കോവളം കടലോരത്ത് സീസൺ തിരയിളക്കം : തീരത്ത് സഞ്ചാരികൾക്കായി വർണക്കുടകൾ ഉയർന്നു
Mail This Article
കോവളം∙ രാജ്യാന്തര വിനോദ സഞ്ചാര തീരത്ത് ടൂറിസം സീസൺ തിരയിളക്കം തുടങ്ങി. ആർത്തലച്ച കടൽ ശാന്തമായി തുടങ്ങി. ലൈറ്റ് ഹൗസ് തീരമുൾപ്പെടെ കറുത്ത മണൽ മാറി വെള്ളമണൽ തെളിഞ്ഞു. അടുത്ത മാസം ആദ്യം ആരംഭിക്കുമെന്നു കരുതുന്ന സീസൺ മുന്നിൽ കണ്ട് തീരത്ത് സഞ്ചാരികൾക്കായി വർണക്കുടകൾ ഉയർന്നു. ഏതാനും സഞ്ചാരികളും എത്തി. മിക്ക ഹോട്ടലുകളിലേക്കും മുൻകൂർ ബുക്കിങ് ആരംഭിച്ചതായി ടൂർ ഓപ്പറേറ്റർമാർ പറഞ്ഞു. ദീപാവലി അവധി ആഘോഷത്തിനു വടക്കേ ഇന്ത്യൻ സഞ്ചാരികളും എത്തിത്തുടങ്ങിയിട്ടുണ്ട്. ബീച്ചിലെ റസ്റ്ററന്റുകൾ, വസ്ത്രവിൽപന, കരകൗശല ഉൽപന്ന കടകളടക്കം തുറന്നു.
മുന്നൊരുക്കമില്ല
സീസണോടനുബന്ധിച്ചു തീരത്ത് മുന്നൊരുക്കമായില്ല. രാത്രി വെളിച്ചമില്ലെന്നതാണ് കോവളം തീരത്തെ പ്രധാന പ്രശ്നം. നടപ്പാതയിലെയും ഇടവഴികളിലെയും വഴിവിളക്കുകളൊന്നും തെളിയുന്നില്ല. 5 ലക്ഷത്തോളം രൂപ മുടക്കി 4 മാസം മുൻപ് സ്ഥാപിച്ച പുത്തൻ വിളക്കുകളാണ് കത്തിയതിനു പിന്നാലെ മിഴിയടച്ചത്. കടൽക്ഷോഭത്തിൽ തകർന്ന കൈവരികൾ പുനഃസ്ഥാപിച്ചിട്ടില്ല. മുൻപ് ഉന്നതതല യോഗം ചേരുമായിരുന്നു. കുറെകാലമായി ഇത്തരം യോഗങ്ങളൊന്നും ചേരാറില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.