കിണറ്റിൽ വീണ വയോധികയെ സാഹസികമായി രക്ഷപ്പെടുത്തി യുവാവ്
Mail This Article
തിരുവനന്തപുരം∙ 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ വയോധികയെ സാഹസികമായി രക്ഷപ്പെടുത്തി ബന്ധുവായ യുവാവ്. നാലാഞ്ചിറ അമ്പനാട് ലാൽ ഭവൻ കെആർഎ 124ൽ രാധയെയാണ് (70) ആര്യനാട് സ്വദേശിയും സിവിൽ ഡിഫന്റ്സ് വൊളയിന്റിയറുമായ വി.എസ്.വൈശാഖ് രക്ഷപ്പെടുത്തിയത്. വൈശാഖിന്റെ ഭാര്യയുടെ പിതാവിന്റെ അമ്മയാണ് രാധ. നാലാഞ്ചിറയിലെ വീട്ടിൽ ഇന്നലെ രാവിലെ 6ന് ആയിരുന്നു അപകടം. ഉറക്കം എഴുന്നേറ്റ് പുറത്തിറങ്ങിയ രാധ, വാതിലിനു സമീപം മുട്ടിനു താഴെ മാത്രം പൊക്കമുള്ള ആൾ മറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. ഫയർഫോഴ്സിൽ വിവരം അറിയിച്ച ശേഷം വൈശാഖ് കയറിൽ തൂങ്ങി കിണറ്റിൽ ഇറങ്ങി.
20 അടിയോളം ആഴമുള്ള വെള്ളത്തിലേക്കു മുങ്ങിതാഴ്ന്ന രാധയെ ഉയർത്തി ഫയർഫോഴ്സ് വരുന്നതുവരെ വൈശാഖ് കാത്തുകിടന്നു. പിന്നീട് ചെങ്കൽചൂള സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തി നെറ്റ് ഉപയോഗിച്ച് രാധയെ പുറത്തെടുത്തു ആംബുലൻസിൽ കയറ്റിൽ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചു. കാര്യമായ പരുക്ക് ഇല്ലാത്തതിനാൽ പിന്നീട് ആശുപത്രിയിൽ നിന്നു വിട്ടയച്ചു. സിവിൽ ഡിഫന്റ്സ് വൊളന്റിയർ പരിശീലനത്തിന്റെ കരുത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നു വൈശാഖ് പറഞ്ഞു. ഡിവൈഎഫ്ഐ ഉഴമലയ്ക്കൽ ലോക്കൽകമ്മിറ്റി അംഗം ആണ്.