വിശ്വാസ സാഗരം സാക്ഷി; വെട്ടുകാട് തിരുനാളിന് കൊടിയേറി
Mail This Article
തിരുവനന്തപുരം∙ വിശ്വാസ സാഗരത്തെ സാക്ഷിയാക്കി വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ 82–ാമത് ക്രിസ്തു രാജത്വത്തിരുനാളിന് കൊടിയേറി. വികാരി ഫാ.വൈ.എം.എഡിസൻ ക്രിസ്തുരാജ പതാക ആശീർവദിച്ചു കൊടിയേറ്റ് കർമം നിർവഹിച്ചു. മന്ത്രിമാരായ ജി.ആർ.അനിൽ, പി.എ.മുഹമ്മദ് റിയാസ്, ആന്റണി രാജു എംഎൽഎ, എം.വിൻസന്റ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ഡപ്യൂട്ടി മേയർ വി.കെ.രാജു തുടങ്ങിയവർ പങ്കെടുത്തു.
വൈകിട്ട് നടന്ന പൊന്തിഫിക്കൽ കുർബാനയ്ക്കു തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ആർ. ക്രിസ്തുദാസ് മുഖ്യ കാർമികത്വം വഹിച്ചു. പ്രത്യാശ നൽകുന്ന സാന്ത്വനവും ആശ്വസവും വലുതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷ നഷ്ട്ടപ്പെടുമ്പോഴാണു നിരാശയുണ്ടാകുന്നത്. ദൈവത്തോടുള്ള വളരെ ആഴമേറിയ വിശ്വാസത്തിൽ നിന്നാണു പ്രത്യാശയുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തുടർന്നു പ്രാർഥനാ നിർഭരവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തിൽ മാലാഖ കുഞ്ഞുങ്ങളുടെയും പതാക വാഹകരുടെയും കൊമ്പ്രിയ സഭാ അംഗങ്ങളുടെയും അകമ്പടിയോടെ പതാക പ്രദക്ഷിണം ദേവാലയത്തിനുള്ളിൽ പ്രവേശിച്ചു. ആ പുണ്യ നിമിഷത്തിൽ സഭയെ പരിപാലിക്കുകയും നയിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മ ചൈതന്യം പതാകയിലും സന്നിഹിതരായിരിക്കുന്ന എല്ലാവരിലും കടന്നുവരുന്നതിനായി ‘വേനി ക്രയാത്തോർ സ്പിരിത്തൂസ്’ എന്ന് തുടങ്ങുന്ന ലത്തീൻ ഗാനം ഇടവക ഗായകസംഘം ആലപിച്ചു.
അൾത്താരയിലെ പരിശുദ്ധ ബലി പീഠത്തിൽ വികാരി ക്രിസ്തുരാജ പതാക ആശീർവദിച്ച് ക്രിസ്തുരാജ തിരുസന്നിധിയിൽ സമർപ്പിച്ചു. തുടർന്ന് പതാകപ്രദക്ഷിണം കൊടിയേറ്റ് വേദിയിലേക്കു നീങ്ങി. ഗായക സംഘം ഗാനങ്ങൾ ആലപിച്ചു. നൃത്ത പരിപാടികളും അരങ്ങേറി. വികാരി മാലാഖമാരിൽ നിന്നു പതാക ഏറ്റുവാങ്ങി പ്രത്യേകം അലങ്കരിച്ച പീഠത്തിൽ പ്രതിഷ്ഠിച്ചു.
സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് ‘രാജാക്കന്മാരുടെ രാജാവേ’ എന്ന ഗാനം ആലപിച്ചു. ദേവാലയ അങ്കണത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു ക്രിസ്തുരാജന്റെ രാജത്വം വിളംബരം ചെയ്യുന്ന കൊടിയേറ്റ് കർമം. സഹവികാരിമാരുടെയും ഇടവക ഭരണസമിതി അംഗങ്ങളുടെയും സാന്നിധ്യത്തിൽ നാമെല്ലാവരും സഹോദരനന്മക്കായി പ്രവർത്തിക്കാമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ട് വികാരി കൊടിയേറ്റി.