എന്നാൽ പ്രദേശത്ത് ശുദ്ധജലവിതരണം മുടങ്ങി 2 ദിവസവും പിന്നിടുമ്പോഴും പൈപ്പ് ലൈനിലെ പൊട്ടൽ എല്ലാം ‘ പരിഹരിച്ചു ’ എന്നാണ് വാട്ടർ അതോറിറ്റി നെയ്യാറ്റിൻകര സെക്‌ഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ മറുപടി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അണപ്പാട് – ചീനിവിള റോഡിൽ അണപ്പാട് ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്‌ലൈൻ പൊട്ടിയത്. ഇതെത്തുടർന്നാണ് സമീപത്തെ അണപ്പാട് അശ്വതി ഭവനിൽ ആർ.ബാബുവിന്റെ വീട്ടിൽ വെള്ളം കുത്തിയൊലിച്ച് എത്തി. 2 മണിക്കൂറോളം വൈകിയാണ് വാട്ടർ അതോറിറ്റി വാൽവ് അടച്ചത് . കാട്ടാക്കട ഫയർഫോഴ്സ് എത്തി മോട്ടർ ഉപയോഗിച്ച് വെള്ളം സമീപത്തെ തോട്ടിലേക്ക് ഒഴുക്കി. ഇതിനുശേഷം ഏറെ പരിശ്രമിച്ചാണ് വീടിനുള്ളിൽ അടിഞ്ഞ ചെളി കഴുകി കളഞ്ഞത്.പക്ഷേ, സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പൈപ് ലൈൻ പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണി ചെയ്തിട്ടില്ല. വാൽവ് അടച്ചിരിക്കുന്നതിനാൽ പ്രദേശത്ത് ശുദ്ധജല വിതരണവും മുടങ്ങി.എന്നാൽ പണി ചെയ്തു എന്ന് അവകാശപ്പെടുന്ന ഉദ്യോഗസ്ഥൻ സ്ഥലത്ത് എത്തിയില്ലെന്നു ആക്ഷേപമുണ്ട്.പൈപ് ലൈൻ പൊട്ടിയതിനെ തുടർന്ന് തകർന്ന റോഡിൽ വലിയ കുഴികൾ വാഹനങ്ങൾക്ക് ഭീഷണിയാണ്.