ബിരുദത്തിന് ചേരാൻ ആളില്ലെന്ന പേരിൽ നടക്കുന്നത് വസ്തുതകൾ മനസ്സിലാക്കാതെയുള്ള പ്രചാരണം: മന്ത്രി
Mail This Article
തിരുവനന്തപുരം∙ ബിരുദത്തിന് ചേരാൻ ആളില്ലെന്ന പേരിൽ നടക്കുന്നത് വസ്തുതകൾ മനസ്സിലാക്കാതെയുള്ള പ്രചാരണമെന്ന് മന്ത്രി ആർ.ബിന്ദു. കേവലം 4 സർവകലാശാലകളിലെ അഫിലിയേറ്റഡ് കോളജുകളുടെ കണക്ക് ഉയർത്തി കാട്ടിയാണ് തെറ്റിദ്ധാരണ പരത്തുന്നത്. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ മാത്രമല്ല വിദ്യാർഥികൾ പഠിക്കുന്നത്. വിവിധ സിലബസുകളിലായി ഈ വർഷം 3,53,195 വിദ്യാർഥികളാണു പ്ലസ് ടു പരീക്ഷ വിജയിച്ചതെന്ന് മന്ത്രി പറഞ്ഞു.
കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, സാങ്കേതിക സർവകലാശാലയിൽ മാത്രം 2,67,565 സീറ്റുകൾ ഉണ്ട്. ഇതോടൊപ്പം പോളിടെക്‌നിക്, നിയമം, വിദൂര വിദ്യഭ്യാസം, കുസാറ്റ്, മലയാളം, സംസ്‌കൃതം, ന്യുയാൽസ് അടക്കം ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് ചേർന്നു നിൽക്കുന്ന സ്ഥാപനങ്ങളിൽ തന്നെ മൂന്നു ലക്ഷത്തോളം സീറ്റുകളുണ്ട്. ഇതിനു പുറമേയാണ് മെഡിക്കൽ - പാരാ മെഡിക്കൽ മേഖലകളിലടക്കമുള്ള സീറ്റുകൾ. വിവിധ മേഖലകളിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തിയായിട്ടില്ല. നിലവിൽ ലഭ്യമായ കണക്കുപ്രകാരം 2,65,927 വിദ്യാർഥികൾ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയിട്ടുണ്ട്. കേരളത്തിലെ കേന്ദ്ര സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.