‘അവധി ദിവസങ്ങളിലെ തിരക്ക്: പ്രത്യേക ട്രെയിനുകൾ വേണം’
Mail This Article
നാഗർകോവിൽ∙ ദീപാവലി ആഘോഷം പോലുള്ള തുടർ അവധി ദിവസങ്ങളിൽ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ കന്യാകുമാരിയിൽ നിന്ന് കൂടുതൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തമെന്നാവശ്യമുയരുന്നു. തമിഴ്നാട്ടിൽ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കും, വിദ്യാർഥികൾക്കും തുടർച്ചയായി 4 ദിനങ്ങൾ അവധി ലഭിച്ചിരുന്നു. അവധി അവസാനിച്ച് കന്യാകുമാരി ജില്ലയിൽ നിന്നുള്ളവർ ചെന്നൈ, ബെംഗളൂരു ഉൾപ്പെടെയുള്ള ഇതര ജില്ലകളിലേക്ക് പോകുന്നതിനായി എത്തിയതിനെത്തുടർന്ന് നാഗർകോവിൽ (കോട്ടാർ) ജംക്‌ഷൻ റെയിൽവേ സ്റ്റേഷൻ, വടശ്ശേരി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഞായറാഴ്ച വൈകിട്ട് വൻ തിരക്കായിരുന്നു.
ദീപാവലിയോടനുബന്ധിച്ച് ദക്ഷിണ റെയിൽവേ കൂടുതൽ പ്രത്യേക ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും അവയിലെല്ലാം റിസർവേഷൻ അവസാനിച്ചിരുന്നു. നാഗർകോവിലിൽ നിന്ന് യാത്ര തിരിച്ച വന്ദേഭാരത്, അന്ത്യോദയ, കന്യാകുമാരി എക്സ്പ്രസ് മറ്റു പ്രത്യേക ട്രെയിനുകളിൽ എല്ലാം യാത്രക്കാർ ഏറെയായിരുന്നു. നാഗർകോവിൽ ടൗൺ റെയിൽവേ സ്റ്റേഷനിലും നല്ല തിരക്ക് അനുഭവപ്പെട്ടു. നാഗർകോവിലിൽ നിന്ന് ചെന്നൈ, കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, സേലം, തഞ്ചാവൂർ, ഇൗറോഡ് എന്നിവിടങ്ങളിലേക്ക് നൂറോളം പ്രത്യേക ബസുകൾ തമിഴ്നാട് സർക്കാർ ട്രാൻസ്പോർട് കോർപറേഷൻ ഏർപ്പെടുത്തിയിരുന്നു. ഇവയിലെല്ലാം യാത്രക്കാരുടെ വൻതിരക്കായിരുന്നു.