സ്നേഹം, ‘അതിരില്ലാതെ’; അതിർത്തി ഗ്രാമങ്ങളിൽ മനസ്സുകൊണ്ട് ഇന്നും മലയാളികളായി കഴിയുന്നവർ ഒട്ടേറെ
Mail This Article
തിരുവനന്തപുരം ∙ കുന്നത്തുകാൽ ഗവ.യുപിഎസിലെ കുട്ടികൾ കേരളത്തിലെ ക്ലാസ് മുറിയിലിരുന്നു പഠിക്കും. യുവജനോത്സവത്തിനു പരിപാടി അവതരിപ്പിക്കാൻ തമിഴ്നാട്ടിലെ ഓഡിറ്റോറിയത്തിലേക്കു പോകും. അധ്യാപകർ ഇരിക്കുന്ന ഓഫിസ് മുറി കേരളത്തിൽ. ഐടി ലാബിലേക്കു കുട്ടികളെ കൊണ്ടു പോകുന്നത് തമിഴ്നാട്ടിൽ. കുട്ടികൾക്കു ശുചിമുറിയിൽ പോകാനും തമിഴ്നാട്ടിലേക്കു നടക്കണം. തമിഴ്നാട്ടിലെ കിച്ചൻ ബ്ലോക്കിൽ നിന്നാണ് ഉച്ചഭക്ഷണം തയാറാക്കി കേരളത്തിലേക്ക് എത്തിക്കുന്നത്. ഒരേ മതിൽക്കെട്ടിനുള്ളിൽ, ഒരേ കെട്ടിടം തന്നെ കേരളത്തിന്റെ അതിർത്തി പിന്നിട്ടു തമിഴ്നാട്ടിലേക്കു നീളുന്നു ഇവിടെ.
കുന്നത്തുകാൽ സ്കൂളിനു സമീപത്തെ കാരക്കോണം പിപിഎം എച്ച്എസിൽ കേരളത്തിൽ പഠിക്കുന്ന കുട്ടികൾക്കു കളിക്കാൻ മൈതാനത്തിൽ പോകണമെങ്കിൽ തമിഴ്നാട് അതിർത്തി റോഡ് മുറിച്ചു കടക്കണം. അപൂർവം ചില വീടുകൾ തന്നെ കേരള– തമിഴ്നാട് അതിർത്തികൾ പങ്കിടുന്നതും ഇവിടെ കാണാം. മലയാളികൾ ഭാഷാ ന്യൂനപക്ഷമായതിന്റെ പേരിലാണ് തിരുവിതാംകൂറിന്റെ മണ്ണിൽ നിന്നു കൽക്കുളം, അഗസ്തീശ്വരം, വിളവൻകോട്, തോവാള എന്നീ താലൂക്കുകളെ കന്യാകുമാരി ജില്ലയാക്കി തമിഴ്നാടിന്റെ ഭാഗമാക്കിയത്. നെയ്യാറ്റിൻകര താലൂക്കിനു വേണ്ടിയും തമിഴ് വാദികൾ ശക്തമായി ആവശ്യപ്പെട്ടെങ്കിലും കേരളം അതിനു വഴങ്ങിയില്ല. തമിഴ്നാടിന്റെ ഭാഗമായെങ്കിലും ഇന്നും മനസ്സു കൊണ്ട് മലയാളിയെന്ന് അവകാശപ്പെടുകയും കേരളത്തെ സ്നേഹിക്കുകയും ചെയ്യുന്നവരാണ് കന്യാകുമാരി ജില്ലയിലെ ലക്ഷക്കണക്കിനു പേർ. കേരളപ്പിറവിക്ക് ഇന്ന് 68 വയസ്സ്.
അതിർത്തികൾ മാറി മറിയുന്ന യാത്ര
ദേശീയപാതയിൽ പാറശാലയിൽ നിന്നോ അമരവിളയിൽ നിന്നോ വെള്ളറട വഴി മലയോര പാതയിലൂടെ യാത്ര ചെയ്യുന്നവർ ഒരേ സമയം കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിലൂടെയും ഇടയ്ക്കു കേരളത്തിന്റെ മാത്രം റോഡിലൂടെയും ചിലപ്പോൾ തമിഴ്നാടിന്റെ മാത്രം റോഡിലൂടെയും സഞ്ചരിക്കേണ്ടി വരും. റോഡിന്റെ പരിപാലനം കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പാണെങ്കിലും ഉടമസ്ഥത ചിലയിടങ്ങളിൽ കേരളത്തിനും മറ്റിടങ്ങളിൽ തമിഴ്നാടിനും അവകാശപ്പെട്ടതാണ്.
റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഇരുവശത്തുമായി ഉയർന്നു നിൽക്കുന്ന വൈദ്യുതിത്തൂണും നീണ്ടു കിടക്കുന്ന വൈദ്യുതിക്കമ്പിയും നോക്കി അതിർത്തി തിരിച്ചറിയാം. ഇരുവശത്തും ഇവയുണ്ടെങ്കിൽ അത് അതിർത്തി പങ്കിടുന്ന റോഡ് ആകും. രാത്രി റോഡിന്റെ ഇരു വശത്തും തെരുവു വിളക്കുണ്ടെങ്കിൽ അത് അതിർത്തി റോഡ് ആണ്. കേരളത്തിൽ വൈദ്യുതി മുടങ്ങിയാലും തമിഴ്നാടിന്റെ ഭാഗത്തു വഴിവിളക്ക് തെളിഞ്ഞു നിൽക്കും; തിരിച്ചും.
ഓട്ടോറിക്ഷയിലുണ്ട് സംസ്ഥാനം
പുലിയൂർശാല ജംക്‌ഷനിലെ ഓട്ടോ സ്റ്റാൻഡിൽ സത്യശീലന്റെ ഓട്ടോറിക്ഷ കറുപ്പ് നിരത്തിൽ മഞ്ഞ ബോർഡറോടു കൂടിയതാണ്. കേരള റജിസ്ട്രേഷനും പെർമിറ്റും. വിനോദിന്റെ ഓട്ടോറിക്ഷ പൂർണമായും മഞ്ഞ നിറത്തിൽ. തമിഴ്നാട് റജിസ്ട്രേഷനും പെർമിറ്റും. എല്ലാം ഒരേ സ്റ്റാൻഡിൽ ഓട്ടത്തിന് ക്യൂവിൽ കിടക്കുന്നു. ക്യൂവിന്റെ ഇടതുവശം തമിഴ്നാടും വലതു വശം കേരളവുമാണ്. റോഡ് കേരളത്തിന്റെ അധികാരത്തിലും. ‘തമിഴ്നാട്ടിൽ നിന്ന് അസുഖവുമായെത്തുന്നവരെ വെള്ളറട ആശുപത്രിയിലെത്തിക്കാൻ പെർമിറ്റ് നോക്കി നിന്നിട്ടു കാര്യമില്ലല്ലോ.
അത്യാവശ്യങ്ങൾക്ക് ഏതാനും കിലോമീറ്റർ അപ്പുറത്തേക്കും ഇപ്പുറത്തേക്കും ഞങ്ങൾ പെർമിറ്റ് നോക്കാതെ ഓട്ടം പോകാറുണ്ട്. പൊലീസ് സ്റ്റേഷനിലും ഞങ്ങൾ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എങ്കിലും ചിലപ്പോൾ മോട്ടർ വാഹന വകുപ്പ് പരിശോധന നടത്തി പിഴ ചുമത്തും. അതിർത്തിയായതിനാൽ ഇളവു നൽകണമെന്നാണു ഞങ്ങളുടെ ആവശ്യം–’ വിനോദ് പറയുന്നു. അതിർത്തിയിലുടനീളം ഓട്ടോറിക്ഷ സ്റ്റാൻഡുകളിൽ ഇങ്ങനെ തമിഴ്നാട്, കേരള പെർമിറ്റുള്ള ഓട്ടോകൾ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്.
അതിർത്തിക്കച്ചവടം
‘പെട്രോളിനും ഡീസലിനും വമ്പൻ വിലക്കുറവ്’ – എന്നെഴുതിയ ഫ്ലെക്സ് അതിർത്തിയിലെ ചില പെട്രോൾ പമ്പുകളിൽ കാണാം. അതു തമിഴ്നാട്ടിലെ പമ്പുകളാണ്. ഇന്ധനത്തിനു കേരളത്തെക്കാൾ വില കുറവായതിനാൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ ഇവിടെയെത്തി ഇന്ധനം നിറയ്ക്കും. അതിർത്തിയിലൂടെ പോകുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകളിലാണ് മലയാളി സ്ത്രീകൾ കയറുക. തമിഴ്നാട് സർക്കാർ സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിച്ചതിനാൽ ടിക്കറ്റ് എടുക്കേണ്ട. അതേസമയം, തമിഴ്നാട്ടിൽ നിന്നുള്ളവർ കൂട്ടത്തോടെ കേരളത്തിലേക്കും എത്തും, ലോട്ടറി ടിക്കറ്റ് വാങ്ങാൻ.
കേരള അതിർത്തിയിലുള്ള കടകളിൽ ലോട്ടറിക്കു ചെലവു കൂടുതലാണ്. ഭാഗ്യാന്വേഷികളായ തമിഴ്നാട്ടുകാർക്കു വേണ്ടി എല്ലാ ജില്ലകളിലെയും സീരിയൽ നമ്പറുള്ള ടിക്കറ്റുകൾ ഇവിടെ വിൽപനയ്ക്കു തയാർ. എല്ലാ മാസവും ഒന്നാം തീയതിയും ശ്രീനാരായണ ഗുരു ജയന്തി, സമാധി തുടങ്ങിയ അവധി ദിനങ്ങളിലും തമിഴ്നാട്ടിലേക്കു മലയാളികളുടെ ഒരു കുതിപ്പുണ്ട്– മദ്യം വാങ്ങാൻ. കേരളത്തിലെ പല അവധി ദിവസങ്ങളിലും തമിഴ്നാട്ടിലെ ടാസ്മാക് ഷോപ്പുകളിൽ മദ്യം ലഭിക്കും!
മനസ്സുകൊണ്ട് മലയാളികൾ
തമിഴ്നാട്ടിലെ കുഞ്ചാലുവിളയിലാണ് കൈതച്ചക്ക തോട്ടത്തിൽ ജോലിക്കു പോകുന്ന രതീഷിനെ (32) കണ്ടത്. ‘പിറുത്തിപ്പണിക്കു (കൈതച്ചക്കയുടെ ജോലി) പോണതാണ്. തിരുവനന്തപുരത്തും സൗദിയിലുമെല്ലാം ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് ചെല്ലുമ്പോ ഞങ്ങളെ തമിഴ്നാട്ടുകാരെന്ന് വിളിക്കും. ഞങ്ങൾ മലയാളികളാണ്. അച്ഛൻ വിജയൻ കുഞ്ചാലുവിളയിൽ ജനിച്ചു വളർന്നതാണ്. അമ്മ രാജം കുലശേഖരത്തുകാരിയാണ്. അമ്മയ്ക്ക് ഇപ്പോഴും തമിഴ് നന്നായി അറിയില്ല. വീട്ടിൽ മലയാളം മാത്രമേ സംസാരിക്കൂ–’ രതീഷിന് കേരളത്തിൽ നിന്നെത്തിയ മലയാളികളെ കണ്ടതിന്റെ ആനന്ദം.
‘തമിഴ് സ്കൂളിൽ പഠിച്ചതു കൊണ്ട് മലയാളം എഴുതാനും വായിക്കാനും അറിയില്ല. പക്ഷേ, മലയാളി എന്നു പറയുന്നതാണ് എനിക്കിഷ്ടം–’ രതീഷിന്റെ അഭിമാനബോധം. സംസ്ഥാനം വിഭജിച്ച്, എല്ലാം തലയ്ക്കുമേലെ ആയിക്കഴിഞ്ഞതു കൊണ്ട് ഇനി പറഞ്ഞിട്ടു കാര്യമില്ലെന്ന നിരാശയും രതീഷിനുണ്ട്. രതീഷിനെ പോലെ തന്നെയാണ് കന്യാകുമാരി ജില്ലയിലെ ഭൂരിഭാഗം മലയാളികളും ഇന്നും ജീവിക്കുന്നത്. തമിഴ് പഠിക്കുന്നതു നിർബന്ധമായതു കൊണ്ട് ഭൂരിഭാഗം പേരും കുട്ടികളെ മലയാളം പഠിപ്പിക്കാറില്ല. പക്ഷേ, വീട്ടിൽ മലയാളം സംസാരിക്കുകയും മലയാളിയാണെന്ന ബോധം കുട്ടികളിൽ വളർത്തുകയും ചെയ്യുന്നവരാണ് ഇവർ. പണ്ട് അതിർത്തി നിർണയത്തിൽ വേർപെട്ടു പോയതു കൊണ്ടു മാത്രം കേരളത്തെ മനസ്സിൽ നിന്നു വിട്ടു കളയാൻ ഇവർക്കാകുന്നില്ല.