വിദേശയാത്രകൾ കൂടി; പാസ്പോർട്ടിന് വൻ തിരക്ക്, ഒരു ദിവസം അച്ചടിച്ച് അയയ്ക്കുന്നത് 900 പാസ്പോർട്ടുകള്
Mail This Article
തിരുവനന്തപുരം ∙ പഠനത്തിനായി കുട്ടികൾ വിദേശത്തേക്കു പോകുന്നതും കുടുംബസമേതമുള്ള വിനോദയാത്രകളും കാരണം തിരക്കേറി പാസ്പോർട്ട് വിതരണം. മുൻപ് തൽക്കാൽ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്ക് പാസ്പോർട്ട് സേവാകേന്ദ്രത്തിൽ രേഖകളുടെ പരിശോധനയ്ക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അവസരം ലഭിക്കുമായിരുന്നു. എന്നാൽ, അടിയന്തര ആവശ്യങ്ങൾക്കു വേണ്ടി തൽക്കാൽ മാർഗത്തിലൂടെ അപേക്ഷിച്ചാൽ 4 മുതൽ ഒരാഴ്ച വരെ നീളുകയാണിപ്പോൾ. ഇതുകാരണം പെട്ടെന്നു വിദേശയാത്രയ്ക്കു പോകേണ്ടവർ ബുദ്ധിമുട്ടിലാകുന്നുവെന്നാണു പരാതി. എന്നാൽ, അടിയന്തരമായി പാസ്പോർട്ട് വേണ്ടവർ പാസ്പോർട്ട് ഓഫിസിലെത്തി കാരണം ബോധിപ്പിച്ചാൽ പരിഹാരം കാണാൻ സൗകര്യമരുക്കിയിട്ടുണ്ടെന്നു പാസ്പോർട്ട് ഓഫിസ് അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം, നെയ്യാറ്റിൻകര, കൊല്ലം പാസ്പോർട്ട് സേവാകേന്ദ്രങ്ങളാണു തിരുവനന്തപുരം പാസ്പോർട്ട് ഓഫിസിനു കീഴിൽ പ്രവർത്തിക്കുന്നത്. ഒരു ദിവസം 900 പാസ്പോർട്ടുകളാണ് തിരുവനന്തപുരം പാസ്പോർട്ട് ഓഫിസിൽ അച്ചടിച്ചു തപാലിൽ അയയ്ക്കുന്നത്. തൽക്കാലിൽ അപേക്ഷിക്കുന്നവർക്ക് പാസ്പോർട്ട് സേവാ കേന്ദ്രത്തിലെത്തിലെ രേഖകളുടെ പരിശോധന പൂർത്തിയാക്കിയ ഉടൻ തന്നെ പാസ്പോർട്ട് അച്ചടിച്ചു തപാലിൽ അയയ്ക്കും. പിറ്റേന്നോ മൂന്നാം ദിവസമോ പാസ്പോർട്ട് ലഭിക്കുന്ന വിധത്തിലാണു ക്രമീകരണം .
തൽക്കാലിലല്ലാതെ അപേക്ഷിച്ചാൽ ഒരു മാസം കഴിഞ്ഞുള്ള തീയതിയാണ് അപേക്ഷകളുടെ പരിശോധയ്ക്കായി അനുവദിക്കുന്നത്. അതു കഴിഞ്ഞു പൊലീസ് പരിശോധന കൂടി പൂർത്തിയാക്കിയാലേ പാസ്പോർട്ട് അച്ചടിച്ച് അയയ്ക്കൂ. മുൻപ് സംസ്ഥാനത്തിനകത്തും പുറത്തുമായായിരുന്നു പലരും വിനോദയാത്ര പോയിരുന്നതെങ്കിൽ ഇപ്പോൾ പലരും യാത്ര വിദേശത്തേക്കാക്കി. ഇതാണ് പാസ്പോർട്ട് അപേക്ഷകരുടെ തിരക്കു കൂടാൻ മുഖ്യ കാരണം. ഓണാവധിക്കായിരുന്നു വൻ തിരക്ക്. അന്നത്തെ തിരക്കു കാരണമുണ്ടായ അപേക്ഷകരുടെ ആധിക്യമാണ് ഇപ്പോഴും ടോക്കൺ ലഭിക്കുന്നതിനു കാലതാമസമുണ്ടാക്കുന്നത്. മുൻകൂട്ടി പാസ്പോർട്ട് എടുക്കുകയാണ് ഓട്ടപ്പാച്ചിൽ ഒഴിവാക്കാനുള്ള പ്രധാന പരിഹാരം.