മൃഗശാലയിലേക്ക് 9 അംഗങ്ങൾകൂടി; കഴുതപ്പുലികൾ, കുറുനരികൾ, മുതലകൾ തുടങ്ങിയവയെത്തി
Mail This Article
തിരുവനന്തപുരം ∙ മൃഗശാലയിലേക്ക് 9 പുതിയ അതിഥികൾ എത്തി. 21 ദിവസത്തെ ക്വാറന്റീനു ശേഷം കാഴ്ചക്കാർക്ക് കാണാൻ സാധിക്കും. കർണാടകയിലെ ശിവമോഗ സുവോളജിക്കൽ പാർക്കിൽ നിന്ന് അനിമൽ എക്സ്ചേഞ്ച് വഴിയാണ് മൃഗങ്ങളെ എത്തിച്ചത്. മൂന്നു കഴുതപ്പുലികൾ, രണ്ടു കുറുനരികൾ, രണ്ട് മാർഷ് മുതലകൾ, രണ്ടു മരപ്പട്ടികൾ എന്നിവയാണ് ഇന്നലെ മൃഗശാലയിൽ കൊണ്ടു വന്നത്.ആരോഗ്യ പരിശോധനകൾക്ക് ശേഷം മൃഗങ്ങളെ ആശുപത്രിയോടനുബന്ധിച്ചുള്ള ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി. നിലവിൽ ഇവയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ അറിയിച്ചു.പുതിയ മൃഗങ്ങൾ കൂടി വന്നതോടെ ലാർജ് സൂ ഗണത്തിൽപ്പെടുന്ന മൃഗശാലയിലെ ജീവികളുടെ എണ്ണം 94 ആയി. ഇവയ്ക്ക് പകരമായി 4 റിയ പക്ഷികൾ, 6 സൺ കോണ്വർ തത്തകൾ, രണ്ടു മീൻ മുതലകൾ, ഒരു കഴുതപ്പുലി, നാല് മുള്ളൻ പന്നികൾ എന്നിവ ശിവമോഗ സുവോളജിക്കൽ പാർക്കിലേക്ക് നൽകും.
അനാക്കോണ്ട ഉൾപ്പെടെ പിന്നാലെ
ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് ഒരു സിംഹം, രണ്ടു ചെന്നായ്ക്കൾ, രണ്ടു വെള്ള മയിലുകൾ, ആറ് മഞ്ഞ അനാക്കോണ്ട എന്നിവയെ എത്തിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്ന് ഡയറക്ടർ മഞ്ജുളാദേവി അറിയിച്ചു. എക്സ്ചേഞ്ച് നടപടികളിലൂടെയാകും ഇവയെ തലസ്ഥാന മൃഗശാലയിൽ എത്തിക്കുക. ഇതിനു പുറമേ വിദേശത്ത് നിന്നു ജിറാഫ്, സീബ്രാ എന്നിവയെ എത്തിക്കാനുള്ള നടപടികളും പൂർത്തിയായി വരുന്നു. ഈ മൃഗങ്ങൾ കൂടി എത്തുന്നതോടെ മൃഗശാലയിലെ ജീവികളുടെ എണ്ണം നൂറ് കവിയും.